ഇന്ത്യയില്‍ അതിവേഗം പടര്‍ന്ന് കോവിഡിന്റെ എക്സ്ബിബി 1.16 വകഭേദം; ആവര്‍ത്തിക്കുമോ ഡെല്‍റ്റയ്ക്ക് സമാനമായ തരംഗം
Mail This Article
കോവിഡ് മരണതാണ്ഡവം ആടിയ കാലമായിരുന്നു 2021ലെ ഡെല്‍റ്റ തരംഗത്തിന്‍റെ വ്യാപനഘട്ടം. ആശുപത്രിക്ക് മുന്നില്‍ രോഗികളുമായി വരിവരിയായി കാത്തുനിന്ന ആംബുലന്‍സുകളും നിറഞ്ഞു കവിഞ്ഞ ശ്മശാനങ്ങളുമെല്ലാം ഉയര്‍ത്തി വിട്ട ആ ഭീതിനിറഞ്ഞ കാലത്തിന്‍റെ ഓര്‍മകള്‍ ഇന്നും നമ്മുടെ ഉള്ളിലുണ്ട്. ഒമിക്രോണിന്‍റെ ഉപവകഭേദമായ എക്സ്ബിബി 1.16 മൂലമുള്ള കേസുകളുടെ എണ്ണം വീണ്ടും ദിനംപ്രതി ഉയരുമ്പോൾ മറ്റൊരു ഡെല്‍റ്റ തരംഗത്തിന് സമാനമായ അവസ്ഥയിലേക്ക് ഇത് രാജ്യത്തെ എത്തിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യമേഖല.
കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി 10,112 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഈ വകഭേദമാണ് ഇപ്പോള്‍ ഇന്ത്യയിലെ പ്രബലമായ കോവിഡ് വകഭേദം. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വ്യാപനം അധികം. ആര്‍ക്ടൂറസ് എന്നും ഈ വകഭേദം അറിയപ്പെടുന്നു.
ഈ വകഭേദത്തിന്‍റെ ന്യൂക്ലിയോടൈഡിലും അമിനോ ആസിഡുകളിലും ഉണ്ടായിരിക്കുന്ന ജനിതക പരിവര്‍ത്തനങ്ങള്‍ മൂലം ഇതിന്‍റെ വ്യാപന ശേഷി മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് അധികമാണ്. വാക്സിനേഷന്‍ മൂലവും രോഗബാധ മൂലവുമുള്ള പ്രതിരോധശേഷിയെ വെട്ടിച്ച് രക്ഷപ്പെടാനും ഈ വകഭേദത്തിന് സാധിക്കുന്നു. 48 മണിക്കൂറിലധികായി കാണപ്പെടുന്ന ഉയര്‍ന്ന പനി, ചുമ, തൊണ്ടവേദന, കനത്ത തലവേദന, ജലദോഷം, വയറിന് അസ്വസ്ഥത, ശരീരവേദന എന്നിവയാണ് ഒമിക്രോണ്‍ എക്സ്ബിബി 1.16 വകഭേദം മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍.
എന്നാല്‍ ഡെല്‍റ്റ തരംഗത്തിന് സമാനമായ അവസ്ഥ ഈ വകഭേദം ഉണ്ടാക്കാന്‍ സാധ്യതയില്ലെന്ന് പകര്‍ച്ചവ്യാധി രോഗവിദഗ്ധയായ ഡോ. ധാര ബാനര്‍ജി ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കുറഞ്ഞ വാക്സിനേഷന്‍ നിരക്ക്, ശ്വാസകോശത്തെ ബാധിച്ച് ന്യുമോണിയ ഉണ്ടാക്കാനുള്ള ഡെല്‍റ്റ വകഭേദത്തിന്‍റെ കഴിവ്, വൈറസ് ബാധ മൂലം രക്തത്തിലെ ഓക്സിജന്‍ പെട്ടെന്ന് താഴുന്ന സ്ഥിതിവിശേഷം എന്നിവയാണ് ഡെല്‍റ്റ തരംഗത്തെ മാരകമാക്കിയതെന്ന് ഡോ. ധാര ചൂണ്ടിക്കാട്ടുന്നു. അതേ സമയം തീവ്രമായ അത്തരം ലക്ഷണങ്ങളോ രോഗസാഹചര്യമോ എക്സ്ബിബി 1.16 ഇതേ വരെ ഉണ്ടാക്കിയിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇന്ത്യയില്‍ ഭൂരിപക്ഷം പേരും വാക്സീന്‍ എടുത്തു എന്നതും രോഗത്തിന്‍റെ തീവ്രത കുറയ്ക്കുന്നു. എന്നാല്‍ ഈ വകഭേദവും ആന്തരിക അവയവങ്ങളെ ബാധിക്കാമെന്നതിനാല്‍ വൈറസ് പിടിപെടാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്ന് ഡോ. ധാര കൂട്ടിച്ചേര്‍ത്തു.
മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഇന്ത്യയില്‍ കോവിഡ് കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും കൂടുതല്‍ ആശുപത്രികള്‍ കോവിഡ് നിയന്ത്രണത്തിനായി സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
Content Summary: XBB.1.16 Spreading Rapidly