മുംബൈയിൽ അമ്മയ്ക്കൊപ്പം പുതിയ വീട് വാങ്ങി ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ; വില 2.9 കോടി
Mail This Article
മുൻനിര സെലിബ്രിറ്റികൾ മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടികൾ മുടക്കി വീട് വാങ്ങിക്കുന്നത് ഇപ്പോൾ ട്രൻഡാണ്. റിയൽ എസ്റ്റേറ്റ് വിപണിയിലെ ഈ കുതിപ്പിന്റെ ഭാഗമായിരിക്കുകയാണ് ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. റിപ്പോർട്ടുകൾ പ്രകാരം മുംബൈയിലെ വർളി മേഖലയിൽ പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് താരം. അമ്മ രോഹിണി അയ്യരുമായി ചേർന്ന് ശ്രേയസ് വാങ്ങിയ വീടിന്റെ വിലമതിപ്പ് 2.9 കോടിയാണെന്നും റിപ്പോർട്ടുകളുണ്ട്.
വർളിയിലെ ആദർശ് നഗറിലുള്ള ത്രിവേണി ഇൻഡസ്ട്രിയൽ സി എച്ച് എസ് എല്ലിൻ്റെ മൂന്നാം നിലയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്നത്. 525 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ഒരു ചതുരശ്ര അടിക്ക് 55,238 രൂപ ശ്രേയസ് വിലയായി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ 19നാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. 17.4 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും താരം കെട്ടിവച്ചു. 30,000 രൂപയാണ് രജിസ്ട്രേഷൻ ഫീയായി നൽകിയത്.
മുൻപു തന്നെ ശ്രേയസ് പയ്യരുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. മുംബൈയിലെ ഏറ്റവും ഉയരം ചെന്ന കെട്ടിടങ്ങളിൽ ഒന്നായ ലോധ വേൾഡ് ടവേഴ്സിൽ അദ്ദേഹം ഫ്ലാറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 2380 ചതുരശ്ര അടിയാണ് ഈ അപ്പാർട്ട്മെന്റിന്റെ വിസ്തീർണ്ണം. മൈക്രോടെക് ഡെവലപ്പേഴ്സിൽ നിന്നും വാങ്ങിയ ഫ്ലാറ്റ് കെട്ടിടത്തിന്റെ 48-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ചതുരശ്ര അടിക്ക് 49,817 രൂപ താരം വിലയായും നൽകി. മൂന്ന് കാർ പാർക്കിങ് പ്ലോട്ടുകളും ഇവിടെ ശ്രേയസിനായി നീക്കിവച്ചിട്ടുണ്ട്.
ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വിലവരുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റുകളുടെ വിൽപനയിലൂടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മുൻനിരയിലാണ് നിലവിൽ വർളി. വാണിജ്യ, ബിസിനസ് കേന്ദ്രങ്ങൾക്ക് സമീപത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനുള്ള ഏറ്റവും സുരക്ഷിതമായ ഇടമായി വർളിയെ പലരും കാണുന്നു. ഇതിന് പുറമേ ഒന്നാം നിര ഡെവലപ്പർമാരുടെ സാന്നിധ്യവും ഇവിടേക്ക് കൂടുതലായി നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്.
500 ചതുരശ്ര അടിമുതൽ വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റുകൾ റിയൽ എസ്റ്റേറ്റ് ഡെവലന്മാർ പദ്ധതികളിൽ കൂടുതലായി ഉൾപ്പെടുത്തുന്നു എന്നതും ശ്രദ്ധേയമാണ്. മുംബൈ റിയൽ എസ്റ്റേറ്റ് മാർക്കറ്റിലെ പ്രതിമാസ വിൽപനകളുടെ കണക്കെടുക്കുമ്പോൾ അവയിൽ ഏതാണ്ട് പകുതിയും 500 മുതൽ 1000 ചതുരശ്ര അടിവരെ വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്റുകളുടേതാണ്. ഇതിനുപുറമെ 500 ചതുരശ്ര അടിയിൽ താഴെ മാത്രം വിസ്തീർണമുള്ള അപ്പാർട്ട്മെന്റുകളുടെ വിൽപനയും ഗണ്യമായി ഉയർന്നിട്ടുണ്ട്. ശരാശരി 10 ,000 മുതൽ 12,000 യൂണിറ്റുകൾ വരെ പ്രതിമാസം മുംബൈയിൽ വിറ്റു പോകുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.