പകര്‍ച്ചവ്യാധികളെക്കാൾ ഇന്ത്യ പേടിക്കേണ്ടത് ഈ രോഗങ്ങളെ

Mail This Article
കൊറോണ വൈറസ്, സിക വൈറസ്, എച്ച്1എന്‍1 എന്നിങ്ങനെ നമ്മുടെ രാജ്യം ഇന്ന് പോരാടിക്കൊണ്ടിരിക്കുന്ന സാംക്രമിക രോഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതിനിടെ, പകരാത്ത പല രോഗങ്ങളും ഇന്ത്യയില്‍ അപകടകരമായ തോതില്‍ ഉയരുന്നുണ്ടെന്ന് അസോസിയേറ്റഡ് ചേംബേര്‍സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യ അടുത്തിടെ പുറത്ത് വന്ന ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ഇവ പിടിപെടുന്നവരുടെ ശരാശരി പ്രായവും വളരെ വേഗം താഴേക്ക് വരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലെ 673 പൊതുജനാരോഗ്യ ഓഫീസുകളെയും 2,33,672 പേരെയും പങ്കെടുപ്പിച്ച് നടത്തിയ പ്രാഥമിക ആരോഗ്യ പരിചരണ സര്‍വേയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. അസോസിയേറ്റഡ് ചേംബേര്‍സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി തോട്ട് ആര്‍ബിട്രേജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സര്‍വേ നടത്തിയത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം പകരാത്ത രോഗങ്ങളുടെ തോത് ഉയര്‍ന്നിട്ടുണ്ടെന്നും ഒരു വ്യക്തി 35 കഴിഞ്ഞാല്‍ ഇത്തരം രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുതിച്ചു ചാടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
26-59 പ്രായവിഭാഗത്തിലുള്ളവരാണ് പകരാത്ത രോഗങ്ങള്‍ പിടിപെടുന്നവരില്‍ മൂന്നില്‍ രണ്ട് പങ്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനസംഖ്യയില്‍ 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഈ ഒരു പ്രായവിഭാഗത്തില്‍ സാംക്രമികമല്ലാത്ത ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ 1000 പേരില്‍ 116 പേര്‍ക്ക് സാംക്രമികമല്ലാത്ത രോഗങ്ങളുണ്ടെന്ന് സര്‍വേ അടിവരയിടുന്നു. ഏറ്റവും കൂടുതല്‍ പേരിലുള്ള പകരാത്ത രോഗങ്ങള്‍ രക്താതിസമ്മര്‍ദം, ദഹനരോഗം, പ്രമേഹം എന്നിവയാണ്. ശ്വസന രോഗങ്ങള്‍, തലച്ചോറിനും നാഡീവ്യൂഹസംവിധാനത്തിനും വരുന്ന രോഗങ്ങള്‍, ഹൃദ്രോഗം, കിഡ്നി പ്രശ്നം, അര്‍ബുദം എന്നിവയും ഈ പട്ടികയിലുണ്ട്.
സര്‍വേ ചെയ്യപ്പെട്ടവരില്‍ കാണപ്പെട്ട പ്രബലമായ പ്രശ്നം വായു മലിനീകരണം ആയിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആവശ്യത്തിന് ശാരീരിക വ്യായാമം ഇല്ലാത്തതും സന്തുലിതമല്ലാത്ത ആഹാര രീതികളുമാണ് മറ്റ് പ്രശ്നങ്ങള്‍. ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം 1970കളില്‍ 2.1 ശതമാനമായിരുന്നത് 2020 ആയപ്പോഴേക്കും 10-20 ശതമാനമായി ഉയര്‍ന്നതായി സര്‍വേ ഫലം അവതരിപ്പിച്ചു കൊണ്ട് മാക്സ് ഹെല്‍ത്ത് കെയറിലെ എന്‍ഡോക്രൈനോളജി, ഡയബറ്റിസ് വകുപ്പ് മേധാവി ഡോ. അംബരീഷ് മിത്തല്‍ പറഞ്ഞു. മെട്രോ നഗരങ്ങളില്‍ പ്രമേഹ രോഗികളുടെ എണ്ണം 35-40 ശതമാനം ഉയര്‍ന്നതായി ഡോ. അംബരീഷിനെ ഉദ്ധരിച്ച് ദ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പക്ഷാഘാതമുണ്ടാകുന്ന കേസുകള്‍ കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ നാലു മടങ്ങ് വര്‍ധിച്ചതായി ഡല്‍ഹി ലേഡി ഹാര്ദിഞ്ച് മെഡിക്കല്‍ കോളജിലെ ഡോ. രജീന്ദര്‍ കെ. ധാമിജയും പറഞ്ഞു. രാജ്യം നേരിട്ട ജനസംഖ്യാപരമായ മാറ്റങ്ങളും ജീവിതശൈലി മാറ്റങ്ങളുമാണ് ഇതിന് കാരണം. സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യത്തിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 47ല്‍ നിന്ന് 70 ആയി ഉയര്‍ന്നിരുന്നു. സാംക്രമികമല്ലാത്ത രോഗങ്ങള്‍ ബാധിക്കാവുന്ന വലിയൊരു ജനവിഭാഗം നമ്മുടെ രാജ്യത്തുണ്ടെന്നാണ് ഇതിനര്‍ത്ഥമെന്ന് ഡോ. രജീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
English Summary : Non-communicable disease burden growing at alarming rate