ADVERTISEMENT

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാമെന്ന ആശങ്കകൾക്കിടെ ആശ്വാസം പകർന്ന് പൂണെയിൽ നിന്ന് ഒരു ഗവേഷണ റിപ്പോർട്ട്. അഞ്ചാംപനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ എടുക്കുന്ന എംഎംആർ വാക്സീൻ കുട്ടികൾക്ക് കോവിഡിൽ നിന്ന് ഒരളവുവരെ സംരക്ഷണം നൽകുമെന്ന് പൂണെയിലെ ഗവേഷകർ കണ്ടെത്തി. ഈ വാക്‌സീൻ സാർസ് കോവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രദമാണെന്ന് പഠനറിപ്പോർട്ട് പറയുന്നു.

അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയ്ക്കെതിരെ കുട്ടികൾക്ക് നൽകുന്ന വാക്സീനാണ് എംഎംആർ. 9 മുതൽ 12 മാസത്തിനിടെ പ്രായത്തിൽ ആദ്യ ഡോസും 16 നും 24 മാസത്തിനുമിടയിൽ രണ്ടാം ഡോസും നൽകുന്നു. സാർസ് കോവ് 2 വൈറസിന്റെ അമിനോ ആസിഡ് സീക്വൻസ് റുബെല്ല വൈറസിന് സമാനമായതിനാലാണ് പഠനത്തിനായി എംഎംആർ വാക്സീൻ തിരഞ്ഞെടുത്തത്. കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീന് അഞ്ചാംപനി വൈറസിന്റെ ഹെമഗ്ളൂട്ടിണിൻ പ്രോട്ടീനുമായും സമാനതകളുണ്ട്. 

1നും 17നും ഇടയിൽ പ്രായമുള്ള 548 പേരിലാണ് പഠനം നടത്തിയത്. കോവിഡ് പോസിറ്റീവായവരും അല്ലാത്തവരും എന്നിങ്ങനെ ഈ സംഘത്തെ രണ്ടായി തിരിച്ചു. എംഎംആർ വാക്‌സീൻ എടുത്തവർക്ക് കോവിഡ് വന്നാലും ലക്ഷണങ്ങൾ അത്ര തീവ്രമായിരിക്കില്ലെന്നു ഗവേഷണത്തിന് നേതൃത്വം നൽകിയ ശിശുരോഗ വിദഗ്ധൻ ഡോ. നിലേഷ് ഗുജർ പറഞ്ഞു.

കോവിഡ് ആദ്യ തരംഗത്തിൽ 4 ശതമാനം കുട്ടികൾ മാത്രമാണ് ബാധിക്കപ്പെട്ടത്. രണ്ടാം തരംഗത്തിൽ ഇത് 10 -15 ശതമാനമായി ഉയർന്നു. ഇതാണ് മൂന്നാം തരംഗത്തിൽ കുട്ടികൾ കൂടുതലായി ബാധിക്കപ്പെടുമോ എന്ന ആശങ്കയ്ക്ക് വഴിവ‌ച്ചത്.

English Summary : MMR Vaccine Effective in Children Against Covid- 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com