ADVERTISEMENT

ചര്‍മ്മാര്‍ബുദമായ മെലനോമയ്‌ക്കെതിരെ സംരക്ഷണം നല്‍കാനായി വികസിപ്പിച്ച വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയില്‍ ആരംഭിച്ചു. യുകെയിലെ യൂണിവേഴ്‌സിറ്റി കോളജ്‌ ലണ്ടന്‍ ഹോസ്‌പിറ്റലിലാണ്‌ എംആര്‍എന്‍എ അധിഷ്‌ഠിത കാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി പരീക്ഷണം നടക്കുന്നത്‌. ലോകത്തില്‍ ഇതാദ്യമായാണ്‌ ഇത്തരമൊരു വാക്‌സീന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത്‌.

ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ്‌ മെലനോമ. ഇതിന്റെ ഭാഗമായ അര്‍ബുദ മുഴകള്‍ നീക്കം ചെയ്‌ത ശേഷം അവ വീണ്ടും വരാതിരിക്കാനുള്ള വാക്‌സീന്റെ പരീക്ഷണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഓരോ രോഗിയുടെയും മുഴയുടെ ജനിതക ഘടനയ്‌ക്ക്‌ അനുസൃതമായാണ്‌ ഈ ഇമ്മ്യൂണോതെറാപ്പി.

Photo Credit: Pixel-Shot/ Shutterstock.com
Photo Credit: Pixel-Shot/ Shutterstock.com

ഇതിനായി ശസ്‌ത്രക്രിയയുടെ സമയത്ത്‌ രോഗിയുടെ മുഴയിലെ സാംപിള്‍ ശേഖരിക്കും. ഈ സാംപിളിനെ ഡിഎന്‍എ സീക്വന്‍സിങ്‌ നടത്തി, നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ്‌ വ്യക്തിഗത ചികിത്സാ പദ്ധതി വികസിപ്പിക്കുന്നത്‌.

നിലവിലെ ചികിത്സയുമായി താരതമ്യം ചെയ്യുമ്പോള്‍ അര്‍ബുദം മടങ്ങി വരാനോ, മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം രോഗി മരണപ്പെടാനോ ഉള്ള സാധ്യത പുതിയ ഇമ്മ്യൂണോതെറാപ്പിയില്‍ 49 ശതമാനം കുറവാണെന്ന്‌ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എംആര്‍എന്‍-4157ന്റെയും പെംബ്രോലിസുമാബിന്റെയും ഒരു സംയുക്തമാണ്‌ മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഉപയോഗിക്കുന്നത്‌.

അര്‍ബുദകോശങ്ങളിലെ നിയോആന്റിജനുകളെ ലക്ഷ്യം വയ്‌ക്കുന്ന 34 പ്രോട്ടീനുകളെ നിര്‍മ്മിക്കാന്‍ ശരീരത്തിന്‌ നിര്‍ദ്ദേശം നല്‍കുന്നതാണ്‌ പുതിയ ചികിത്സ. ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷയറില്‍ നിന്നുള്ള 52 കാരനായ ഒരു സംഗീതജ്ഞനാണ്‌ പുതിയ പരീക്ഷണത്തിനായി താത്‌പര്യം അറിയിച്ച രോഗികളില്‍ ഒരാള്‍. സ്‌റ്റേജ്‌ 2 മെലനോമ ബാധിച്ച ഇദ്ദേഹത്തിന്റെ മുഴകള്‍ നീക്കം ചെയ്‌തിരുന്നു. ഇദ്ദേഹം ഉള്‍പ്പെടെ 1089 അര്‍ബുദ രോഗികള്‍ യുകെയുടെ വിവിധ ഇടങ്ങളിലായി നടത്തുന്ന പരീക്ഷണത്തില്‍ പങ്കെടുക്കുന്നുണ്ട്‌.
 

English Summary:

Personalized Vaccine Trial Could Change Cancer Treatment Landscape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com