എബോളയ്ക്ക് സമാനമായ ചപാരെ വൈറസ് മനുഷ്യര്‍ക്കിടയില്‍ പകരുമെന്ന് കണ്ടെത്തി
Mail This Article
എബോളയ്ക്ക് സമാനമായ ചപാരെ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) കണ്ടെത്തി.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളീവിയയില്‍ 2004ലാണ് ചപാരെ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. ബോളീവിയയുടെ തലസ്ഥാനമായ ലാപാസിന് സമീപമുള്ള ചപാരെ എന്ന സ്ഥലത്താണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
2019ല്‍ രണ്ട് രോഗികളില്‍ നിന്ന് മൂന്ന് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് ചപാരെ വൈറസ് പരന്നിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഒരു രോഗിയും മരണപ്പെട്ടു.
വൈറസിന്റെ ഉറവിടം എലികളാണെന്ന് സംശയിക്കുന്നു. എലികളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നതാകാം. എബോള വൈറസ് രോഗം പരത്തുന്ന അറീനവൈറസ് കുടുംബത്തില്‍ പെട്ട വൈറസാണ് ചപാരെ ഹെമറേജിക് ഫീവര്‍ ഉണ്ടാക്കുന്നത്.
എബോളയെ പോലെ മസ്തിഷ്‌ക ജ്വരത്തിന് ചപാരെ വൈറസ് കാരണമാകുന്നു. പനി, വയറുവേദന, ഛര്‍ദ്ദി, ചര്‍മ പ്രശ്‌നങ്ങള്‍, കണ്ണുകള്‍ക്ക് പിന്നില്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങളും ഇതു മൂലം ഉണ്ടാകാം. വൈറസ് ബാധയേറ്റ് നാലു മുതല്‍ 21 വരെ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുമെന്ന് സിഡിസി വെബ്‌സൈറ്റ് വിശദീകരിക്കുന്നു.
കോവിഡിനെ പോലെ ചപാരെ വൈറസിനും കൃത്യമായ ചികിത്സയോ വാക്‌സീനോ ഇതേ വരെ കണ്ടെത്തിയിട്ടില്ല. കുറച്ച് വര്‍ഷങ്ങളായി ചപാരെ വൈറസ് ബോളീവിയയില്‍ പരക്കുന്നുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ലക്ഷണങ്ങളില്‍ സമാനതയുള്ളതിനാല്‍ ഇത് ബാധിച്ചവര്‍ക്ക് ഡെങ്കിപ്പനിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ചെറിയ ചെവികളുള്ള പിഗ്മി എലികളെ സാധാരണയായി കണ്ടു വരുന്ന തെക്കേ അമേരിക്കയിലെ ചില ഭാഗങ്ങളില്‍ വൈറസിന്റെ അപകട സാധ്യത കൂടുതലാണെന്നും സിഡിസി മുന്നറിയിപ്പ് നല്‍കുന്നു.
English Summary : Chapare virus