ആര്‍ത്തവ വിരാമത്തിനു ശേഷം സ്ത്രീകളുടെ എല്ലുകളെ ശക്തിപ്പെടുത്താന്‍ ആറ് വഴികള്‍
Mail This Article
നമ്മുടെ ശരീരത്തിന്‍റെ അടിസ്ഥാനപരമായ ചട്ടക്കൂട് എല്ലുകളാല്‍ നിര്‍മിതമാണ്. ഇതിനാല്‍ എല്ലുകളെ പരിപാലിക്കേണ്ടതും ശക്തമാക്കി വയ്ക്കേണ്ടതും ആയാസരഹിതമായ ജീവിതത്തിന് പ്രധാനമാണ്. പ്രായമാകുമ്പോൾ, സ്ത്രീകളില്‍ പ്രത്യേകിച്ചും എല്ലുകളുടെ സാന്ദ്രത കുറഞ്ഞു വരാറുണ്ട്. ഇതിനുള്ള സാധ്യത ആര്‍ത്തവവിരാമത്തിനു ശേഷം അധികരിക്കുന്നു. ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ തോത് താഴുന്നത് എല്ലുകളുടെ കട്ടി നഷ്ടമാകുന്നതിലേക്ക് നയിക്കുന്നു. ഇത് വീഴ്ചകളില്‍ എല്ലുകള്‍ പെട്ടെന്ന് ഒടിയാന്‍ കാരണമാകുന്നു. ഓസ്റ്റിയോപോറോസിസിനുള്ള സാധ്യതയും സ്ത്രീകളില്‍ അധികമാണ്.
പ്രായമാകുമ്പോൾ എല്ലുകളെ ശക്തമാക്കി വയ്ക്കുന്നതിന് സ്ത്രീകള്‍ക്ക് ഇനി പറയുന്ന ജീവിതശൈലി മാറ്റങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.
1. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം
മഗ്നീഷ്യം ധാരാളം അടങ്ങിയ ചീര, കെയ്ല്‍, പോപ്പി വിത്തുകള്‍, എള്ള് എന്നിവ എല്ലിന്‍റെ സാന്ദ്രത കുറയുന്ന പ്രക്രിയയെ തടുത്ത് നിര്‍ത്തുന്നു. ഇതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
2. പാലുൽപന്നങ്ങള്‍
യോഗര്‍ട്ട് പോലുള്ള പാലുൽപന്നങ്ങളില്‍ കാല്‍സ്യവും പ്രോട്ടീനും പൊട്ടാസിയവും മഗ്നീഷ്യവും വൈറ്റമിന്‍ കെയുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്‍റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
3. ഉണക്കിയ പ്ലം
ഉണക്കിയ പ്ലം പഴങ്ങളിലുള്ള വൈറ്റമിന്‍ കെ എല്ലുകളുടെ സാന്ദ്രതയെ കാത്തു രക്ഷിക്കുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട വയര്‍ കമ്പനങ്ങള്‍ തടയാനും ഇത് സഹായിക്കും.
4. സസ്യാധിഷ്ഠിത പ്രോട്ടീന്‍
ശരീരത്തിലെ ഈസ്ട്രജനെ അനുസ്മരിപ്പിക്കുന്നതാണ് സസ്യാധിഷ്ഠിത പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോഈസ്ട്രജനുകള്‍. പുതിയ എല്ലുകളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഓസ്റ്റിയോബ്ലാസ്റ്റുകളെ ഈ ഫൈറ്റോഈസ്ട്രജനുകള്‍ ഉത്തേജിപ്പിക്കുന്നു. ഇതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
5. പച്ചിലകള്‍
ടര്‍ണിപ്, കെയ്ല്‍, ബ്രോക്കളി തുടങ്ങിയ പച്ചക്കറികളും പച്ചിലകളും കാല്‍സ്യവും വൈറ്റമിന്‍ കെയുമെല്ലാം അടങ്ങിയതാണ്. ഇവയും എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
6. സ്ട്രെങ്ത് വ്യായാമം
ഭാരം ഉയര്‍ത്തുന്ന തരത്തിലുള്ള സ്ട്രെങ്ത് വ്യായാമങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തെ പരിപാലിക്കും. നടത്തം, ഓട്ടം, എയറോബിക്സ്, പടി കയറല്‍ പോലുള്ള ശാരീരിക വ്യായാമങ്ങളും ഗുണം ചെയ്യും.
Content Summary: Women to Improve Bone Density After Menopause