ADVERTISEMENT

കോഴിക്കോട് വളയനാടാണ് ഫൊട്ടോഗ്രഫറായ പ്രസൻജിത്തിന്റെ വീട്. വീടിനെ പൊതിഞ്ഞു നിൽക്കുന്ന പച്ചപ്പിന്റെയും പൂക്കളുടെയും ഹരിതാഭമായ കാഴ്ചയാണ് ഈ വീടിന്റെ ഹൈലൈറ്റ്. നാലു വർഷം മുൻപ് വെറും 4.75 സെന്റ് പ്ലോട്ടിലാണ് ഈ വീട് പണിതത്.

പ്രെസിയുടെ അച്ഛനും പഴയ ഫൊട്ടോഗ്രഫറാണ്. 80 വയസുള്ള അച്ഛൻ ഇപ്പോഴും ഗാർഡനിങ്ങിൽ സജീവമാണ്. അദ്ദേഹത്തിൽ നിന്നും പകർന്നുകിട്ടിയതാണ് ചെടികളോടുള്ള സ്നേഹം. വീടിനെ പച്ചപുതപ്പിക്കാനുള്ള പ്രചോദനം അച്ഛനാണെന്ന് പ്രെസി പറയുന്നു.

green-home-front

വീടുപണി നടക്കുമ്പോൾത്തന്നെ ചെറിയ മുറ്റത്ത് പലതരം മുളകളും ചെടികളും വച്ചുപിടിപ്പിച്ചിരുന്നു. താമസം തുടങ്ങി ഒരുവർഷത്തിനുശേഷമാണ് വഴിത്തിരിവുണ്ടായത്. അന്നാണ് Cats Paw എന്ന ക്രീപ്പർ പ്രെസിക്ക്  ലഭിച്ചത്. പെട്ടെന്ന് പടർന്നുപന്തലിക്കുന്ന ചെടിയാണിത്. ഒരു പൂക്കൂട നിറയെ മഞ്ഞപ്പൂക്കൾ പൂത്തുലയും. പൂച്ചനഖം പോലെ പതുങ്ങിയിരിക്കുന്ന മുള്ളുകൾ ഉള്ളതുകൊണ്ടാണ് ഈ ചെടിക്ക് ഈ പേരുലഭിച്ചത്.

green-home-calicut-JPG

വീടുകണ്ട പലരും ആദ്യം ചോദിച്ചത് ഇതിൽ പാമ്പും പ്രാണികളുമെല്ലാം ചേക്കേറില്ലേ എന്നാണ്. ചിലർ പരിഹസിച്ചു. പക്ഷേ ഇത്തരം മുള്ളുകൾ ഉള്ളതുകൊണ്ട്, ഈ മൂന്നുവർഷത്തിനിടെ  ഇഴജന്തുക്കളുടെ ഒരു ശല്യവും ഉണ്ടായിട്ടില്ല. താഴെ മുറ്റത്ത് നട്ടശേഷം മുകളിലേക്ക് പടർത്തിയെടുക്കുകയായിരുന്നു. മാൻഡിവില്ല എന്ന ചെടിയും പടർത്തിയിട്ടുണ്ട്. ഇത് ദിവസവും പൂവിടും. 

green-home-upper

വീട്ടിൽ മുകൾനിലയിലെ ബാൽക്കണിയാണ് ശ്രദ്ധാകേന്ദ്രം. ഇതിന്റെ രണ്ടു വശത്തും ഗ്ലാസ് മേൽക്കൂരയിലും ചെടികൾ പടർന്നുപൂവിട്ടുനിൽക്കുകയാണ്. വീട്ടിലെ പാർട്ടി ഏരിയയും ഫോട്ടോ കോർണറും ഈ ബാൽക്കണിയാണ്. ബീയർ ബോട്ടിലുകൾ മുറിച്ച് തയാറാക്കിയ ഹാങ്ങിങ് ലൈറ്റുകളും ഇവിടെ ഭംഗി നിറയ്ക്കുന്നു.

green-home-balcony-JPG

നാലു കിടപ്പുമുറികളുളള ഇരുനില വീടാണ്. ഇതിൽ ഒരു കിടപ്പുമുറി മണ്ണു കൊണ്ടാണ് നിർമിച്ചത്. ഇവിടെ കിണർ കുഴിച്ച മണ്ണ് ചുവരിൽ പൂശി. വീട്ടിൽ ജിപ്സം പ്ലാസ്റ്ററിങ്ങാണ് ചെയ്തിരിക്കുന്നത്.അതിനാൽ പുട്ടിയുടെ ആവശ്യമില്ല. നേരിട്ട് പെയിന്റടിക്കുകയായിരുന്നു.

ഇനി ഏറ്റവും വലിയ സവിശേഷത പറയാം. നട്ടുച്ചയ്ക്ക് പോലും വീടിനുള്ളിൽ ചൂട് ലവലേശമില്ല. പച്ചപ്പിന്റെ കുട ഒരു നാച്ചുറൽ എസിയായി പ്രവർത്തിക്കുന്നു.

green-home-inside-JPG

ഫൊട്ടോഗ്രഫിക്കൊപ്പം റൈഡർ കൂടിയാണ് പ്രെസി. വിന്റേജ് ബൈക്കുകളുടെ ശേഖരം തന്നെ വീടിന്റെ മുന്നിലുണ്ട്. യെസ്ഡി, രാജ്‌ദൂത്, ജാവ, റോഡ്‌വിങ് തുടങ്ങിയ പ്രമാണികളെല്ലാം ഇവിടെ ഹാജരുണ്ട്. പാമ്പിനെ വളർത്താൻ വീട് വിട്ടുകൊടുത്തു എന്ന് കളിയാക്കിയവർ, ഒരുതവണയെങ്കിലും വീട് വന്നുകണ്ടു ബോധ്യപ്പെടണം എന്ന് പ്രെസി പറയുന്നു. പച്ചപ്പിന്റെ ഈ പൂക്കുടയ്ക്കുള്ളിൽ ജീവിതം ആഘോഷമാക്കുകയാണ് ഈ കുടുംബം.

Project facts

Location- Valayanad, Calicut

Plot- 4.75 cent

Area- 1900 SFT

Owner- Prasanjith

Mob- 9847187009

Design- Fazil

Supervision- Saheer Babu

English Summary- House Covered in Green Plants; Home Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com