ADVERTISEMENT

എള്ളുണ്ടയോ കടലമിഠായിയോ കണ്ടാൽ സന്തോഷമാണ്. എന്നാൽ ആ സന്തോഷം നിമിഷനേരം കൊണ്ട് ആശങ്കയായി മാറും. ഇതു കടിച്ചുപൊട്ടിക്കാൻ പറ്റുമോ?.... ‘പല്ലു പണിതരുമോ’ എന്ന ആശങ്കയുമായി കഴിയുന്ന അറുപതുകാരന്റെ പരിദേവനം ദന്തഡോക്ടറോടായിരുന്നു. പല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുന്നു, പല്ലുകൾക്കിടയിൽ അകലം കൂടിയതായി തോന്നുന്നു എന്നെല്ലാമാണ് ഇദ്ദേഹത്തിന്റെ പരാതി. പല്ലിന്റെ വേരു തെളിഞ്ഞുകാണുന്നുണ്ട്. പല്ലുതേയ്ക്കുമ്പോൾ ഇടയ്ക്കിടെ രക്തം പൊടിയുന്നുമുണ്ട്. ആകെ സംശയമായി. ഇതെന്താണിങ്ങനെ? മോണരോഗമാണ് ഇദ്ദേഹത്തിന്റെ പ്രശ്നങ്ങൾക്കു പിന്നിലെന്ന് ഡോക്ടർക്കു മനസ്സിലായി. മോണരോഗവിദഗ്ധന്റെ ചികിത്സയ്ക്കു വിധേയനാകാൻ ഡോക്ടർ നിർദേശവും നൽകി. 

Read Also : മുതിർന്ന പൗരന്മാരിലെ ഏകാന്തത അകറ്റാൻ 7 കാര്യങ്ങൾ ശീലമാക്കാം

എന്താണീ മോണരോഗം? ഇതു മരുന്നുകൊണ്ടു മാറില്ലേ?

ഒരു വീടിന് കെട്ടുറപ്പു നൽകുന്നത് അതിന്റെ അടിത്തറയാണെന്നതുപോലെ പല്ലുകൾക്കു കെട്ടുറപ്പു നൽകുന്നതാണ് മോണ. മൃദുവായ ദശയും പല്ലും എല്ലുമായി ചേരുന്ന നേർത്ത തന്തുക്കളും അസ്ഥിയും പല്ലിന്റെ വേരിനെ ആവരണം ചെയ്യുന്ന സിമന്റവും കൂടിച്ചേരുന്നതാണ് മോണ. ഇവയ്ക്കുണ്ടാകുന്ന ക്ഷതം മോണരോഗത്തിൽ കലാശിക്കുന്നു. ക്ഷതമുണ്ടായ ഭാഗം പുനർനിർമിക്കപ്പെട്ടാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ. മരുന്നുകൊണ്ടു മാറുന്ന ഒന്നല്ല ഇതെന്നു സാരം. 

ഏതു പ്രായത്തിലും മോണരോഗം വരുമോ?

ഏതു പ്രായത്തിലും മോണരോഗം ഉണ്ടാകാം. വായിൽ ലക്ഷക്കണക്കിന് അണുക്കൾ അധിവസിക്കുന്ന ഇടമാണ് പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന പ്ലാക് അഥവാ ബയോഫിലിം. യഥാസമയം സ്കെയിലിങ് നടത്തി ഇവ നീക്കം ചെയ്യാത്തവർക്ക് മോണരോഗമുണ്ടാകും. വർഷത്തിൽ രണ്ടു തവണ ഇങ്ങനെ പല്ല് ക്ലീൻ ചെയ്യണം. 

How to treat Gum Disease - Symptoms, Stages & Treatment
Representative Image. Photo Credit : Koldunov / iStockPhoto.com

മുൻപു പറഞ്ഞ പ്രശ്നങ്ങ‌ൾ എങ്ങനെ പരിഹരിക്കാം? 

പല്ലിൽ നിന്നു ചോര പൊടിയുന്നത്, ക്ലീനിങ് കഴിയുമ്പോൾത്തന്നെ കുറഞ്ഞുതുടങ്ങും. അസ്ഥിക്ക് ഭ്രംശം സംഭവിച്ച് തേയ്മാനമുണ്ടായതു കാരണമാണ് പല്ലുകൾക്കിടയിൽ അകലം വന്നുതുടങ്ങിയത്. അസ്ഥിയെ പുനർനിർമിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയ ഗ്രാഫ്റ്റ്, രക്തത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന പിആർഎഫ് (പ്ലേറ്റ്‌ലെറ്റ് റിച്ച് ഫൈബ്രൻ) എന്നിവ ഉപയോഗിച്ച് ലഘുവായ ശസ്ത്രക്രിയ വഴി ഇതു പരിഹരിക്കാം. ശസ്ത്രക്രിയ കഴിഞ്ഞ് നാലു മുതൽ ആറു വരെ മാസങ്ങൾക്കുള്ളിൽ പഴയതുപോലെ എള്ളുണ്ടയും കടലമിഠായിയുമെല്ലാം കടിച്ചുപൊട്ടിക്കാം. പല്ലിന്റെ വേരു തെളിഞ്ഞു കാണുന്നത് തെറ്റായ ബ്രഷിങ് രീതി കൊണ്ടുകൂടിയാണ്. മോണയുടെ പിൻവാങ്ങൽ എന്നാണ് ഈ അവസ്ഥയെ പറയാറ്. അഭംഗി കൂടുതലായാൽ ലഘുവായ ശസ്ത്രക്രിയ വഴി ഇതും പരിഹരിക്കാം. 

ഏതെങ്കിലും പ്രത്യേക രോഗമുള്ളവർക്ക് മോണരോഗം വരാൻ കൂടുതൽ സാധ്യതയുണ്ടോ?

മോണയുടെ ആരോഗ്യം ശരീരത്തിന്റെ പൊതുവായ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലുണ്ടാകുന്ന നീർവീക്കം വായിലെ ശ്ലേഷ്മസ്തരത്തെയും മോണയെയും ബാധിക്കാറുണ്ട്. മോണരോഗവും പ്രമേഹവും തമ്മിൽ ദ്വിദിശാബന്ധമുണ്ട്. അതായത്, നിയന്ത്രണവിധേയമല്ലാത്ത മോണരോഗമുള്ളവരിൽ പ്രമേഹത്തിന്റെ തോത് കൂടുന്നതായും പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരിൽ മോണരോഗം കൂടുന്നതായും പഠനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഹൃദ്രോഗം, ഉദരരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയുമായുള്ള ബന്ധവും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

മോണരോഗം വരാതിരിക്കാൻ ഭക്ഷണരീതിയിൽ എന്തു മാറ്റം വേണം?

സമീകൃതാഹാരം ശീലമാക്കുക. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുക. മോണയുടെ ആരോഗ്യത്തിന് വൈറ്റമിൻ സി, ഡി എന്നിവ വളരെ പ്രാധാന്യമർഹിക്കുന്നു. ഓറഞ്ച്, നെല്ലിക്ക, തൈര് തുടങ്ങിയവ കഴിക്കാൻ ശ്രദ്ധിക്കുക. ഇലക്കറികളും ധാരാളം കഴിക്കണം. പുകവലി മോണരോഗം കൂടുതലാകാൻ കാരണമാകും. പുകവലി ഉപേക്ഷിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്യുക. ഇളവെയിൽ കൊണ്ട് കുറച്ചുനേരം വ്യായാമം ചെയ്യുന്നത് വൈറ്റമിൻ ഡി ആഗിരണം ചെയ്യാൻ സഹായിക്കും. 

(വിവരങ്ങൾക്കു കടപ്പാട്: ഡോ. ജി.ആർ. മണികണ്ഠൻ, ഹെൽത്ത് കെയർ കൺവീനർ, സൊസൈറ്റി ഓഫ് പെരിയോഡോന്റിസ്റ്റ്സ് ആൻഡ് ഇംപ്ലാന്റോളജിസ്റ്റ്സ് ഓഫ് കേരള)

 

അർബുദത്തെ അതിജീവിച്ച കുത്താംപുള്ളിക്കാരുടെ മാലാഖ - വിഡിയോ കാണാം

 

Content Summary : How to treat Gum Disease - Symptoms, Stages & Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com