കോവിഡ് രോഗിക്ക് ഓക്‌സിജന്‍ ആവശ്യമായി വരുന്നത് എപ്പോള്‍ ?

Mail This Article
കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെടുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗത്തു നിന്ന് കേള്‍ക്കുന്നത്. കോവിഡിന്റെ പൊതുവായ ലക്ഷണങ്ങളില്‍ ഒന്നാണ് ശ്വാസംമുട്ടല്‍. എന്നാല്‍ ശ്വസനപ്രശ്‌നങ്ങളുള്ള എല്ലാ കോവിഡ് രോഗികളെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. കോവിഡ് രോഗികള്‍ക്കെല്ലാവര്‍ക്കും ഓക്‌സിജന്‍ തെറാപ്പി നിര്‍ബന്ധവുമല്ല. കോവിഡ് വന്ന എല്ലാവരും ഓക്‌സിജന്‍ സിലണ്ടറുകള്‍ വാങ്ങി കൂട്ടുന്നതും ആശുപത്രിയില്‍ പോയി അഡ്മിറ്റ് ആകുന്നതും അത് യഥാര്‍ഥത്തില്‍ ആവശ്യമുള്ളവര്‍ക്ക് ലഭിക്കാതിരിക്കാന്‍ ഇടയാക്കും.
ശ്വാസംമുട്ടലും ഓക്‌സിജന്‍ തോതിലെ ഏറ്റക്കുറച്ചിലുകളും ആശങ്കപ്പെടേണ്ട വിഷയങ്ങള്‍ തന്നെയാണെങ്കിലും എല്ലാ കേസിലും ആശുപത്രി പ്രവേശനം വേണ്ടി വരില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു കോവിഡ് രോഗിക്ക് എപ്പോഴാണ് ശരിക്കും ഓക്‌സിജന്‍ പിന്തുണയും ആശുപത്രി പരിചരണവും ആവശ്യമായി വരുന്നതെന്ന് അറിഞ്ഞിരിക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണ്.
രക്തത്തിലെ ഓക്‌സിജന്‍ വാഹകരായ ഹീമോഗ്ലോബിന്റെ ശതമാനക്കണക്കാണ് ഓക്‌സിജന്‍ സാച്ചുറേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. 94 നും 100നും ഇടയ്ക്കുള്ള ഓക്‌സിജന്‍ തോത് ആരോഗ്യകരമായി കരുതുന്നു. ശ്വാസകോശത്തിലും നെഞ്ചിലും കൊറോണ വൈറസ് ഉണ്ടാക്കുന്ന
അണുബാധ ഓക്‌സിജന്‍ നിറഞ്ഞ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നതിനെ ബാധിക്കാം. ഓക്‌സിജന്‍ റീഡിങ്ങ് 94ന് താഴേക്ക് പോകുമ്പോള്‍ മുതലാണ് രോഗിയും കൂടെയുള്ളവരും ജാഗ്രത പുലര്‍ത്തേണ്ടത്. ഓക്‌സിജന്‍ നില സ്ഥിരമായി 90ന് താഴെ കാണിക്കുന്നത് വൈദ്യസഹായം തേടണം എന്നതിനുള്ള മുന്നറിയിപ്പാണ്.
വീട്ടില്‍ വച്ച് നല്‍കുന്ന ഓക്‌സിജന്‍ തെറാപ്പിയും കമിഴ്ന്ന് കിടന്ന് ശ്വാസമെടുക്കാന്‍ ശ്രമിക്കുന്ന പ്രോണ്‍ ബ്രീത്തിങ്ങും ഓക്‌സിജന്‍ തോത് ഉയരാന്‍ സഹായിക്കും. ആദ്യം കമിഴ്ന്ന് കിടന്നും പിന്നെ വലത് വശം ചെരിഞ്ഞ് കിടന്നും തുടര്‍ന്ന് എഴുന്നേറ്റ് ഇരുന്നും വീണ്ടും ഇടത് വശം ചെരിഞ്ഞ് കിടന്നും ഒടുവില്‍ വീണ്ടും കമിഴ്ന്ന് കിടന്നും പ്രോണ്‍ ബ്രീത്തിങ്ങ് ചെയ്യാവുന്നതാണ്. ഒരു പോസിഷനില്‍ അരമണിക്കൂറിലധികം കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇതു കൊണ്ടൊന്നും ഓക്‌സിജന്‍ തോത് മെച്ചപ്പെടുന്നില്ലെങ്കിലോ അത് തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ 90ന് താഴെ തുടര്‍ന്നാലോ അടിയന്തിരമായ വൈദ്യസഹായം തേടാവുന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ് ചുണ്ടിന് വരുന്ന നീല നിറം. സയനോസിസ് എന്നറിയപ്പെടുന്ന ഈ ലക്ഷണം രക്തത്തിലെ ഓക്‌സിജന്‍ തോത് ഏറ്റവും കുറഞ്ഞിരിക്കുമ്പോഴാണ് കാണപ്പെടുന്നത്.
ഓക്‌സിജന്‍ തോത് കുറഞ്ഞിരിക്കുകയും എന്നാല്‍ ശ്വാസംമുട്ടലോ മറ്റ് പ്രശ്‌നങ്ങളോ ഒന്നും കാണപ്പെടുകയും ചെയ്യാത്ത ചില രോഗികളുണ്ട്. ഹാപ്പി ഹിപോക്‌സിയ എന്ന ഈ അവസ്ഥയും അപകടരമാണ്. ഹാപ്പി ഹിപോക്‌സിയ വരുന്നവര്‍ക്കും ചുണ്ടുകള്‍ നീല നിറമാകുമെന്നതിനാല്‍ അടിയന്തര വൈദ്യ സഹായം തേടാനുള്ള ലക്ഷണമായി ഇതിനെ കാണാം. താഴുന്ന ഓക്‌സിജന്‍ നിലയോടൊപ്പം നെഞ്ച് വേദന, കിതപ്പ്, ഉയര്‍ന്ന ശബ്ദത്തോട് കൂടിയ ശ്വാസമെടുപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലേക്ക് പോകാന്‍ വൈകരുത്.
Engish Summary : Low oxygen level? Know the signs you need medical help