ADVERTISEMENT

ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ബോളിവുഡ് നടി യാമി ഗൗതം. ഉറി, വിക്കിഡോണര്‍ തുടങ്ങിയ പല ഹിറ്റ് ചിത്രങ്ങളിലെയും നായിക കഥാപാത്രമായി തിളങ്ങിയ യാമി ഗൗതം അടുത്തിടെ തന്‍റെ ആരാധകരെയും സിനിമ ലോകത്തെയും അമ്പരപ്പിച്ചു കൊണ്ടൊരു പ്രഖ്യാപനം നടത്തി. കെരാട്ടോസിസ് പിലാരിസ് എന്ന ചികിത്സയില്ലാത്ത ചര്‍മ രോഗം തനിക്കുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ യാമി തന്‍റെ ആരാധകരെ അറിയിച്ചത്. ചെറിയ സൗന്ദര്യ പ്രശ്നങ്ങള്‍ പോലും എപ്പോഴും മൂടി വയ്ക്കാന്‍ ശ്രമിക്കുന്ന സിനിമ ലോകത്ത് തന്‍റെ കുറവുകളെ ധൈര്യപൂര്‍വം വെളിപ്പെടുത്തി  കൈയടി നേടുകയാണ് യാമി. 

 

 

കൗമാരകാലത്താണ് തനിക്ക് ഈ അസുഖം പിടിപെട്ടതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ യാമി കുറിച്ചു. ഈ രോഗം പ്രകടമാക്കുന്ന ചില എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും നടി  പങ്കുവച്ചു. പോരായ്മകളെ അംഗീകരിക്കുക മാത്രമല്ല  സ്വന്തം ശരീരത്തെ അതിന്‍റെ എല്ലാ കുറവുകളോടെയും കൂടി  സ്നേഹിക്കുമെന്ന്   ഉറക്കെ പ്രഖ്യാപിക്കുക കൂടി ചെയ്യുന്ന  യാമിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ അധികം നേരമെടുത്തില്ല. വര്‍ഷങ്ങളായി നേരിടുന്ന രോഗത്തെ പറ്റിയുള്ള തുറന്ന് പറച്ചില്‍ വലിയ ആശ്വാസം നല്‍കുന്നുണ്ടെന്ന് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പിന്നീട് യാമി പറഞ്ഞു. 

 

ഷൂട്ടിങ് വേളയില്‍ കാണുമ്പോൾ  ചര്‍മത്തിലെ ഈ പ്രശ്നങ്ങളെ എങ്ങനെയാണ് മേക്കപ്പിലൂടെയും മറ്റും മറച്ചു വയ്ക്കുന്നതെന്ന് ജനങ്ങള്‍ സംസാരിച്ചിരുന്നതായി യാമി പറയുന്നു. ഇത് തന്നെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ കൊണ്ടാണ് ഈ പ്രശ്നങ്ങളെ അംഗീകരിച്ച് ആത്മവിശ്വാസം തിരിച്ചു പിടിക്കാനായതെന്നും യാമി ഇന്‍സ്റ്റയില്‍ കുറിച്ചു. അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റിന് ലഭിച്ച വലിയ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും യാമി കൂട്ടിച്ചേര്‍ത്തു. തൊലി പുറത്ത് തിണര്‍പ്പും മുഖക്കുരു പോലത്തെ ചെറിയ കുരുക്കളും ഉണ്ടാക്കുന്ന ചര്‍മരോഗമാണ് കെരാട്ടോസിസ് പിലാരിസ്.

English Summary : Keratosis Pilaris; The Skin Condition That Yami Gautam is Suffering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com