ലോക്ഡൗൺ: ഇനി മദ്യക്കടയിൽ പോവണ്ടാ; കാത്തിരിക്കുന്നത് സമാധാനം

Mail This Article
ലോക്ഡൗൺ കാലത്തു മദ്യപാനം മുടങ്ങിയതിനെ അനുകൂലമായി ഉപയോഗിക്കാനാവണമെന്ന് പ്രമുഖ മനോരോഗ വിദഗ്ധൻ ഡോ. സി.ജെ.ജോൺ. ഇക്കാലത്തു കുടി നിർത്തിയവരിൽ പകുതിയെങ്കിലും അതു വീണ്ടും തുടങ്ങാതിരുന്നാൽ അവരുടെ കുടുംബബജറ്റിനു ഗുണമുണ്ടാകുമെന്നും അങ്ങനെ കുടി നിർത്തുന്നവരെ സ്നേഹിച്ചും പ്രോൽസാഹിപ്പിച്ചും പുതിയ ജീവിതം നൽകാമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
ഡോ. സി.ജെ.ജോണിന്റെ ഫെയ്സ്ബുക് കുറിപ്പു വായിക്കാം:
മദ്യം ലോക്ഡൗൺ ആയതുകൊണ്ട് മദ്യപാനം നിർത്തിയവരിൽ അന്‍പതു ശതമാനം പേരെങ്കിലും ആ ശീലത്തിലേക്കു തിരിച്ചു പോകാതിരുന്നാൽ അവരുടെ ഫാമിലി ബഡ്ജറ്റിൽ വലിയ ഗുണം ചെയ്യും. പ്രത്യേകിച്ച് മാന്ദ്യ കാലത്ത്. ആരോഗ്യത്തിന് ഉണ്ടാക്കുന്ന കോട്ടങ്ങളും കുറയും. അമിത മദ്യപാനികളുടെ വിത്ത്ഡ്രോവൽ പ്രശ്നങ്ങളൊക്കെ വിവിധ ആരോഗ്യ സംവിധാനങ്ങൾ കൈകാര്യം ചെയ്ത് എല്ലാവരെയും മദ്യ കടലില്‍ നിന്നും കരയില്‍ എത്തിച്ചിട്ടുണ്ട്. ഇനിയും അതിൽ ചാടാതിരുന്നാൽ നല്ലത്. ബെവ്കോ മദ്യ ഔട്ട്‌ലെറ്റുകൾ തുറക്കും നേരം ആക്രാന്തം മൂത്ത് അവിടെ കടിപിടി കൂടാൻ പോകില്ലെന്ന് ദൃഢ നിശ്ചയം ചെയ്യണം. കൊറോണ നിയന്ത്രണത്തിന് അപ്പുറം ഇത് കൂടി സംഭവിച്ചാല്‍ കൂടുതല്‍ നല്ലത്. കുടി നിര്‍ത്തിയ വ്യക്തികളെ നന്നായി സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും ഒരു വ്യത്യസ്ത ജീവിതം നല്‍കാം. ഈ സാഹചര്യം മദ്യം നിര്‍ത്താനുള്ള അവരുടെ കഴിവിനെ കാണിച്ച് തന്നുവെന്ന് പറഞ്ഞ് ഇതവരുടെ വിജയമായി തന്നെ സാക്ഷ്യപ്പെടുത്തുക. യു ക്യാൻ എന്ന് തന്നെ പ്രകീർത്തിക്കുക. വീട്ടിലെ സമാധാനവും സന്തോഷവുമാണ് കൂടുതല്‍ നല്ലതെന്ന് അവര്‍ക്ക് തോന്നട്ടെ. ഇനി നിറഞ്ഞ മദ്യ കുപ്പികള്‍ വേണ്ട.
English Summary : Keep abstinence from alcohol, boost your family budget