ദുബായിൽ ഇന്ത്യക്കാർ വീട് വാങ്ങുന്നത് ലാഭമോ നഷ്ടമോ ?

Mail This Article
നികുതി ആനുകൂല്യങ്ങൾ, ആഗോള ഹബ്ബ് എന്ന നിലയിൽ ബിസിനസ് സാധ്യതകൾ, ഉയർന്ന വാടക വരുമാനം, ഗോൾഡൻ വീസ എന്നിവ കാരണം ദുബായിയുടെ റിയൽ എസ്റ്റേറ്റ് വിപണി അടുത്തകാലങ്ങളിലായി കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. ദുബായിൽ വീട് വാങ്ങുന്ന വിദേശരാജ്യക്കാരിൽ ആദ്യ അഞ്ചിൽ സ്ഥിരമായ സ്ഥാനം ഇന്ത്യക്കാർ നിലനിർത്തുന്നുണ്ട്. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം ബ്രിട്ടീഷുകാരെ മറികടന്ന് ദുബായിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് നിക്ഷേപകരായി ഇന്ത്യക്കാർ ഉയർന്നു വന്നിട്ടുമുണ്ട്. എന്നാൽ ദുബായിൽ വീട് വാങ്ങുന്നത് വിവേക പൂർണ്ണമായ തീരുമാനമാണോ? ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളുടെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വസ്തു നികുതികളുടെയും മൂലധന നേട്ട നികുതികളുടെയും അഭാവം തന്നെയാണ് ദുബായ് റിയൽ എസ്റ്റേറ്റിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്ന പ്രധാന ഘടകം. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്ന് എന്ന സ്ഥാനം നിലനിർത്തുന്നതും ജീവിതത്തിനും നിക്ഷേപത്തിനും ഗുണകരമായ സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ദുബായിയെ സഹായിക്കുന്നുണ്ട്. സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും കറൻസിയിലെ ഏറ്റക്കുറച്ചിലുകൾക്കും എതിരെ സംരക്ഷണം നൽകുന്നു എന്നതാണ് മറ്റൊരു മേന്മ. യുഎസ് ഡോളറുമായുള്ള യുഎഇ ദിർഹത്തിന്റെ മൂല്യം കറൻസി സ്ഥിരത ഉറപ്പാക്കുന്നുണ്ട്.

ലിബറൽ വിസാ നയങ്ങൾ മൂലം കുടുംബമായി ഇവിടേക്ക് എത്തുന്നവരും വിരമിക്കൽ ജീവിതം നയിക്കുന്നവരും ദീർഘകാല ലക്ഷ്യസ്ഥാനമായി ദുബായിയെ കാണുന്നുണ്ട്. പ്രോപ്പർട്ടികളുടെ തരവും അത് സ്ഥിതി ചെയ്യുന്ന ലൊക്കേഷനും അനുസരിച്ച് അഞ്ചു ശതമാനം മുതൽ ഒൻപതു ശതമാനം വരെ പ്രതിവർഷ വാടക വരുമാനം ലഭിക്കുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. പ്രവാസികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ സാന്നിധ്യം മൂലം ഡൗൺ ടൗൺ ദുബായ്, പാം ജുമൈറ, ദുബായ് മറീന തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ വീടുകൾ വാങ്ങുന്നവർക്ക് സ്ഥിരമായ വാടക വരുമാനം ഉറപ്പാക്കാൻ സാധിക്കുന്നു. നിഷ്ക്രിയ വരുമാനം ലക്ഷ്യമാക്കുന്ന ഇന്ത്യക്കാർക്ക് ഏറ്റവും ഉചിതമായ നിക്ഷേപമായി ദുബായ് പ്രോപ്പർട്ടി മാറുന്നത് ഇങ്ങനെയാണ്.
ദുബായിയും ഇന്ത്യയും ഭൂമിശാസ്ത്രപരമായി അടുത്തടുത്ത് സ്ഥിതി ചെയ്യുന്നു എന്നതാണ് മറ്റൊരു ആകർഷണം. ദുബായിൽനിന്ന് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തിച്ചേരാൻ (തിരിച്ചും) മൂന്നോ നാലോ മണിക്കൂർ വിമാനയാത്ര മാത്രമേ വേണ്ടൂ. വ്യത്യസ്ത സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ദുബായിലെ പരിതസ്ഥിതിയും ഒരു ഘടകമാണ്. ഇന്ത്യൻ ശൈലിയിൽ തന്നെയുള്ള സ്കൂളുകൾ, ഭക്ഷണശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ രാജ്യത്തിന് പുറത്തും സംസ്കാരത്തോട് ചേർന്ന് ജീവിക്കാനുള്ള സാഹചര്യം ഇന്ത്യക്കാർക്ക് ഒരുക്കി നൽകുന്നുണ്ട്.
പൊതുവേ ദുബായിൽ പ്രോപ്പർട്ടി വാങ്ങുന്നതിന് വിപരീത ഫലങ്ങൾ കുറവാണെന്നു തന്നെ പറയാം. എന്നാൽ ചില കാര്യങ്ങൾ അറിഞ്ഞതിനുശേഷം മാത്രം തീരുമാനത്തിലെത്തുക. ദുബായിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം സ്ഥിര താമസവുമായി ബന്ധപ്പെട്ടതല്ല (അല്ലെങ്കിൽ നിബന്ധനകൾക്ക് വിധേയമാണ്) എന്ന് മനസ്സിലാക്കുകയാണ് ഒന്നാമത്തേത്. വീസ നയങ്ങൾ നിക്ഷേപകർക്ക് അനുകൂലമാണെങ്കിലും അവ സ്ഥിര താമസം ഉറപ്പു നൽകുന്നില്ല. ദുബായിൽ ദീർഘകാല സെറ്റിൽമെന്റ് ആഗ്രഹിക്കുന്നവർ പ്രോപ്പർട്ടി വാങ്ങുമ്പോൾ ഇക്കാര്യം കൂടി കണക്കിലെടുക്കണം. അതേപോലെ അധിക പ്രോപ്പർട്ടികളുള്ള മേഖലകളിൽ സ്ഥലം വാങ്ങുന്നതിനും അതിനായി വൻതുക വായ്പ എടുക്കുന്നതിനും മുമ്പായി സ്ഥിതിഗതികളെ കുറിച്ച് കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാനുള്ള സാധ്യത കുറവായത് മൂലമാണിത്.
സ്വത്ത് സമ്പാദിക്കുന്നതിനപ്പുറം സാമ്പത്തിക സ്ഥിരത, മെച്ചപ്പെട്ട ജീവിതശൈലി, ആഗോളതല എക്സ്പോഷർ എന്നിവയും ഇന്ത്യക്കാർ മുന്നിൽ കാണുന്നുണ്ട്. ഇത്തരം വ്യക്തിഗത ലക്ഷ്യങ്ങൾക്ക് ചേർന്നു പോകുന്ന തരത്തിലുള്ള പ്രോപ്പർട്ടി തന്നെയാണ് വാങ്ങുന്നത് എന്ന് ഉറപ്പാക്കാൻ പേരെടുത്ത ഡെവലപ്പർമാരെ തന്നെ തിരഞ്ഞെടുക്കുന്നതിലൂടെയും പ്രാധാന്യമേറി വരുന്ന പ്രദേശങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിലൂടെയും പ്രൊഫഷനലുകളുടെ അഭിപ്രായം തേടുന്നതിലൂടെയും സാധിക്കും