വീടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കെണി; കണ്ണുതെറ്റിയാൽ എല്ലു പൊട്ടാം
Mail This Article
ഒരു കാലത്ത് കേരളത്തിലൊക്കെ ചിരട്ടക്കരിയും ചാണകവും ചേർത്തു മെഴുകിയ നിലങ്ങളായിരുന്നു. തറയോടുകൾക്ക് പുറമെ കുമ്മായത്തിന്റെയും സിമന്റിന്റെയും കടന്നുവരവോടെ ചുവപ്പും കറുപ്പും തറകൾ സൃഷ്ടിക്കപ്പെട്ടു. പിൽക്കാലത്ത് കടന്നുവന്ന മൊസെയ്ക്ക് ഈ സങ്കൽപ്പങ്ങളെയൊക്കെ തുടച്ചുമാറ്റി.
അമ്പതു വർഷം കൊണ്ട് നിര്‍മിച്ച മൊസെയ്ക് തറകൾ ഇന്നും മനോഹരമായി നിൽക്കുമ്പോഴും പിൽക്കാലത്തു നിർമിക്കപ്പെട്ട അത്തരം തറകൾ നിറം മങ്ങി കല്ലുകൾ അടർന്ന് ‘പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ’ പോലെയായി. ഇങ്ങനെയുള്ള വൃത്തികേടുകളെ മാറ്റാൻ നമ്മൾ സിറാമിക് ടൈലുകൾ സ്വീകരിച്ചു തുടങ്ങി. ഈ ടൈലുകൾ കേരളത്തിലെ ഗൃഹനിർമാണരംഗത്തു വലിയ മാറ്റങ്ങൾ തന്നെ സൃഷ്ടിച്ചു. പല ഡിസൈനുകളിൽ ലഭിക്കുന്ന ഈ ടൈലുകൾ നമ്മുടെ തറകൾക്കു നിറം പകർന്നു കൊണ്ട് ഇന്നും സജീവമായി രംഗത്തുണ്ട്. മാർബിൾ, ഗ്രാനൈറ്റ്, മാർബൊണൈറ്റ് തുടങ്ങിയവയാണ് പുതുതാരങ്ങൾ.
കാണാൻ ഭംഗിയുളളതും തിളങ്ങുന്നതുമാണെങ്കിലും ഗ്രിപ്പില്ലാത്തവയാണവ. അതുമൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നത് അധികവും വൃദ്ധജനങ്ങളാണെങ്കിലും ഒരു തുള്ളി വെള്ളമോ എണ്ണയോ നിലത്തുണ്ടെങ്കിൽ അതിൽ െതന്നി വീണു കുട്ടികളുടെയും എല്ലു പൊട്ടാം.
ഇത്തരം ഫ്ളോറിങ് ട്രെൻഡുകൾ കാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് പഴയ തലമുറകളാണ്. നമ്മൾ നിത്യവും ഉപയോഗിക്കുന്ന തറകൾക്കു ഭംഗി വേണമെന്നതിനോടൊപ്പം ഗ്രിപ്പും വേണം. നല്ല ഗ്രിപ്പുള്ള, സ്റ്റിക് ടൈലുകൾ ഇന്നു വിപണിയിൽ സുലഭമാണ്. സാമ്പത്തിക ലാഭത്തിന്റെ പേരിൽ പലരും വില കുറഞ്ഞ മാർബിളുകൾ ഫ്ളോറിങ്ങിന് പാകും. എന്നിട്ട് അതിൽ സൂപ്പര്‍ പോളിഷിങ് ചെയ്യും. എന്നാൽ ഒരു കൊല്ലത്തിനുള്ളിൽ അവയുടെ തിളക്കം മങ്ങും. ഫ്ളോറിങ് ചെയ്യുമ്പോൾ ഭംഗിപോലെ തന്നെ പ്രധാനമാണ് അതിന്റെ ഈടും ഗ്രിപ്പും എന്നോർക്കുക.
English Summary- Changing Flooring Trends in Kerala; Impacts