അമിതവണ്ണമുള്ളവരിൽ വൃക്കരോഗ സാധ്യത കൂടുതലോ?
Mail This Article
ചോദ്യം : അമിതവണ്ണം ആരോഗ്യത്തിന് ഹാനികരം എന്നാണല്ലോ പൊതുവേയുള്ള വിശ്വാസം. പൊണ്ണത്തടിയുള്ളവർക്ക് വൃക്കരോഗം ബാധിക്കുവാനുള്ള സാധ്യത കൂടുതലാണോ ഡോക്ടർ?
ഉത്തരം: ലോക ജനസംഖ്യയിൽ ഇരുപത്തിയഞ്ച് ശതമാനത്തോളം അമിതവണ്ണമുള്ളവരാണ്. ഒബീസിറ്റി (Obesity) എന്ന പേരിൽ ഇത് രോഗം തന്നെയാണെന്ന് അമേരിക്ക ഐക്യനാടുകളിൽ കരുതപ്പെടുന്നു. ബോഡിമാസ് ഇന്‍ഡക്സ് (BMI) എന്ന സൂചികയാണ് ഒബീസിറ്റി നിർണയിക്കുന്നത്. ബിഎംഐ 30 kg/m2 ൽ അധികമായാൽ ആൾ ഒബീസാണെന്നു മനസ്സിലാക്കണം. ഈ അവസ്ഥയിൽ ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മർദം, സന്ധിവേദന, അർബുദം എന്നീ രോഗങ്ങൾ പിടിപെടാൻ സാധ്യത ഏറെയാണ്. വൃക്കരോഗവും, ഉറക്കത്തിൽ ശ്വസിക്കുവാൻ പ്രയാസമുണ്ടാക്കുന്ന സ്ലീപ്പ് അപ്നിയയും (Sleep Apnea) ഒബീസിറ്റി മൂലം ഉണ്ടായേക്കാം.
ഒബീസിറ്റി മൂലം ടൈപ്പ് ടൂ ഡയബറ്റിസും (Type 2 - Diabetes) അമിത രക്തസമ്മർദവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഏറെക്കാലമായുള്ള വിശ്വാസം. ഈ രണ്ടു രോഗങ്ങളും വൃക്കകളുടെ പ്രവർത്തനത്തിന് ഹാനികരമാണെന്നറിയാം. എന്നാലിപ്പോൾ, ഒബീസിറ്റി കൊണ്ട് മാത്രം വൃക്കകൾ തകരാറിലാകുമെന്നു തെളിഞ്ഞിട്ടുണ്ട്. ഒബീസിറ്റി മൂലം മൂത്രത്തിലെ പ്രോട്ടീൻ വർധന കൂടുതലായുള്ള ഇൻഫ്ലമേറ്ററി സൈറ്റോകൈസ്, രക്തപ്രവാഹത്തിലെ വർധന മൂലം വൃക്കകളിൽ കൂടുതൽ ഫിൽട്രേഷൻ, ഒരു തരത്തിലുള്ള ഗ്ലാമറുലോപ്പതി (Glamerulopathy) എന്നിവയും സംഭവിക്കാം. അതുപോലെ പൊണ്ണത്തടിയുള്ളവർക്ക് ടൈപ്പ് ടൂ ഡയബറ്റിക്കും അമിത രക്തസമ്മര്‍ദവും ഉണ്ടായാല്‍ രോഗം സങ്കീര്‍ണമാകും. അവർ ഡയാലിസിസ് ചെയ്യുന്നവരോ വൃക്ക മാറ്റിവയ്ക്കൽ നടത്തിയവരോ ആണെങ്കിൽ പ്രശ്നം ഗുരുതരം തന്നെ. അതിനാൽ ഒബീസായ വൃക്കരോഗികൾ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഒബീസിറ്റിക്കുള്ള ചികിത്സ ഏവർക്കും അറിയാവുന്നതുപോലെ ബഹുമുഖമാണ്.
1. ആഹാരത്തിലെ ക്രമീകരണം: എന്തൊക്കെ ഭക്ഷിക്കണമെന്നും എത്രമാത്രം ഭക്ഷിക്കണമെന്നും തീരുമാനിക്കണം.
2. വ്യായാമം: ആഴ്ചയിൽ 150 മിനിറ്റ് എങ്കിലും വ്യായാമം െചയ്യണം. നടക്കുക, നീന്തുക, സൈക്കിള്‍ ചവിട്ടുക എന്നിവയാണ് ഏവർക്കും സൗകര്യമുള്ള വ്യായാമമുറകൾ.
3. മരുന്നുകളുടെ ഉപയോഗം: മറ്റു മാർഗങ്ങളൊന്നും ഫലപ്രദമായില്ലെങ്കിൽ ഡോക്ടറുെട മേൽനോട്ടത്തിൽ മാത്രം മരുന്നു കഴിക്കുക. അന്തിമമായി ഒബീസിറ്റി ഇല്ലാതാക്കാനുള്ള വഴിയാണ് ബാരിയാട്രിക് (Bariatric) സര്‍ജറി. ആമാശയത്തിന്റെ വ്യാപ്തി ചുരുക്കുകയാണ് ഈ ഓപ്പറേഷൻ ചെയ്യുക. ക്രോണിക് കിഡ്നി രോഗികൾ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
(ലേഖിക നെഫ്രോളജി അസോസിയേഷൻ ഒാഫ് കേരള പ്രസിഡന്റാണ്)
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ