ഡെങ്കിപ്പനി അതിജീവിച്ചവർ അഭിമുഖീകരിക്കുന്നത് കോവിഡ് വന്നവരെക്കാൾ അധികം ആരോഗ്യപ്രശ്നങ്ങൾ
Mail This Article
കോവിഡ് 19 വന്നവരെക്കാൾ, ഡെങ്കിപ്പനിയെ അതിജീവിച്ചവർക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യതയെന്ന് പഠനം സിംഗപ്പൂർ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഡെങ്കിപ്പനി ബാധിച്ച് ഒരു വർഷത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്ന് കണ്ടത്.
ഡെങ്കിപ്പനിയെ അതിജീവിച്ചവർക്ക് ഹൃദയപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനമാണ്. ഇവർക്ക് ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദ്രോഗം, രക്തം കട്ടപിടിക്കൽ എന്നിവ വരാൻ സാധ്യത ഏറെയാണ്.
ജൂലൈ 2021 നും ഒക്ടോബർ 2022 നും ഇടയിൽ ഡെങ്കിപ്പനി ബാധിച്ച 11,707 േപരുടെയും കോവിഡ് ബാധിച്ച 12,48,326 പേരുടെയും വിവരങ്ങൾ പരിശോധിച്ചു. രോഗം വന്ന് 31 മുതൽ 300 ദിവസത്തിനുള്ളിൽ ഹൃദയപ്രശ്നങ്ങൾ, നാഡീസംബന്ധമായ പ്രശ്നങ്ങൾ, രോഗപ്രതിരോധസംവിധാനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ആണ് പഠനം പരിശോധിച്ചത്.
ലോകത്ത് വളരെ സാധാരണമായ ഒരു വെക്റ്റർബോൺ രോഗമാണ് ഡെങ്കിപ്പനി. കൊതുകുകൾ പരത്തുന്ന ഒരു രോഗമാണിത്. ഈ രോഗം മൂലം ദീർഘകാലത്തേക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ആരോഗ്യമേഖലയ്ക്കും വ്യക്തികൾക്കും രാജ്യത്തിനു തന്നെയും ഒരു ഭാരമായിത്തീരുന്നു. സിംഗപ്പൂരിലെ എൻടിയുവിലെ ലീ കോങ്ങ് ചിയാൻ സ്ക്കൂൾ ഓഫ് മെഡിസിൻ, ആരോഗ്യമന്ത്രാലയം, സിംഗപ്പൂർ ജനറൽ ഹോസ്പിറ്റൽ, ദി നാഷണൽ സെന്റർ ഫോർ ഇൻഫക്ഷ്യസ് ഡിസീസസ്, നാഷണല്‍ എൻവയൺമെന്റൽ ഏജൻസി എന്നിവർ ചേർന്ന ഒരു സംഘമാണ് പഠനം നടത്തിയത്.
കാലാവസ്ഥാ മാറ്റങ്ങൾ മൂലം ഡെങ്കിയുടെ വ്യാപനം കൂടുതൽ ഭൗമമേഖലകളിലേക്ക് വ്യാപിച്ചതാണ് പഠനം നടത്താൻ കാരണം എന്ന് പഠനത്തിനു നേതൃത്വം നൽകിയ അസിസ്റ്റന്റ് പ്രഫസറായ ലിം ജ്യൂ താവോ പറയുന്നു. ഡെങ്കിപ്പനി തടയാനുള്ള മാർഗങ്ങള്‍ ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം വെളിവാക്കുന്ന ഈ പഠനം ജേണൽ ഓഫ് ട്രാവൽ മെഡിസിനിൽ പ്രസിദ്ധീകരിച്ചു.