ഈ നിമിഷവും കടന്നു പോകും; ഇന്‍സ്റ്റാഗ്രാമില്‍ രോഗവിവരം പങ്കിട്ട് സാമന്ത
Mail This Article
ഇന്ത്യന്‍ സിനിമ ആരാധകര്‍ ഒരു പക്ഷേ ഇന്നലെ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് മയോസൈറ്റിസ് (Myositis) എന്ന രോഗത്തെ കുറിച്ചായിരിക്കും. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം തനിക്ക് ബാധിച്ചതായി തെന്നിന്ത്യന്‍ നടി സാമന്ത (Samantha Ruth Prabhu) വെളിപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം രോഗവിവരം ആരാധകരുമായി പങ്കുവച്ചത്.
കൈയ്യില്‍ ഐവി ഡ്രിപ്പും ഘടിപ്പിച്ച് ആശുപത്രിയിലിരിക്കുന്ന ചിത്രത്തിനൊപ്പം ഇട്ട വൈകാരികമായ ഒരു പോസ്റ്റിലൂടെയാണ് സാമന്ത രോഗവിവരം ലോകത്തെ അറിയിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് രോഗം കണ്ടെത്തിയതെന്നും ഭേദമായ ശേഷം പറയാമെന്ന് കരുതിയിരിക്കുകയായിരുന്നെന്നും സാമന്ത കുറിച്ചു. എന്നാല്‍ താന്‍ വിചാരിച്ചതിലും സമയം ഇതിന് വേണ്ടി വന്നേക്കുമെന്ന് താരം പറയുന്നു. ‘‘നിങ്ങള്‍ എല്ലാവരോടും ഒപ്പം ഞാന്‍ പങ്കുവയ്ക്കുന്ന ഈ സ്നേഹവും ബന്ധവും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് എനിക്ക് നല്‍കുന്നു. രോഗം വേഗം തന്നെ പരിപൂര്‍ണ്ണമായും മാറുമെന്ന ആത്മവിശ്വാസം ഡോക്ടര്‍മാര്‍ക്കുണ്ട്. ശാരീരികമായും വൈകാരികമായും നല്ല ദിനങ്ങളും മോശം ദിനങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഇനിയും ഒരു നാള്‍ കൂടി ഇത് താങ്ങാന്‍ വയ്യെന്ന് തോന്നുമ്പോഴേക്കും എങ്ങനെയോ ആ നിമിഷങ്ങളും കടന്നു പോകുന്നു. ഇതും കടന്നു പോകും...’’ സാമന്ത കുറിച്ചു.
ഒരു ലക്ഷം പേരില്‍ നാലു മുതല്‍ 22 പേര്‍ക്ക് വരാവുന്ന രോഗമാണ് പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോസൈറ്റിസ്. പേശീ വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. സാധാരണ ഗതിയില്‍ കൈകാലുകളെയും തോളിനെയും അരക്കെട്ടിനെയും അടിവയറിനെയും നട്ടെല്ലിലെ പേശികളെയുമാണ് ഈ രോഗം ബാധിക്കുകയെന്ന് ഫരീദബാദ് മാരെങ്കോ ക്യുആര്‍ജി ഹോസ്പിറ്റലിലെ ഇന്‍റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. സന്തോഷ് കുമാര്‍ അഗര്‍വാള്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രോഗം മൂര്‍ച്ഛിക്കുമ്പോൾ അന്നനാളിയിലെയും ഡയഫ്രത്തിലെയും കണ്ണുകളിലെയും പേശികളെയും ഇത് ബാധിക്കും. ഇരുന്നിട്ട് എഴുന്നേല്‍ക്കാനും പടികള്‍ കയറാനും ഭാരം ഉയര്‍ത്താനുമൊക്കെ രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. പനി, ഭാരനഷ്ടം, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങളും ഇതിന്‍റെ ഭാഗമായി പ്രത്യക്ഷപ്പെടാമെന്ന് ഡോ. സന്തോഷ് കൂട്ടിച്ചേര്‍ത്തു. സ്റ്റിറോയ്ഡുകളും പ്രതിരോധശേഷിയെ അമര്‍ത്തുന്ന മരുന്നുകളും ഉപയോഗിച്ചാണ് മയോസൈറ്റിസ് ചികിത്സിക്കുന്നത്.
Content Summary : Samantha Ruth Prabhu reveals she’s fighting Myositis