കോവിഡ് രോഗികളിൽ ഉറക്കത്തിൽ സംഭവിക്കുന്ന മരണത്തിനു കാരണം?
Mail This Article
പ്രായം ചെന്ന കോവിഡ് രോഗികളിൽ രാത്രി ഉറക്കത്തിൽ മരണം സംഭവിക്കുന്ന കേസുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ. വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന പ്രായം ചെന്നവരിലാണ് രാത്രി മരണങ്ങൾ സംഭവിക്കുന്നത്. ഇവർക്ക് പകൽ ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങളോ ശ്വാസതടസ്സമോ ഇല്ലായിരുന്നുവെന്നാണ് അറിയുന്നത്. ലഘുവായി മാത്രം രോഗലക്ഷണമുള്ള ആയിരങ്ങൾ വീടുകളിൽ സ്വയം ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരം ഗൗരവകരമായ പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നത് കോവിഡ് മരണ നിരക്ക് കൂട്ടാൻ ഇടയാക്കും.
ഞെട്ടിപ്പിക്കുന്ന അനുഭവങ്ങൾ
എറണാകുളം സ്വദേശിയായ ഒരു അഡ്വക്കേറ്റ് പങ്കുവയ്ക്കുന്ന അനുഭവം ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ വീടിന്റെ സമീപപ്രദേശത്തുള്ള, മൂന്ന് പേരാണ് രാത്രി ഉറക്കത്തിൽ മരിച്ചത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള മൂന്നുപേരും വീട്ടിൽ കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്നു.
‘ഒരു ദിവസം ഞാൻ ലാബിൽ പോകാനായി ഇറങ്ങിയപ്പോൾ തൊട്ടടുത്ത വീട്ടിലെ ആൾ ; അദ്ദേഹം കോവിഡ് ബാധിതനായിരുന്നു, വീട്ടു മുറ്റത്ത് നിൽക്കുന്നത് കണ്ടു. കുശലം പറച്ചിലുകൾക്കു ശേഷം ആൾ അകത്തേക്കുപോയി. പിറ്റേന്നു രാവിലെ കേൾക്കുന്നത് അദേഹത്തിന്റെ മരണവാർത്തയാണ്. ഉറക്കത്തിൽ മരിച്ചുപോവുകയായിരുന്നു. അദ്ദേഹത്തിന് 70ന് മുകളിൽ പ്രായമുണ്ടെങ്കിലും നല്ല ആരോഗ്യവാനായിരുന്നു.
തൊട്ടടുത്തുള്ള വീട്ടിലെ ഒരു സ്ത്രീ, അവർക്ക് 60ന് മുകളിലായിരുന്നു പ്രായം. കോവിഡ് വീട്ടുചികിത്സയിലായിരുന്ന അവരും രാത്രി മരണപ്പെട്ടു. സമീപ പ്രദേശത്തു തന്നെയുള്ള പലചരക്കു കട നടത്തിയിരുന്ന 70കാരനെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് അയാൾ കോവിഡ് പോസിറ്റീവ് ആയിരുന്നെന്ന് അന്നറിയുന്നത്. തലേ ദിവസവും അയാൾ കട നടത്തിയതാണ്. പ്രകടമായ ഒരു ആരോഗ്യപ്രശ്നവും ഇല്ലായിരുന്നു.’അദ്ദേഹം പറയുന്നു.
പ്രോട്ടോക്കോൾ മാറ്റിയെഴുതിയ തമിഴ്നാട് സർക്കാർ
കോവിഡ് ആദ്യതരംഗത്തിന്റെ സമയത്ത് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് രോഗികളിൽ രാത്രി ഉറക്കത്തിൽ മരണം സംഭവിക്കുന്നതായി കണ്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ ആശുപത്രി ഐസിയുകളിൽ കഴിഞ്ഞിരുന്ന രോഗികളിൽ അർധരാത്രിക്കും വെളുപ്പിനെ മൂന്നു മണിക്കും ഇടയ്ക്കുള്ള സമയത്താണ് മരണം നടന്നിരുന്നത്. ഉറക്കത്തിൽ രക്തത്തിലെ ഓക്സിജൻ നിരക്ക് കുറയുന്നതാണ് മരണങ്ങൾക്കു കാരണമെന്ന കണ്ടെത്തലിനെ തുടർന്ന് തമിഴ്നാട് സർക്കാരും ആരോഗ്യവിദഗ്ധരും ഇതു ഗൗരവത്തിലെടുക്കുകയും രോഗികളിൽ രാത്രി നിരീക്ഷണം ശക്തമാക്കാൻ നിർദേശിച്ച് ചികിത്സാ പ്രോട്ടോക്കോൾ തന്നെ മാറ്റുകയും ചെയ്തു.
എന്തുകൊണ്ട് രാത്രി മരണം?
കോവിഡ് ബാധിതരിൽ ഉറക്കത്തിൽ ഒാക്സിജൻ നിരക്ക് വളരെ താഴ്ന്നുപോകുന്നതാകാം രാത്രി മരണം സംഭവിക്കാൻ ഒരു കാരണം. ’’ ബാംഗ്ലൂർ രാജരാജേശ്വരി മെഡി. കോളജിലെ പൾമണോളജിസ്റ്റ് ഡോ. അലീന മാത്യു പറയുന്നു.
‘‘ പകൽ ഒരു നിശ്ചിത താളക്രമം അനുസരിച്ചാണ് ശരീരം പ്രവർത്തിക്കുന്നത്. രാത്രിയിൽ ഈ ക്രമത്തിന് വ്യത്യാസം വരും. സിംപതറ്റിക് ടോൺ രാത്രിയിൽ കുറവായിരിക്കും. ശരീരത്തിന്റെ സ്വാഭാവിക സർക്കാഡിയൻ താളക്രമത്തിന്റെ ഭാഗമാണ് ഈ മാറ്റം.
അതായത് സിംപതറ്റിക് ടോൺ കുറയുന്നതു മൂലം ഉറക്കത്തിൽ ഹൃദയമിടിപ്പിന്റെ നിരക്ക് പകലുള്ളതിലും കുറയാം, ശ്വാസക്രമത്തിന്റെ നിരക്കും കുറയാം. കോവിഡ് രോഗികളിൽ ഒാക്സിജന്റെ നിരക്ക് നേരത്തേ തന്നെ കുറവാണല്ലോ. ഉറക്കത്തിൽ സ്വാഭാവികമായ ശാരീരികമാറ്റത്തിന്റെ ഭാഗമായി വീണ്ടും ശ്വാസക്രമനിരക്ക് കുറയുന്നത് ഹൈപ്പോക്സിയ അഥവാ ഒാക്സിജൻ നിരക്ക് വളരെ താഴ്ന്നുപോകുന്ന അവസ്ഥയ്ക്കു കാരണമാകാം.
കോവിഡിന്റെ ഒരു പ്രത്യേകത, അത് ഹാപ്പി ഹൈപ്പോക്സിയ എന്ന അവസ്ഥയ്ക്കിടയാക്കുമെന്നാണ്. അതായത് കോവിഡ് വന്ന ചിലരിൽ ഒാക്സിജൻ സാച്ചുറേഷൻ താഴ്ന്ന് 70 അല്ലെങ്കിൽ അതിൽ താഴെ ആയാലും ശ്വാസംമുട്ടോ മറ്റു ലക്ഷണങ്ങളോ അനുഭവപ്പെടില്ല.
ഇങ്ങനെ, ശ്വാസതടസ്സമോ മറ്റു ലക്ഷണങ്ങളോ അനുഭവപ്പെടാത്തതിനാൽ ഒാക്സിജൻ നിരക്ക് താഴ്ന്നുപോകുന്നത് അറിയാതെ ഉറക്കത്തിൽ മരിച്ചുപോകാം. ’’ ഡോക്ടർ പറയുന്നു.
‘‘മറ്റൊരു സാധ്യതയുളളത്, പ്രായമുള്ള ആളുകളിൽ ഹൃദയസംബന്ധമായ പ്രശ്നം വരാമെന്നതാണ്. കോവിഡ് രോഗികളിൽ രക്തം കട്ടപിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് അറ്റാക്ക് പോലുള്ള ഹൃദ്രോഗങ്ങൾ ഉണ്ടാകാം. രക്തം കട്ടപിടിച്ച് അതു ശ്വാസകോശത്തിലേക്കെത്തുന്ന പൾമനറി എംബോളിസം പോലുള്ള സാഹചര്യവും സംഭവിക്കാം. പക്ഷേ, ഇങ്ങനെയുള്ള രോഗികളിൽ ശ്വാസംമുട്ടലോ മറ്റു ലക്ഷണങ്ങളോ കാണിക്കാം. ശ്വാസംമുട്ടലൊന്നും ഇല്ലാതെയുള്ള നിശ്ശബ്ദമായ രാത്രി മരണങ്ങളുടെ ഒരു പ്രധാന കാരണം രാത്രി സിംപതറ്റിക് ടോൺ കുറയുന്നതു മൂലമുള്ള ഹെപ്പോക്സിയ ആണ്. ’’
രാത്രിയിലും ഒാക്സിജൻ നിരക്ക് നോക്കണം
പകൽനേരത്ത് മണിക്കൂർ ഇടവിട്ട് പൾസ് ഒാക്സീമീറ്ററിൽ ഒാക്സിജൻ നിരക്ക് നോക്കുന്നവർ പോലും രാത്രി ഒാക്സിജൻ ലെവൽ നോക്കാറില്ല. രാത്രി ലക്ഷണങ്ങളൊന്നുമില്ലാതെ ഒാക്സിജൻ താഴ്ന്നുപോകാമെന്ന അപകടാവസ്ഥ പരിഗണിച്ച് രാത്രിയിൽ അലാം വച്ച് ഒന്നു രണ്ടു നേരമെങ്കിലും ഒാക്സിജൻ നിരക്ക് നോക്കുന്നതാണ് ഉത്തമം എന്നു ഡോ. അലീന പറയുന്നു. ഒരുപാട് പ്രായമുള്ളവരാണെങ്കിൽ കുടുംബാംഗങ്ങൾ ആരെങ്കിലും രാത്രി വിളിച്ചെഴുന്നേൽപിച്ച് അവർ ഒാക്സിജൻ നിരക്ക് നോക്കിയെന്ന് ഉറപ്പുവരുത്തണം. സാധാരണ വേണ്ടുന്ന നിരക്ക് 95 ശതമാനമാണ്. അതിലും താഴെയാണെന്നു കണ്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിച്ച് ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടണം. പകൽ ചെറിയതോതിലുള്ള ശ്വാസംമുട്ടലോ മറ്റോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉത്തമം. രാത്രിയിൽ സ്ഥിതി വളരെ പെട്ടെന്നു വഷളാവുന്നത് തടയാനാകും.
സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും അടിയന്തരശ്രദ്ധ ഇക്കാര്യത്തിൽ ഉടൻ പതിയണം. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർക്ക് കൃത്യമായ ബോധവൽകരണം നൽകുകയും രാത്രി ഒാക്സിജൻ കുറഞ്ഞ് മരണങ്ങൾ സംഭവിക്കുന്നതു തടയാൻ ആവശ്യമായ നടപടികൾ ഉൾപ്പെടുത്തി കോവിഡ് വീട്ടുചികിത്സയുടെ പ്രോട്ടോക്കോൾ പരിഷ്കരിക്കേണ്ടതുണ്ട്.
English Summary : COVID patients must check their oxygen level at night