താമസം ഇപ്പോഴും വാടകവീട്ടിൽ; വീട് ഒരു യോഗമാണ്: അനുഭവം പങ്കുവച്ച് വിദ്യാബാലൻ
Mail This Article
ആവശ്യത്തിന് സമ്പത്ത് കയ്യിലുണ്ടെങ്കിൽ സ്വന്തമായി ഒരു വീട് കണ്ടെത്തുക എന്നത് അത്ര പ്രയാസകരമായിരിക്കില്ല. എന്നാൽ കയ്യിലുള്ള പണത്തിന് വാങ്ങാവുന്ന ഏതൊരു ഇടത്തെയും 'വീട്' എന്ന് വിശേഷിപ്പിക്കാനാവില്ല എന്ന് അഭിപ്രായക്കാരിയാണ് നടി വിദ്യാ ബാലൻ. കയറി ചെല്ലുമ്പോൾ ഇത് നമ്മുടേതെന്ന് മനസ്സുകൊണ്ട് തോന്നിക്കുന്ന ഇടമാവണം വീട്. ചലച്ചിത്ര ലോകത്ത് ഉയർച്ചയിൽ എത്തിയിട്ടും ഇപ്പോഴും മുംബൈയിലെ ഒരു വാടകവീട്ടിൽ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുകയായിരുന്നു താരം.
സിഡ്നിയിൽ 1100ൽ പരം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ പങ്കെടുക്കുന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വീടിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം വ്യക്തമാക്കിയത്. മനസ്സ് കീഴടക്കുന്ന വിധത്തിൽ ഒരു പെർഫെക്ട് വീട് കണ്ടെത്തുന്നത് ഓരോരുത്തരെയും വിധിയനുസരിച്ചിരിക്കും എന്നാണ് താരത്തിന്റെ അഭിപ്രായം. 15 വർഷങ്ങൾക്കു മുൻപാണ് ഒരു വീട് കണ്ടെത്താനുള്ള തിരച്ചിൽ ആദ്യം ആരംഭിച്ചത്. ജോലിക്ക് പോകാനുള്ള സൗകര്യം പരിഗണിച്ച് ബാന്ദ്രയിലോ ജുഹുവിലോ ഒരു വീട് വാങ്ങണമെന്നായിരുന്നു ആഗ്രഹം. അമ്മയ്ക്കൊപ്പം നടത്തിയ തിരച്ചിലിനൊടുവിൽ ഒരു വീട് കണ്ടെത്തിയെങ്കിലും അത് ബജറ്റിൽ ഒതുങ്ങുന്നതായിരുന്നില്ല.
ഒടുവിൽ അമ്മ നൽകിയ പ്രചോദനത്തിൽ വായ്പയെടുത്ത് ആ വീട് സ്വന്തമാക്കുകയും ചെയ്തു. അവിടേക്ക് ചെല്ലുന്ന ഓരോ അവസരത്തിലും ഇതാണ് തന്റെ ഇടം എന്ന തോന്നൽ ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു. വിധി തനിക്കായി കരുതിവച്ച വീടെന്നാണ് വിദ്യ അതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ സിദ്ധാർത്ഥ് റോയി കപൂറിനെ വിവാഹം ചെയ്ത ശേഷം ഇരുവർക്കും താമസിക്കാനായി മറ്റൊരു വീട് നോക്കേണ്ടി വന്നു. 25ൽ പരം വീടുകളാണ് കണ്ടത്. എന്നാൽ ഒന്നും മനസ്സിനിണങ്ങുന്നതായിരുന്നില്ല. ഒടുവിൽ ഇരുവർക്കും ഒരേപോലെ ഇഷ്ടപ്പെട്ട ഒരു വീട് കണ്ടെത്തി. പക്ഷേ അത് വാടകയ്ക്ക് വിട്ടുനൽകാനായിരുന്നു ഉടമയ്ക്ക് താൽപര്യം.
വാടകവീട്ടിൽ താമസിക്കുന്നതിനോട് തീരെ ഇഷ്ടമില്ലാതിരുന്നതുകൊണ്ട് വീണ്ടും വീടന്വേഷണം തുടർന്നു. എന്നാൽ എത്രയൊക്കെ അന്വേഷിച്ചു നടന്നിട്ടും യോജിച്ച വീട് മാത്രം കണ്ടെത്താൻ ആയില്ല. ഒടുവിൽ ഇഷ്ടപ്പെട്ട വീടുതന്നെ തിരഞ്ഞെടുത്ത് അവിടെ വാടകയ്ക്ക് താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത്രയധികം ജനസാന്ദ്രതയുള്ള ഒരു നഗരത്തിൽ പൂന്തോട്ടത്തിന്റെയും കടലിന്റെയും കാഴ്ചകൾ ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ സ്ഥിതി ചെയ്യുന്ന ഇത്തരം ഒരു വീട് കണ്ടെത്തുക പ്രയാസകരമാണെന്ന് വിദ്യാബാലൻ പറയുന്നു.
ശാന്തത നിറഞ്ഞുനിൽക്കുന്ന ഒരിടമായാണ് വിദ്യാ ബാലൻ വീടിനെ ഒരുക്കിയിരിക്കുന്നത്. തടിയിൽ തീർത്ത ഫർണിച്ചറുകളും വിപുലമായ ആർട്ട് കളക്ഷനും അതിന്റെ മനോഹാരിത വർധിപ്പിക്കുന്നുണ്ട്. വിശാലമായ ലിവിങ് റൂമിന്റെ ഫ്ലോറിങ്ങിലും തടി ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകങ്ങളുടെ വിപുലമായ ശേഖരവും ഇൻഡോർ പ്ലാന്റുകളും ശിൽപങ്ങളും ചേർന്ന് ഒരു മിനി ഗ്യാലറി എന്ന് ഈ വീടിനെ വിശേഷിപ്പിക്കാം.