വീട് പെയിന്റടിക്കുമ്പോൾ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക
Mail This Article
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. സാധനങ്ങൾ മാറ്റണം, പെയിന്റിന്റെ അലോസരപ്പെടുത്തുന്ന മണം, ഇതിനെല്ലാം പുറമെ ചെലവും. പഴയ വീടോ പുതിയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണങ്ങളുടെ ഈട് നിലനിർത്താൻ കഴിയും.
1. പ്ലാസ്റ്ററിങ് നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ വൈറ്റ് സിമന്റ്/ പ്രൈമർ ഭിത്തിയിൽ അടിക്കാവൂ.
2. സിമന്റിലെ ചെറുസുഷിരങ്ങൾ അടയ്ക്കാനുള്ള പുട്ടി അതി നുശേഷം ഇടാം. പുട്ടി ഇട്ടതിനുശേഷം വീണ്ടും പ്രൈമർ അടിക്കാം. പ്രൈമറും നന്നായി ഉണങ്ങിയതിനുശേഷം എമൽഷൻ പെയിന്റ് ചെയ്യാം.
3. ഓരോ സ്റ്റേജ് പെയിന്റിങ്ങും, മുൻപ് ചെയ്ത പ്രതലം നന്നായി ഉണങ്ങി വലിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ ദീർഘകാലം ഈട് ലഭിക്കും.
4. സീലിങ്ങിൽ എപ്പോഴും വെള്ളനിറം പെയിന്റ് ചെയ്യുകയാണ് ആശാസ്യം. വെള്ളനിറം ഉള്ളിൽ കടക്കുന്ന പ്രകാശം പ്രതിഫലിപ്പിച്ച് കൂടുതൽ വെളിച്ചം പകരുന്നു.
5. കിടപ്പുമുറികൾക്ക് വ്യത്യസ്ത നിറം നൽകണമെങ്കില്‍ കൂൾ കളറുകൾ തിരഞ്ഞെടുക്കാം. നീല, പച്ച, റോസ്, മഞ്ഞ അഥവാ ഇവയുടെ കോമ്പിനേഷൻ നിറങ്ങളോ നല്‍കാം. ഒരു ഭിത്തിയിൽ കടും നിറം നൽകി, ബാക്കി മൂന്നു ഭിത്തികൾക്കും ൈലറ്റ് കളർ നൽകുന്ന രീതിയും നിലവിലുണ്ട്.
6. അടുക്കള/വർക്ക് ഏരിയ പോലെയുള്ള സ്ഥലങ്ങളിൽ വൃത്തിയാക്കാവുന്ന മുന്തിയതരം എമൽഷനുകൾ പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം. ചൂടും പുകയും കൂടുതലാണെങ്കിൽ പൊളിഞ്ഞിളകൽ ഒഴിവാക്കാൻ അത് സഹായിക്കും.
7. നിലവിലുള്ള പെയിന്റിങ് പൊളിഞ്ഞിളകി റീപെയിന്റിങ്ങാണെങ്കിൽ പഴയ പെയിന്റ് ഉരച്ച് കളഞ്ഞ്, കഴുകി വൃത്തിയാക്കി, പ്രൈമർ അടിച്ചതിനുശേഷമേ പുതിയത് അടിക്കാവൂ.
8. പഴയ വീട് പെയിന്റ് ചെയ്യുമ്പോൾ ഭിത്തിയിൽ നനവ് കാണുന്നുവെങ്കിൽ അത് മാറ്റിയിട്ടേ ചെയ്യാവൂ. െടറസിലെ ക്രാക്കിൽ നിന്നും ഊർന്നിറങ്ങുന്ന ജലസാന്നിധ്യം ഭിത്തിയിൽ കാണപ്പെടാറുണ്ട്. റൂഫ് വാട്ടർ പ്രൂഫ് ചെയ്ത് ലീക്ക് നിര്‍ത്തിയിട്ട് ഭിത്തി പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം.
9. വീടിന്റെ ജനലിനും കതകിനും പോളീഷ് ചെയ്യുന്നുവെങ്കിൽ അതേ നിറത്തോട് യോജിച്ച കളർ വുഡൻഫർണിച്ചറിനും ഷെൽഫുകൾക്കും നൽകിയാൽ ചേർച്ചയാകും.
10. സിമന്റ് തേപ്പ് നടത്തിയ ഭിത്തിയുടെ ഫിനിഷിങ്ങിനാണ് പുട്ടി ഉപയോഗിക്കുന്നത്. പുറംഭാഗത്തെ ഉപയോഗത്തിനായി എക്സ്റ്റീരിയർ പുട്ടിയും, അകത്ത് ഉപയോഗിക്കാൻ ഇന്റീരിയർ പുട്ടിയും ലഭിക്കുന്നു. പൗഡർ രൂപത്തിലും, പേസ്റ്റ് രൂപത്തിലും പുട്ടി ലഭിക്കുന്നു.
English Summary- House Painting- 10 Tips