ADVERTISEMENT

പ്ലാസ്റ്റിക് പൊടിഞ്ഞുണ്ടാകുന്ന അതിസൂക്ഷ്മമായ കഷ്ണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്സ് എന്ന് വിളിക്കുന്നത്. അഞ്ച് മില്ലിമീറ്ററിനും താഴെ വലുപ്പമുള്ള പ്ലാസ്റ്റിക്കുകളെ മൈക്രോപ്ലാസ്റ്റിക്കിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നു. കടലിലും പുഴയിലും മഞ്ഞിലും വായുവിലുമെല്ലാം മൈക്രോപ്ലാസ്റ്റിക്കുകള്‍ കാണപ്പെടുന്നു. സ്വാഭാവികമായും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വായുവിലൂടെയും ഇവ മനുഷ്യശരീരത്തിനുള്ളിലും വളരെയെളുപ്പം എത്താറുണ്ട്. ശരാശരി മനുഷ്യന്‍റെയുള്ളിലേക്ക് പ്രതിവര്‍ഷം 74,000 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ കുടല്‍ ഉള്‍പ്പെടെയുള്ള മനുഷ്യ അവയവങ്ങള്‍ക്ക് അപകടകരമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

 

ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്, കുടലില്‍ മുഴകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് മൈക്രോപ്ലാസ്റ്റിക്സ് കാരണമാകാമെന്ന് ടഫ്റ്റ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുടലിന് പുറമേ രക്തത്തിലും തലച്ചോറിലും മറുപിള്ളയിലുമെല്ലാം മൈക്രോപ്ലാസ്റ്റിക്സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടഫ്റ്റ്സ് സര്‍വകലാശാലയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍ യിങ് ചെന്‍ പറഞ്ഞു. 

 

മൂലകോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്‍റെ കുടലിന് സമാനമായ ത്രിമാന ഘടനകളായ ഓര്‍ഗനോയ്ഡുകള്‍ നിര്‍മിച്ചാണ് ഗവേഷണം നടത്തിയത്. പല തരം കോശങ്ങളും പല തരം മൈക്രോപ്ലാസ്റ്റിക്കുകളെ ആഗീരണം ചെയ്യുന്നതായി പഠനത്തില്‍ നിരീക്ഷിച്ചു. കുടലിന്‍റെ ആന്തരിക ഭിത്തിയായ എപ്പിത്തീലിയല്‍ കോശങ്ങള്‍ ഏറ്റവും ചെറിയ നാനോപ്ലാസ്റ്റിക്കുകളെയാണ് ആഗീരണം ചെയ്യുന്നത്. കുടലിന്‍റെ പ്രതിരോധ പ്രതികരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന മൈക്രോഫോള്‍ഡ് കോശങ്ങൾ വലിയ പ്ലാസ്റ്റിക് കണങ്ങളെയാണ് ആഗീരണം ചെയ്തത്. 

 

മൈക്രോപ്ലാസ്റ്റിക്കിന്‍റെ ഉയര്‍ന്ന തോത് ഓര്‍ഗനോയ്ഡില്‍ നീര്‍ക്കെട്ടിനെ പ്രതിരോധിക്കുന്ന സൈറ്റോകീന്‍ പ്രവാഹത്തിന് കാരണമായതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഈ സൈറ്റോകീന്‍ പ്രവാഹമാണ് കുടലില്‍ ഇന്‍ഫ്ളമേറ്ററി ബവല്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്. പല തരത്തിലും വലുപ്പത്തിലും അളവിലുമുള്ള മൈക്രോപ്ലാസ്റ്റിക്കുകള്‍ കുടലിനെ എങ്ങനെയാണ് ബാധിക്കുന്നതെന്നറിയാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. നാനോമെഡിസിന്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. 

Content Summary: Microplastics May Pose a Serious Danger to The Intestine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com