ഹൃദ്രോഗമുള്ളവർക്കും കോവിഡ് വാക്സീൻ സ്വീകരിക്കാം; ഹൈപ്പോക്സിയ സൂക്ഷിക്കണം

Mail This Article
ഹൃദ്രോഗമുള്ളവർക്കും ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയമായവർക്കും കോവിഡ് വാക്സീൻ സ്വീകരിക്കാമെന്നു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും ലിസി ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൽറ്റന്റ് സർജനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ആൻജിയോപ്ലാസ്റ്റി ചെയ്തവർക്കും ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയമായവർക്കും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയവർക്കും മറ്റു സാധാരണ വ്യക്തികളെപ്പോലെ തന്നെ വാക്സീൻ സ്വീകരിക്കാമെന്നു മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഡോ. ജോസ് ചാക്കോ പറഞ്ഞു. ഹൃദയത്തിലെ വാൽവ് മാറ്റിവച്ചവർ രക്തത്തിന്റെ കട്ടി കുറയ്ക്കാൻ വാർഫറിൻ പോലുള്ള മരുന്നുകൾ കഴിക്കും. കുത്തിവയ്പ് എടുക്കുന്ന ഭാഗത്തു രക്തസ്രാവമുണ്ടാകാൻ ഇത് ഇടയാക്കാം. ഇത്തരം മരുന്നുകൾ കഴിക്കുന്നവർ വാക്സീൻ സ്വീകരിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടണം. വാക്സീൻ സ്വീകരിക്കുന്നതിനു 2 ദിവസം മുൻപു മരുന്നു നിർത്തുകയോ, മരുന്നു കഴിക്കുന്ന അളവിൽ വ്യതിയാനം വരുത്തുകയോ വേണ്ടിവന്നേക്കാം. കുത്തിവയ്പെടുക്കുന്ന ഭാഗത്തു കുറച്ചു നേരത്തേക്ക് അമർത്തിപ്പിടിക്കുന്നതും നല്ലതാണ് – ഡോക്ടർ പറഞ്ഞു.
ഹൈപ്പോക്സിയ സൂക്ഷിക്കണം
കോവിഡ് ബാധിതരായവരിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന കോവിഡ് ബാധിതർക്കു രക്തത്തിലെ ഓക്സിജന്റെ അളവു കുറയാം. പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചു രക്തത്തിലെ ഓക്സിജന്റെ അളവു നിരീക്ഷിക്കുന്നത് ഇതു തിരിച്ചറിയാൻ വേണ്ടിയാണ്.സാധാരണഗതിയിൽ ആസ്മയോ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവരാണെങ്കിൽ രക്തത്തിലെ ഓക്സിജന്റെ അളവ് 93നു താഴേക്കു വന്നാൽ അവർക്കു പെട്ടെന്നു ശ്വാസംമുട്ടു പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. പക്ഷേ, കോവിഡ് ബാധിതരിൽ ഇങ്ങനെയുണ്ടാവില്ല. അവർ സാധാരണപോലെ ഇരിക്കും. എന്നാൽ രക്തത്തിലെ ഓക്സിജന്റെ അളവു കുറവായിരിക്കും. ഈ അവസ്ഥയെയാണ് ‘ഹാപ്പി ഹൈപ്പോക്സിയ’ എന്നു പറയുന്നത്.
ഹൈപ്പോക്സിയ ഉണ്ടായാൽ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഹൃദയത്തിലെ രക്തധമനികളിൽ രക്തം കട്ടി പിടിച്ചു ബ്ലോക്ക് ഉണ്ടാകാനോ, നിലവിലുള്ള ബ്ലോക്ക് കൂടുതൽ ഗുരുതരമാകാനോ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഹൃദ്രോഗികൾ രക്തത്തിലെ ഓക്സിജന്റെ അളവു പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചു കൃത്യമായി നിരീക്ഷിക്കണം. അത് 93നു താഴെയാണെങ്കിൽ ആശുപത്രി ചികിത്സ തേടണം.
സുരക്ഷിതരാകാൻ വീട്ടിലിരിക്കാം
ഹൃദ്രോഗികൾക്കും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെപ്പോലെ തന്നെയാണ്. പക്ഷേ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവരെ കോവിഡ് ബാധിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ മറ്റുള്ളവരെക്കാൾ കൂടുതൽ കരുതലെടുക്കുന്നത് ഏറെ നല്ലതാണ്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമാണ് ഇപ്പോൾ. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതെ ഇരിക്കുന്നതാണ് ഉചിതം. ഹൃദ്രോഗത്തിനു മരുന്നു കഴിക്കുന്നവർ അതു കൃത്യമായി തുടരണം. അടിയന്തര ചികിത്സ ആവശ്യമാണെങ്കിൽ മുൻകരുതലുകൾ സ്വീകരിച്ച് ആശുപത്രിയിലെത്താം. പൊതു സ്ഥലങ്ങളിലെ വ്യായാമവും നടത്തവും തൽക്കാലം ഒഴിവാക്കാം. പകരം, വീട്ടിലും പരിസരത്തും നടക്കാം. കൊറോണ വൈറസിന്റെ ‘സൂപ്പർ സ്പ്രെഡ്’ കാലം കഴിയുന്നതു വരെ അതീവ ജാഗ്രത പുലർത്താം.
English Summary ; Heart related disease patients covid vaccination