വീണ്ടും സിക വൈറസ്; ഈഡിസ് കൊതുകുകളെ കരുതിയിരിക്കാം
Mail This Article
തലശ്ശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ എന്ന് സ്ഥിരീകരിച്ചതോടെ സിക (Zika) വാർത്തകളിലിടം നേടുകയാണ്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ചുറ്റും കൊതുകുകൾ പറക്കുമ്പോൾ കേരളം പേടിക്കണം പുതിയ രോഗങ്ങളെയും. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങി അപകടകരമായ പനിക്കണക്കിലേക്കു നാടിനെ തള്ളി വിട്ടത് ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ്. ഇതേ കൊതുകുകളാണ് ഇന്നു ലോകത്തെ വിറപ്പിക്കുന്ന സിക വൈറസ് വ്യാപനത്തിനു പിന്നിലെന്നതും ആശങ്കയുണർത്തുന്നു. മൂന്നു ദശാബ്ദം മുൻപു കേരളത്തിൽ ഇല്ലായിരുന്ന ഈഡിസ് കൊതുകുകൾ ഡെങ്കിപ്പനിയിലൂടെയും ചിക്കുൻഗുനിയയിലൂടെയും നഗര ഗ്രാമ വ്യത്യാസമില്ലാതെ ഇന്നു നമ്മെ വിറപ്പിക്കുകയാണ്.
ലോകത്തെ വിറപ്പിച്ച സിക വൈറസ്
കടുത്ത ആശങ്കയിലാണ് 2016–ലെ ബ്രസീൽ ഒളിംപിക്സ് നടന്നത്. പല രാജ്യങ്ങളും ആദ്യം തങ്ങളുടെ ടീമിനെ ബ്രസീലിലേക്ക് വിടാൻ പോലും സംശയിച്ചു. കാരണം മറ്റൊന്നുമായിരുന്നില്ല. 2015 അവ
സാനത്തോടെ ബ്രസീലിൽ പടർന്നുപിടിച്ച സിക (Zika) എന്ന പകർച്ചവ്യാധി! ഫ്ലാവിവിറിഡേ (Flaviviridae) കുടുംബത്തിൽപ്പെട്ട സിക (Zika) വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്. ഈഡിസ്
കൊതുകുകൾ വഴി ഇത് മനുഷ്യരിലേക്ക് പടരുന്നു. 1947–ൽ യുഗാണ്ടയിൽ ഒരു കുരങ്ങിൽ നിന്നാണ് ആദ്യമായി സിക വൈറസിനെ കണ്ടെത്തിയത്. 1952–ൽ യുഗാണ്ടയിലും ടാൻസനിയയിലും ഇത് മനുഷ്യരിൽ റിപ്പോർട്ട് ചെയ്തു.പൊതുവെ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത സിക ഗർഭസ്ഥശിശുക്കളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. തല ചെറുതായ അവസ്ഥയിലാണ് (Microcephaly) ഈ കുഞ്ഞുങ്ങൾ മിക്ക വാറും ജനിക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക മൂലം ഉണ്ടാകാറുണ്ട്.
ഈഡിസ് സുന്ദരികളെ കരുതിയിരിക്കുക
പുറത്തു വെള്ളയും കറുപ്പുമായി രണ്ടു വരയുള്ള സുന്ദരന്മാരും സുന്ദരികളുമാണ് ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ. പെൺ വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു രോഗ വാഹകർ. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്താൻ കാരണക്കാരനായത്. ശ്രദ്ധിക്കുക, ഇതേ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു സിക വൈറസ് വ്യാപിപ്പിക്കുന്നതും. മറ്റു കൊതുകുകൾ രാത്രിയിൽ മനുഷ്യരെ കടിക്കുമ്പോൾ ഈഡിസ് കൊതുകുകൾ കടിക്കുന്നതു പകൽ സമയത്ത്. രാത്രി കൊതുകിനെ തുരത്താനായി ഒരുക്കിവയ്ക്കുന്നതൊന്നും ഈഡിസിനെ ബാധിക്കില്ലെന്നർഥം. വെളുപ്പിനെയും സന്ധ്യയാകുമ്പോഴുമാണ് ഇത് ഏറ്റവും അധികം കടിക്കുന്നത്. ഈഡിസ് കൊതുകുകൾ വൃത്തിക്കാരാണ്. ശുദ്ധമായ വെള്ളത്തിൽ അവ മുട്ടയിടും. മറ്റു കൊതുകുകൾ ഒരു സ്ഥലത്തു കേന്ദ്രീകരിച്ചു മുട്ടയിടുമ്പോൾ ഈഡിസ് കൊതുകുകൾ ഒരു പ്രദേശത്തു മുഴുവൻ മുട്ടിയിടും. ഒന്നോ രണ്ടോ വെള്ളക്കെട്ടുകൾ ഒഴിവാക്കിയിട്ടു കാര്യമില്ലെന്നർഥം. ഒരു വർഷം വരെ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളുടെ മുട്ട കേടു കൂടാതെയിരിക്കും. ഇതിനിടയിൽ എപ്പോഴെങ്കിലും വെള്ളം കിട്ടിയാൽ മതി മുട്ട വിരിഞ്ഞു കൂത്താടിയാകാൻ. മുട്ട വിരിയാൻ മറ്റു കൊതുകുകളെ അപേക്ഷിച്ചു കുറഞ്ഞ സമയം മതി ഈഡിസ് വിഭാഗത്തിന്.
പൊതുജനങ്ങളും ശ്രദ്ധിക്കണം
നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നു പരാതി പറഞ്ഞു വീട്ടിലെ പാഴ്‌വസ്തുക്കൾ അടുത്ത പ്രദേശത്തേക്കു വലിച്ചെറിഞ്ഞു ജീവിച്ചാൽ മാത്രം മതിയോ.. കൊതുകിനെ തുരത്താൻ ഓരോരുത്തരും ശ്രദ്ധിക്കണം. കൊതുകിനെ തുരത്താൻ ഡ്രൈ ഡേ ആചരിക്കാൻ ഓരോ വീട്ടുകാരും ശ്രമിക്കണം.. നമ്മുടെ പരിസരത്തു തന്നെ വാസമുറപ്പിക്കുന്ന ഈഡിസ് കൊതുകുകളാണ് ഇന്നു ലോകത്തിനു ഭീഷണിയുയർത്തുന്ന സിക വൈറസ് ഉൾപ്പെടെയുള്ളവയെ വ്യാപിപ്പിക്കുന്നതെന്ന വസ്തുത കണക്കിലെടുക്കണം. വീടിനും സമീപത്തും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. ചെടിച്ചട്ടി, വീടിനു സമീപം കിടക്കുന്ന പാഴ്‌വസ്തുക്കൾ, ചിരട്ടകൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കണം. ഫ്രിഡ്ജിൽ നിന്നു വെള്ളം ശേഖരിക്കുന്ന ട്രേയിൽ വരെ ഈഡിസ് കൊതുകു മുട്ടയിട്ടു വളരാം.