രാജ്യത്തെ ആദ്യ എം-ആര്‍എന്‍എ അധിഷ്ഠിത കോവിഡ് വാക്സീന്‍ സുരക്ഷിതം
Mail This Article
ഇന്ത്യയിലെ ആദ്യ എം-ആര്‍എന്‍എ പ്ലാറ്റ്ഫോം അധിഷ്ഠിത കോവിഡ് വാക്സീനായ HGCO19 ആദ്യ ഘട്ട പരീക്ഷണങ്ങളില്‍ സുരക്ഷിതമാണെന്ന് തെളിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാന്‍ വാക്സീന്‍ നിര്‍മാതാക്കളായ പുണെ കമ്പനി ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സിന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി.
ആദ്യ ഘട്ട പരീക്ഷണ ഫലങ്ങളുടെ വെളിച്ചത്തില്‍ HGCO19 വാക്സീന്‍ സുരക്ഷിതവും പ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നതുമാണെന്ന് ഇന്ത്യയിലെ വാക്സീന്‍ വിദഗ്ധ സമിതി വിലയിരുത്തി. രണ്ടാം ഘട്ട പരീക്ഷണം രാജ്യത്തെ 10-15 ഇടങ്ങളിലും മൂന്നാം ഘട്ട പരീക്ഷണം 22-27 ഇടങ്ങളിലും നടത്താനാണ് പദ്ധതി. പഠനത്തിനായി ബയോടെക്നോളജി വകുപ്പിന്‍റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെയും ക്ലിനിക്കല്‍ പരീക്ഷണ ശൃംഖല ഉപയോഗപ്പെടുത്താനും ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ലക്ഷ്യമിടുന്നു.
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ബയോ ടെക്നോളജി വകുപ്പിന്‍റെ കൂടി ധനസഹായത്തോടെയാണ് ജെന്നോവ എം-ആര്‍എന്‍എ വാക്സീന്‍ വികസനം നടത്തുന്നത്. ഇന്ത്യയുടെ തദ്ദേശീയ വാക്സീന്‍ വികസന ദൗത്യത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ് HGCO19 വാക്സീന്‍റെ ആദ്യ ഘട്ട പരീക്ഷണ വിജയമെന്ന് കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു.
ഇന്ത്യയിലെ ആദ്യ തദ്ദേശീയ വാക്സീനായ കോവാക്സിന്‍ നീര്‍വീര്യമാക്കിയ വൈറസിനെ ഉപയോഗിച്ച് നിര്‍മിക്കുന്നതാണ്. കോവാക്സീനൊപ്പം ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്യുന്ന ഓക്സ്ഫഡ് ആസ്ട്രാസെനകയുടെ കോവിഷീല്‍ഡ് ആകട്ടെ വൈറല്‍ വെക്ടര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചതാണ്. ലോകത്ത് ഇന്ന് വിതരണം ചെയ്യുന്ന വാക്സീനുകളില്‍ ഏറ്റവും അറിയപ്പെടുന്ന രണ്ട് എം-ആര്‍എന്‍എ വാക്സീനുകള്‍ മൊഡേണയുടെയും ഫൈസര്‍ ബയോഎന്‍ടെക്കിന്‍റെയും വാക്സീനുകളാണ്.
English Summary : India's first mRNA-based Covid vaccine found to be safe