ADVERTISEMENT

കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു മലപ്പുറം കവളപ്പാറയിലെ ഉരുൾപൊട്ടൽ. നിരവധി മനുഷ്യജീവനുകളും വീടുകളും ഭൂമിയുമെല്ലാം മിന്നൽവേഗത്തിൽ സംഭവിച്ച മണ്ണിടിച്ചിലിൽ നഷ്ടമായി. വീടും സ്ഥലവും ഉറ്റവരെയും നഷ്ടമായവർക്ക്, ലുലു ഗ്രൂപ് ചെയർമാൻ എം. എ യൂസഫലി വീട് നിർമിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാക്ക് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുകയാണ്. യൂസഫലി  നിർമിച്ചുകൊടുത്ത 35 വീടുകളുടെ താക്കോൽദാനം ഇന്നലെ നടന്നു. പിവി അബ്ദുള്‍വഹാബ് M.Pയുടെ മേൽനോട്ടത്തിലായിരുന്നു വീടുകളുടെ നിർമാണം. യൂസഫലിയുടെ സൗകര്യാർഥം ഔദ്യോഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് M.P  ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

yusuff-ali-ma-fulfilled-house-kavalappara-key-handling

 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

 

ഇന്നായിരുന്നു ഗൃഹപ്രവേശം. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായവർ ഇനി ഈ സുരക്ഷിതവും മനോഹരവുമായ ഭവനങ്ങളിൽ രാപ്പാർക്കും. പണി പൂർത്തിയായ 35 വീടുകളുടെയും താക്കോൽ കൈമാറി. കുടിവെള്ളം, ഫർണീച്ചർ, റോഡ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ നൽകിയത്. പ്രിയ സുഹൃത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഈ സദുദ്യമത്തിന് മുൻകൈയെടുത്തത്. അതിനായി അദ്ദേഹത്തെ പ്രേരിപ്പിക്കാനും വീടുകളുടെ നിർമാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാർത്ഥ്യം വാക്കുകളിൽ ഒതുങ്ങുന്നതല്ല. എന്റെ ബ്രദർ യൂസുഫലിയുടെ സൗകര്യം അനുസരിച്ച് ഔദ്യോഗിക പരിപാടി വൈകാതെ സംഘടിപ്പിക്കും. 

 

കഴിഞ്ഞ കുറേ മാസങ്ങളായി ഇവർക്കൊപ്പം തന്നെയായിരുന്നു. ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ചും ഓരോ ദിവസവും ഇവിടെ വരാതെ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്റെ വീട് ഉൾപ്പെടെ ഞാനുമായി ബന്ധപ്പെട്ട ഒരു നിർമാണ പ്രവർത്തിയിലും തറക്കല്ലിട്ട് പോന്നാൽ ഉദ്ഘാടനത്തിന് പോവുകയല്ലാതെ ഇത്രത്തോളം ഇടപെട്ട ഓർമയില്ല. ഉറ്റവരെ നഷ്ടമായതും കിടപ്പാടം ഇല്ലാതായതും മറക്കാവുന്ന ദുരന്തമല്ല. ആ ഓർമകളുടെ നീറ്റലിൽനിന്ന് മോചിപ്പിച്ച് ഇവരെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ സാധിച്ചു എന്നത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുകയാണ്. ഓരോ വീടുകളിലേക്കും കയറുമ്പോഴുള്ള അവരുടെ സന്തോഷവും സ്നേഹപ്രകടനവും പ്രാർത്ഥനകളുമാണ് എന്റെ ലാഭം. കൂടെനിന്ന എല്ലാവർക്കും നന്ദി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com