ഏറ്റവും കൂടുതല്‍ കാലം കോവിഡ് ബാധിതനായ ജീവിച്ചിരിക്കുന്ന വ്യക്തി; പോസിറ്റീവായി തുടര്‍ന്നത് 411 ദിവസം
Mail This Article
ഏറ്റവും കൂടുതല്‍ കാലം കോവിഡ് പോസിറ്റീവായി തുടര്‍ന്നയാളെന്ന റെക്കോര്‍ഡ് കൈവരിച്ച രോഗി ഇന്ന് ജീവിച്ചിരിപ്പില്ല. 505 ദിവസം തുടര്‍ച്ചയായി രോഗബാധിതനായ ശേഷം ഈ രോഗി അണുബാധയ്ക്ക് കീഴടങ്ങുകയായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം കോവിഡ് രോഗബാധിതനായ ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തി ബ്രിട്ടനിലെ ഒരു 59കാരനാണ്. തുടര്‍ച്ചയായി 411 ദിവസമാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവായി തുടര്‍ന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്രതിരോധ ശേഷി ദുര്‍ബലമായതാണ് ഇയാളെ ദീര്‍ഘകാല കോവിഡ് രോഗിയാക്കിയത്.
2020 ഡിസംബറിലാണ് ഇദ്ദേഹത്തിന് രോഗം പിടിപെടുന്നത്. അന്ന് മുതല്‍ 2022 ജനുവരി വരെ രോഗിക്ക് തുടര്‍ച്ചയായി രോഗപരിശോധനയില്‍ പോസിറ്റീവ് കാണിച്ചു. ലക്ഷണങ്ങള്‍ കുറഞ്ഞു വന്നെങ്കിലും പരിശോധനയില്‍ നെഗറ്റീവാകാന്‍ 411 ദിവസങ്ങള്‍ കഴിയേണ്ടി വന്നു. ഇദ്ദേഹത്തിന് കോവിഡ് നിരവധി തവണ ബാധിക്കപ്പെട്ടോ അതോ ഒരേ അണുബാധ ഇത്രകാലം തുടര്‍ന്നതാണോ എന്നറിയാന്‍ ഗവേഷകര്‍ നാനോപോര്‍ സീക്വന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇദ്ദേഹത്തില്‍ ജനിതക പരിശോധന നടത്തി.
24 മണിക്കൂര്‍ നീണ്ട ഈ പരിശോധനയില്‍ രോഗിക്ക് 2020 ഡിസംബറില്‍ ബാധിക്കപ്പെട്ടത് കോവിഡിന്‍റെ ബി.1 വകഭേദമാണെന്നും തുടര്‍ന്ന് പല പുതിയ ജനിതക വകഭേദങ്ങളും ഇദ്ദേഹത്തിന് മാറി മാറി വന്നെന്നും തെളിഞ്ഞു. ദീര്‍ഘകാല ചികിത്സയ്ക്ക് ശേഷം രോഗി എങ്ങനെയാണ് അണുബാധയെ മറികടന്നതെന്ന് ഗയ്സിലെയും സെന്‍റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെയും ലണ്ടന്‍ കിങ്സ് കോളജിലെയും ഗവേഷകര്‍ നടത്തിയ പഠനം വിശദീകരിക്കുന്നു.
ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ക്കെതിരെ ആദ്യമൊക്കെ ചികിത്സ കാര്യക്ഷമമായിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ആദ്യ ഘട്ടത്തിലെ വൈറസുകള്‍ രോഗിയെ ബാധിച്ചിരുന്നതിനാല്‍ ചികിത്സ പിന്നീട് രോഗിയില്‍ ഫലം കണ്ട് തുടങ്ങി. ഡോക്ടര്‍മാരുടെ സംഘം പാക്സ് ലോവിഡും റെംഡെസിവിറും ഉപയോഗിച്ചുള്ള രണ്ട് ആന്‍റിവൈറല്‍ ചികിത്സകള്‍ ബോധരഹിതനായി കിടന്ന രോഗിയുടെ മൂക്കിലിടുന്ന ട്യൂബിലൂടെ നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു. ഈ ഘട്ടത്തില്‍ രോഗി അദ്ഭുതകരമായ രോഗമുക്തി നേടിയതായും ആരോഗ്യം വീണ്ടെടുത്തതായും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
Content Summary: The British man who got COVID for 411 days