ഇന്ത്യയിലെ ആദ്യ ഡെങ്കിപ്പനി വാക്സീന്: ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി
Mail This Article
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്സീന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് നിര്‍മാതാക്കളായ ദ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്(ഐഐഎൽ) അനുമതി ലഭിച്ചു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ഐഐഎല്‍ വാക്സീന്‍ വികസിപ്പിച്ചത്.
അമേരിക്കയില്‍ കുറച്ച് വര്‍ഷങ്ങളായി ഡെങ്കിപ്പനി വാക്സീന്‍ ലഭ്യമാണ്. എന്നാല്‍ ഈ വാക്സീന്‍ ഇന്ത്യയിലെ നിരന്തരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്ന ഡെങ്കു വൈറസിന്‍റെ നാലു വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാണോ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. പനേഷ്യ ബയോടെക് ലിമിറ്റഡും സനോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വികസിപ്പിച്ച ഡെങ്കു വാക്സീനുകള്‍ക്കും ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചിരുന്നു. പനേഷ്യ ഡെങ്കു വാക്സീന്‍റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇവരുമായി സഹകരിക്കുന്നുണ്ട്. അതേ സമയം സനോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ വാക്സീന് അമേരിക്കയില്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ അതിന്‍റെ പരീക്ഷണങ്ങള്‍ ആരംഭിച്ചു.
നാഷനല്‍ സെന്‍റര്‍ ഫോര്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോളിന്‍റെ കണക്കനുസരിച്ച് ഓഗസ്റ്റ് 12 വരെ ഇന്ത്യയിലെ ഡെങ്കിപ്പനി കേസുകൾ 30,627ല്‍ എത്തി. ഓരോ വര്‍ഷം കഴിയും തോറും ഡെങ്കിപ്പനി കേസുകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സെപ്റ്റംബര്‍ നാലു വരെയുള്ള കണക്കനുസരിച്ച് ദേശീയതലസ്ഥാന നഗരമായ ഡല്‍ഹിയില്‍ മാത്രം 240 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ പോലുള്ള നഗരങ്ങളിലും കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി. കഠിനമായ മഴയും മോശം മലിനജല സംവിധാനവും വെള്ളം കെട്ടിക്കിടക്കുന്ന വൃത്തിഹീനമായ ഇടങ്ങളും ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഡെങ്കിപ്പനി കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കാനും ആശുപത്രി കേസുകള്‍ നിയന്ത്രിക്കാനും വാക്സീന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
Content Summary: First Dengue Vaccine In India: Phase-1 Clinical Trial Gets Approval