സ്ത്രീകളിലെ അര്‍ബുദ സാധ്യത കുറയ്ക്കാനായി പിന്തുടരാം ഈ കാര്യങ്ങള്‍
Mail This Article
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ അര്‍ബുദ സാധ്യത കുറവാണെങ്കിലും അടുത്ത കാലത്തായി സ്ത്രീകളിലെ അര്‍ബുദ ബാധ ഉയരുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം, ചര്‍മാര്‍ബുദം, ശ്വാസകോശ അര്‍ബുദം എന്നിവ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. മാറിയ ജീവിതശൈലിയും ചില ശീലങ്ങളുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.
സ്ത്രീകളിലെ അര്‍ബുദ സാധ്യത കുറയ്ക്കാനായി അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നിര്‍ദേശിക്കുന്ന ചില കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.
1. പുകവലി ഉപേക്ഷിക്കുക
പുകവലി ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത മാത്രമല്ല വായ, തൊണ്ട, അന്നനാളം, വയര്‍, കുടല്‍, റെക്ടം, കരള്‍, പാന്‍ക്രിയാസ്, വൃക്ക, മൂത്രസഞ്ചി എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളിലേക്കും നയിക്കാം. ഇതിനാല്‍ പുകവലിക്കുന്നവര്‍ ഈ ശീലം ഉടന്‍ നിര്‍ത്തേണ്ടതാണ്. പുകവലിക്കാത്തവര്‍ പുകവലിക്കുന്നവരുടെ സമീപം പോയി നിന്ന് സെക്കന്‍ഹാന്‍ഡ് സ്‌മോക്കിന് വിധേയരാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
2. അമിതമായി വെയില്‍ കൊള്ളാതിരിക്കാം
സൂര്യപ്രകാശം, ടാനിങ് ബെഡുകള്‍, സണ്‍ലാംപുകള്‍ എന്നിവയില്‍ നിന്നെല്ലാം അമിതമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കേണ്ടത് ചര്‍മാര്‍ബുദ സാധ്യത ഒഴിവാക്കാന്‍ അത്യാവശ്യമാണ്. വെളിയില്‍ ഇറങ്ങേണ്ടി വരുന്നവര്‍ സണ്‍സ്‌ക്രീനും ഉപയോഗിക്കേണ്ടതാണ്.
3. മദ്യപാനം ഒഴിവാക്കുക
ബവല്‍ കാന്‍സര്‍, സ്തനാര്‍ബുദം, വായിലെയും തൊണ്ടയിലെയും കരളിലെയും അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത മദ്യപാനം വര്‍ധിപ്പിക്കുന്നു. ഇതിനാല്‍ അര്‍ബുദത്തെ തടയാന്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കുകയോ അതിന് സാധിക്കാത്തവര്‍ അളവ് പരിമിതപ്പെടുത്തുകയോ ചെയ്യുക.
4. അമിതഭാരം നിയന്ത്രിക്കാം
അമിതഭാരവും പൊണ്ണത്തടിയും 40 ശതമാനം അര്‍ബുദങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാല്‍ അമിതഭാരം നിയന്ത്രിക്കേണ്ടതും അര്‍ബുദ സാധ്യത ഒഴിവാക്കാന്‍ അത്യാവശ്യമാണ്.
പരിശോധന മുഖ്യം
നേരത്തെ അര്‍ബുദം കണ്ടെത്താനായി ഒരു പ്രായത്തിനു ശേഷം സ്‌ക്രീനിങ് പരിശോധനകളും കൃത്യമായി നടത്തേണ്ടതാണ്. സ്ത്രീകള്‍ 45ന് ശേഷം വര്‍ഷത്തില്‍ ഒന്നും 55 വയസ്സിന് ശേഷം രണ്ട് വര്‍ഷം കൂടുമ്പോഴും മാമോഗ്രാം ചെയ്യണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ശുപാര്‍ശ ചെയ്യുന്നു. ഗര്‍ഭാശയമുഖ അര്‍ബുദം നിര്‍ണയിക്കാന്‍ പാപ് സ്മിയര്‍ ടെസ്റ്റും എച്ച്പിവി ടെസ്റ്റും സഹായിക്കുന്നതാണ്. 45ന് ശേഷം കോളോറെക്ടല്‍ അര്‍ബുദ സ്‌ക്രീനിങ്ങും ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. 50 വയസ്സ് പിന്നിട്ട പുകവലിക്കാരും 15 വര്‍ഷത്തിനുള്ളില്‍ പുകവലി നിര്‍ത്തിയവരും ശ്വാസകോശ അര്‍ബുദത്തിനുള്ള സ്‌ക്രീനിങ്ങിന് വിധേയരാകണമെന്ന് യുഎസ് പ്രിവന്റീവ് സര്‍വീസസ് ടാസ്‌ക് ഫോഴ്‌സും ശുപാര്‍ശ ചെയ്യുന്നു.
Content Summary: Important things you can do to avoid cancer