ADVERTISEMENT

വർഷാവർഷം ചൂട് അധികരിക്കുന്നതിനാൽ, ആഡംബരത്തിനപ്പുറം എസി ഇന്ന് വീടുകളിലെ അവിഭാജ്യഘടകമായിക്കഴിഞ്ഞു. എന്നാൽ ഉയർന്ന വൈദ്യുതി ബില്ല് ഭയന്ന് വേനൽക്കാലത്ത് മാത്രം എസി പ്രവർത്തിപ്പിക്കുന്നവരാണ് അധികവും. വിശാഖപട്ടണം സ്വദേശിയായ സത്യനാരായണന്റെ കാര്യവും അങ്ങനെയായിരുന്നു. ഒടുവിൽ വേനൽ കടുത്തതോടെ വീട്ടിലെ എസി ഓൺ ചെയ്തപ്പോഴേക്കും അതിനുള്ളിൽ ഒരുകൂട്ടം പാമ്പുകൾ താമസമാക്കി കഴിഞ്ഞിരുന്നു.

പെൻഡുർത്തി ജില്ലയിലാണ് സത്യനാരായണയുടെ വീട്. ഏറെക്കാലം ഉപയോഗിക്കാതിരുന്ന എസി ഓൺ ചെയ്തപ്പോൾ വിചിത്ര ശബ്ദങ്ങൾ അതിനുള്ളിൽ നിന്നും കേൾക്കുകയായിരുന്നു. ഉപയോഗിക്കാതിരുന്നത് മൂലം എസിക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചതാകാം എന്നാണ് കുടുംബം കരുതിയത്. എന്താണ് സംഭവിച്ചത് എന്നറിയാൻ എസി യൂണിറ്റ് തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ പാമ്പുകളെ    കണ്ടെത്തുകയായിരുന്നു.

ഭയന്നുപോയ സത്യനാരായണ ഉടൻതന്നെ പാമ്പ് പിടുത്ത വിദഗ്ധരെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഒരു പാമ്പല്ല മറിച്ച് അതിന്റെ ധാരാളം കുഞ്ഞുങ്ങളും എസി യൂണിറ്റിൽ താമസമാക്കിയിരിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ഒടുവിൽ അവയെ പുറത്തെടുത്ത് സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിടുകയും ചെയ്തു. ഇത്രയധികം കാലം പാമ്പുകൾ ഒളിച്ചിരുന്ന മുറിയിലാണ് തങ്ങൾ താമസിച്ചിരുന്നത് എന്ന ഭയം ഇപ്പോഴും സത്യനാരായണയെയും കുടുംബത്തെയും വിട്ടുപോയിട്ടില്ല.

എസി പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് സത്യനാരായണയുടെ അനുഭവം. ഇത്തരം അനുഭവങ്ങൾ ഒഴിവാക്കുന്നതിനും എസി മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനും കൃത്യസമയങ്ങളിൽ അറ്റകുറ്റപ്പണികൾ  നടത്തേണ്ടത് അനിവാര്യമാണ്. ദീർഘകാലം ഉപയോഗിക്കാതിരിക്കുന്ന സാഹചര്യമുണ്ടെങ്കിലും അതാത് സമയത്ത് അവയുടെ മെയിൻ്റനൻസ് നടത്തുക. 

മാസങ്ങളായി ഉപയോഗിക്കാതിരിക്കുന്ന എസി പ്രവർത്തിപ്പിക്കും മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: 

കംപ്രസ്സർ യൂണിറ്റ് പരിശോധിക്കണം: വീടിനു പുറത്ത് സ്ഥാപിക്കുന്നതുകൊണ്ട് തന്നെ കംപ്രസ്സറുകളുടെ സമീപത്ത് ചെറിയ ചെടികളും കളകളും വളരാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഏറ്റ് ചപ്പുചവറുകളും സമീപം അടിഞ്ഞുകൂടാം. ചില അവസരങ്ങളിൽ കംപ്രസ്സറിൽ അണ്ണാനോ കിളികളോ കൂടുകൂട്ടിയെന്നും  വരാം. ഇത്തരം സാഹചര്യങ്ങൾ ഒന്നുമില്ല എന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. ഉള്ളിലെ കമ്പോണന്റുകൾ സ്വയം തുറന്നു പരിശോധിക്കാതെ ഒരു വിദഗ്ധന്റെ സഹായം തേടുക.

കൃത്യമായ മെയിന്റനൻസ് : വർഷത്തിലൊരിക്കലെങ്കിലും എസി പ്രൊഫഷനലിനെ വിളിച്ചു തന്നെ പരിശോധിക്കണം. ഫിൽറ്ററുകളിൽ പൊടിപടലങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട് എങ്കിൽ അവ നീക്കം ചെയ്യുന്നത് എസിയുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും. തകരാറുകൾ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രം അവ പ്രവർത്തിപ്പിക്കുക.

Young Happy Woman Holding Remote Control Air Conditioner In House
Young Happy Woman Holding Remote Control Air Conditioner In House

വെന്റുകൾ പരിശോധിക്കണം: എസിയുടെ എയർവെന്റുകളിലും തടസ്സങ്ങളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അവസാനമായി പ്രവർത്തിപ്പിക്കുന്ന സമയത്ത് എസിയിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ ദീർഘകാലം അത് ഉപയോഗിക്കാതെ വയ്ക്കുന്നതിലൂടെ ഈ തകരാറുകൾ വഷളാകാൻ സാധ്യതയുണ്ട്. ലീക്കേജുകൾ ഉണ്ടെങ്കിലും അത് എസിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് കൃത്യമായി പരിശോധനകൾ നടത്തണം. 

1259269839

തുറന്നുനോക്കി സുരക്ഷ ഉറപ്പുവരുത്താം: വീടിനുള്ളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഏതൊരു സ്ഥലത്തും പ്രാണികൾ ഇടം പിടിക്കുമെന്ന് ഓർക്കുക. എസി  യൂണിറ്റിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. എട്ടുകാലികൾ, പാറ്റകൾ, ഉറുമ്പുകൾ തുടങ്ങി പാമ്പുകൾ വരെ എസി യൂണിറ്റിനുള്ളിൽ താമസമാക്കും എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള അവസരങ്ങൾ ഒഴിവാക്കുക.

എസി ഫാൻ മോഡിൽ പ്രവർത്തിപ്പിക്കാം: ദീർഘകാലത്തിനുശേഷം ഓൺ ചെയ്യുന്ന സമയത്ത് നേരെ കൂൾ മോഡിൽ പ്രവർത്തിപ്പിക്കുന്നതിന് പകരം ആദ്യം തെർമോസ്റ്റാറ്റിലെ ഫാൻ മോഡ് ഉപയോഗിക്കുക. 10 മിനിറ്റ് എങ്കിലും ഫാൻ മോഡിൽ പ്രവർത്തിപ്പിക്കണം. ചെറിയതോതിൽ അടിഞ്ഞുകൂടിയ പൊടിപടലങ്ങൾ പൂർണമായും നീങ്ങാൻ ഇത് സഹായിക്കും. വേനൽക്കാലത്തെ ഉപയോഗത്തിനുശേഷം ഓഫ് ചെയ്യുന്നതിന് മുൻപായി ഇതേ രീതിയിൽ ഏറെ നേരം ഫാൻ മോഡ് പ്രവർത്തിപ്പിക്കാനും ശ്രദ്ധിക്കുക.

English Summary:

Snakes hiding inside AC in House- Maintenance tips for AC

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com