ഫംഗല്‍ അണുബാധകളുടെ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന
Mail This Article
പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫംഗല്‍ പകര്‍ച്ചരോഗാണുക്കളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന (World Health Organisation). ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് 'ഫംഗല്‍ പ്രിയോറിറ്റി പാത്തജന്‍സ് ലിസ്റ്റ്' (Fungal Priority Pathogens) എന്ന പട്ടിക തയ്യാറാക്കിയത്.
ആഗോള താപനത്തിന്‍റെയും വര്‍ദ്ധിച്ചു വരുന്ന രാജ്യാന്തര യാത്രകളുടെയും വ്യാപാരത്തിന്‍റെയും ഫലമായി ഫംഗല്‍ രോഗങ്ങള്‍ സംഭവിക്കുന്നതിന്‍റെ നിരക്കും ദൂരപരിധിയിലും വികസിക്കുന്നതായി ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് ആശുപത്രിയിലായ രോഗികളില്‍ ഫംഗല്‍ അണുബാധ വ്യാപകമായിരുന്നു. ഫംഗല്‍ അണുബാധകള്‍ വളരുന്നു എന്നത് മാത്രമല്ല അവ മരുന്നുകളോട് കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കുന്നു എന്നതും ആശങ്കയുളവാക്കുന്ന സംഗതിയാണെന്ന് ലോകാരോഗ്യ സംഘടന അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍, ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഡോ. ഹനാന്‍ ബാല്‍ഖി പറയുന്നു.
ക്രിട്ടിക്കല്‍, ഹൈ, മീഡിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മുന്‍ഗണനാ പട്ടികയില്‍പ്പെട്ട ഫംഗല്‍ രോഗാണുക്കളെ തരംതരിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ രോഗപകര്‍ച്ചകള്‍ക്ക് കാരണമായിട്ടുള്ള കാന്‍ഡിഡ ഔറിസ്, ക്രിപ്റ്റോകോക്കസ് നിയോഫോര്‍മാന്‍സ്, ആസ്പെര്‍ഗിലസ് ഫ്യുമിഗേറ്റസ്, കാന്‍ഡിഡ ആല്‍ബിക്കന്‍സ് തുടങ്ങിയ ഫംഗസുകള്‍ ക്രിട്ടിക്കല്‍ വിഭാഗത്തില്‍പ്പെടുന്നു. കാന്‍ഡിഡ കുടുംബത്തില്‍പ്പെട്ട മറ്റ് ചില ഫംഗസുകളും മ്യൂകോര്‍മൈകോസിസിന് കാരണാകുന്ന മ്യൂകോറേല്‍സ് ഫംഗസുമെല്ലാം ഹൈ വിഭാഗത്തില്‍പ്പെടുന്നു. കോക്കിഡിയോഡെസ് എസ്പിപി, ക്രിപ്റ്റോകോക്കസ് ഗാറ്റി പോലുള്ള ഫംഗസുകള്‍ മീഡിയം വിഭാഗത്തിലാണുള്ളത്.
നാല് തരത്തിലുള്ള ആന്‍റിഫംഗല്‍ മരുന്നുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളതെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നു. ഗുരുതര രോഗം ബാധിച്ചവര്‍ക്കും പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങളുള്ളവര്‍ക്കും ഫംഗല്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. അര്‍ബുദം, എയ്ഡ്സ്, മാറാത്ത ശ്വാസകോശ രോഗങ്ങള്‍, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍ക്കും അവയവമാറ്റശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും ഫംഗല്‍ അണുബാധ വരാം.ഫംഗല്‍ അണുബാധകളെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങളും ഡേറ്റയും ഇതിനെതിരെയുള്ള പ്രതിരോധം മെച്ചപ്പെടുത്താന്‍ അത്യാവശ്യമാണെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു
Content Summary : WHO fungal priority pathogens list to guide research, development and public health action