വിമാനത്താവളങ്ങൾക്ക് സമീപം താമസിക്കുന്നത് ഹൃദയാരോഗ്യത്തിന് നന്നല്ല : പഠനം

Mail This Article
വിമാനത്താവളത്തിന് സമീപമാണ് താമസിക്കുന്നതെങ്കിൽ ജെറ്റ് എഞ്ചിനുകളുടെ ശബ്ദം നിങ്ങൾ കരുതുന്നതിനെക്കാളധികം അപകടകരമാണ്. വിമാനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. വിമാനങ്ങളുടെ ഉയർന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമാകുമെന്ന് പഠനം പറയുന്നു.
ഹീത്രൂ, ഗാട്‌വീക്ക്, ബർമിങ്ഹാം, മാഞ്ചസ്റ്റർ വിമാനത്താവളങ്ങൾക്ക് സമീപം താമസിക്കുന്നവരുടെ ഹൃദയത്തിന്റെ ഘടനയും പ്രവർത്തനവും 10 മുതൽ 20 ശതമാനം വരെ തകരാറിലാണെന്ന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
വിമാനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നത് ഹൃദയത്തിലെ പേശികൾക്ക് കട്ടി കൂടാൻ കാരണമാകും എന്ന് പഠനത്തിൽ കണ്ടു. ഈ മാറ്റങ്ങൾ കാരണം രക്തം പമ്പു ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് കുറയുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു.

യുകെയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങൾക്ക് സമീപം താമസിക്കുന്ന 3,600 പേരുെട വിവരങ്ങൾ യു.കെ ബയോബാങ്കിൽ നിന്ന് ഗവേഷകർ ശേഖരിച്ചു. ഇവരുടെ ഹൃദയത്തിന്റെ എംആർഐ സ്കാനുകൾ പരിശോധിച്ചു. ഇത് യു.കെ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ എയർക്രാഫ്റ്റ് നോയ്സ് എസ്റ്റിമേറ്റുമായി താരതമ്യം ചെയ്തു.
പകൽസമയം 50 ഡെസിബെല്ലിനു മുകളിലും രാത്രിയിൽ 45 ഡെസിബെല്ലിനു മുകളിലും ശബ്ദം കേൾക്കേണ്ടി വരുന്ന ആളുകളുടെ ഹൃദയത്തിന് സാരമായ മാറ്റം സംഭവിച്ചതായി പഠനത്തിൽ കണ്ടു.
ലോകാരോഗ്യ സംഘടന നിർദേശിച്ച പകൽ 45 ഡെസിബെൽ, രാത്രിയിൽ 40 ഡെസിബെൽ എന്ന പരിധിക്കും മുകളിലാണിത്.
വിമാനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദവുമായി സമ്പർക്കം വരുന്നവരിൽ ഹൃദയത്തിന്റെ മാസ് (7 ശതമാനം) കൂടിയതായും ഹൃദയഭിത്തിയുടെ കട്ടി (4 ശതമാനം) കൂടിയതായും കണ്ടു.
ഈ കണ്ടെത്തലുകളെ 21,400 പേരുടെ ഹൃദയത്തിന്റെ എംആർഐ സ്കാനുമായി ഗവേഷകർ താരതമ്യം ചെയ്തു. ഇതിൽ നിന്നും വിമാനങ്ങളുടെ ശബ്ദം ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയത്തിന്റെ ക്രമരഹിതമായ മിടിപ്പ് ഇവയ്ക്കുള്ള സാധ്യത കൂട്ടുന്നതായി കണ്ടു.
രാത്രി സമയത്തുള്ള വിമാനങ്ങളുടെ ശബ്ദം ആരോഗ്യത്തെ കുടുതലായി ബാധിക്കുന്നതായി കണ്ടു. ഉറക്കത്തെക്കൂടി ഇത് ബാധിക്കുന്നതിനാലാണിത്.

ശബ്ദമലിനീകരണം, ശരീരത്തിന്റെ ഫൈറ്റ് ഓർ ഫ്ലൈറ്റ് സ്ട്രെസ്സ് റെസ്പോൺസിനെ ബാധിക്കുകയും രക്തസമ്മർദം കൂടാൻ കാരണമാകുകയും ചെയ്യും. കൂടാതെ സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോളിനെ ഉൽപാദിപ്പിക്കുകയും ഇത് വിശപ്പ് കൂടാനും ശരീരഭാരം കൂട്ടാനും കാരണമാകുകയും ചെയ്യും.
ഗുരുതരമായ ശബ്ദമലിനീകരണം ഹൃദയാഘാതത്തിലേക്കു നയിക്കും എന്നതിനെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ഇനിയും ആവശ്യമാണ്.
എയർക്രാഫ്റ്റുകളുടെ ശബ്ദം മൂലമുള്ള ദോഷഫലങ്ങൾ ഒഴിവാക്കാൻ ചില മാർഗങ്ങൾ വിദഗ്ധർ നിർദേശിക്കുന്നു.
സൗണ്ട് പ്രൂഫ് ജനാലകൾ വയ്ക്കുക, നോയ്സ് കാൻസലിങ് ഉപകരണങ്ങൾ ഉപയോഗിക്കുക. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക ഇവയെല്ലാം രോഗസാധ്യത കുറയ്ക്കും.
വിമാനത്താവളങ്ങൾക്ക് സമീപം താമസിക്കുന്നവർ ഹൃദയാരോഗ്യം ഇടയ്ക്കിടെ പരിശോധിക്കേണ്ടതും ആരോഗ്യപ്രവർത്തകന്റെ നിർദേശം തേടേണ്ടതുമാണ്. ക്ഷീണം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ശ്വാസമെടുക്കാൻ പ്രയാസം ഇവ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം. യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.