ദിവസവും പാരസെറ്റമോൾ കഴിച്ചാൽ ശരീരത്തിനു സംഭവിക്കുന്നത്
Mail This Article
സുഖമില്ലേ, വിഷമിക്കേണ്ട ഒരു പാരസെറ്റമോൾ (Paracetamol) കഴിച്ചാൽ മതി എന്നാകും. തലവേദന, പനി, ശരീരവേദന ഇവയ്ക്കെല്ലാം ഏറ്റവും സുരക്ഷിതം എന്നു കരുതുന്ന മരുന്നാണ് പാരസെറ്റമോൾ. എന്നാൽ മറ്റേതൊരു മരുന്നിനെയും പോലെ പാരസെറ്റമോളും കൂടുതൽ ശരീരത്തിലെത്തുന്നത് അപകടകരമാണ്. ഏതു വേദന സംഹാരിയും ദീർഘകാലത്തേക്ക് കൂടിയ അളവിൽ കഴിക്കുന്നത് അങ്ങേയറ്റം ദോഷം െചയ്യും. പാരസെറ്റമോൾ കൂടിയ അളവിൽ കഴിക്കുന്നത് കരളിന് ഗുരുതര നാശം ഉണ്ടാക്കും. കരൾമാറ്റ ശസ്ത്രക്രിയ സാധ്യമല്ലെങ്കിൽ, പാരസെറ്റമോൾ ടോക്സിസിറ്റി മൂലമുള്ള കരൾനാശവും മരണനിരക്കും 30 ശതമാനമാണ്. എഡിൻബർഗ് സർവകലാശാല ഗവേഷകർ 2017 ൽ നടത്തിയ പഠനം, പാരസെറ്റമോളും കരളിലെ കോശങ്ങളുടെ നാശവും തമ്മിലുള്ള ബന്ധം വെളിവാക്കുന്നു. കരളിന്റെ അടുത്തടുത്ത കോശങ്ങളുടെ ഘടനയെ പാരസെറ്റമോൾ തകരാറിലാക്കുന്നതായി പഠനത്തിൽ കണ്ടു. ദിവസവും കൂടിയ അളവിൽ വർഷങ്ങളായി പാരസെറ്റമോൾ കഴിക്കുന്നവരിൽ മരണസാധ്യത വർധിക്കുമെന്നും വൃക്ക, കുടലുകൾ, ഹൃദയം ഇവ തകരാറിലാവുമെന്നും ബ്രിട്ടിഷ് മെഡിക്കൽ ജേണൽ പറയുന്നു. മരുന്നുകളുടെ ദീർഘകാല ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് വിദഗ്ധർ പറയുന്നു. മരുന്നിന്റെ ഡോസ് എത്ര അധികമാകുന്നുവോ അത്രയും അപകടസാധ്യതയും കൂടുന്നു.
കരൾ നശിക്കുന്നതെങ്ങനെ?പാരസെറ്റമോൾ മാത്രമല്ല കരളിനെ നശിപ്പിക്കുന്നത്. മറിച്ച് മെറ്റബോളൈറ്റുകളിൽ ഒന്നായ അസെറ്റൈൽ പി ബെൻസോക്വിനോൺ ഇ മൈൻ അഥവാ NAPQI യും ഇതിനു പിന്നിലുണ്ട്. ഇത് കരളിലെ ഗ്ലൂട്ടാത്തിയോണിന്റെ അളവ് കുറയ്ക്കുന്നതു മൂലം കരളിന്റെ കോശങ്ങൾ നശിക്കുന്നു.
സ്വയം ചികിത്സ ഒഴിവാക്കാം
പാരസെറ്റമോൾ ശരിയായും കൃത്യമായ അളവിലും കഴിച്ചാൽ സുരക്ഷിതമാണ്. വെറുതെ മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് വാങ്ങി കഴിക്കുന്നതിലും സുരക്ഷിതം വൈദ്യനിർദേശപ്രകാരം കഴിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ, ഡോക്ടറെ കണ്ടുപതന്നെ രോഗനിർണയവും ചികിത്സയും തേടുന്നതാണ് നല്ലത്.
വേദനസംഹാരികളുടെ ഉപയോഗം കിഡ്നി നാശത്തിലേക്കോ? - വിഡിയോ