ADVERTISEMENT

ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം എന്നാണ് കേരളം അറിയപ്പെടുന്നത്. രാജ്യത്തെ ശരാശരി പ്രമേഹ നിരക്ക് ജനസംഖ്യയുടെ എട്ട് ശതമാനമാണെങ്കില്‍ കേരളത്തില്‍ പ്രമേഹ നിരക്ക് 20 ശതമാനമാണ്. പ്രമേഹം  ഹൃദ്രോഗം അടക്കമുള്ള പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തിലെ പ്രമേഹ രോഗികള്‍ക്കിടയില്‍ ലൈംഗിക ശേഷിക്കുറവ് വ്യാപകമായി വര്‍ധിക്കുന്നതായി കോവളത്ത് അടുത്തിടെ നടന്ന പതിനൊന്നാമത് ജിപിഇഎഫ് വാര്‍ഷിക കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമുള്ള ഫിസിഷ്യന്മാരും ഡയബറ്റോളജിസ്റ്റുകളും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. 

 

ലൈംഗിക ശേഷിക്കുറവ് പൊതുവായുള്ള പ്രശ്നമാണെങ്കിലും രോഗികള്‍ മാത്രമല്ല ഡോക്ടര്‍മാരും ഈ വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്നതായി സമ്മേളനത്തില്‍ പങ്കെടുത്ത ഡോ. എ.വി. രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയും ഇത് ചൂണ്ടിക്കാട്ടുന്നു. ടൈപ്പ് 2 പ്രമേഹത്തിനായുള്ള മരുന്നുകള്‍ കഴിക്കുന്ന ചില രോഗികളില്‍ ടെസ്റ്റോസ്റ്റെറോണ്‍ തോത് കുറവായിരിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത് ഉത്തേജനക്കുറവിനും  ലൈംഗിക ഉദ്ധാരണ പ്രശ്നങ്ങള്‍ക്കും കാരണമാകാം. പ്രമേഹത്തിന്‍റെ ദൈര്‍ഘ്യം ഉള്‍പ്പെടെയുള്ള ഘടകങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇന്‍സുലിന്‍ പമ്പ്  ഉപയോഗിക്കുന്ന സ്ത്രീപുരുഷന്മാര്‍ ഇതിനെ കുറിച്ച് എപ്പോഴും  ബോധവാന്മാരായിരിക്കുന്നതും ലൈംഗികതയോടുള്ള താത്പര്യക്കുറവ് ഉണ്ടാക്കാം. 

 

പത്ത് വര്‍ഷത്തിലധികമായി പ്രമേഹബാധിതരായിരിക്കുന്ന പുരുഷന്മാരില്‍ 80 ശതമാനത്തിനും ഉദ്ധാരണശേഷിക്കുറവും പത്ത് വര്‍ഷത്തിലധികമായി പ്രമേഹബാധിതരായിരിക്കുന്ന സ്ത്രീകളില്‍ 90 ശതമാനത്തിനും ലൈംഗിക തകരാറും ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഡയബറ്റോളജിസ്റ്റും ജിപിഇഎഫ് സംഘാടകസമിതിയംഗവുമായ ഡോ. ജ്യോതിദേവ് കേശവദേവ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. മുപ്പതുകളിലും നാല്‍പതുകളിലുമുള്ള യുവാക്കള്‍ക്കിടയില്‍ പ്രമേഹം വ്യാപകമാകുന്നത് വലിയൊരു ജനസംഖ്യയുടെ ലൈംഗിക പ്രശ്ന സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

‌ലൈംഗിക ഉദ്ധാരണക്കുറവുള്ള നിരവധി പ്രമേഹ രോഗികളുണ്ടെന്നും ഇവയ്ക്ക് പരിഹാരമായി പല തരം തെറാപ്പികള്‍ ഇന്ന് ലഭ്യമാണെന്നും മുംബൈയില്‍ നിന്നുള്ള ലൈംഗികാരോഗ്യ വിദഗ്ധനായ ഡോ. ദീപക് ജുമാനി അഭിപ്രായപ്പെട്ടു. ഇത്തരം പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സ തേടാന്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Content Summary: Diabetes relates sexual dysfunction rise in Kearala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com