അംബാനിയുടെ അയൽക്കാരും ചില്ലറക്കാരല്ല: ആന്റിലിയയ്ക്ക് സമീപം വീടുള്ള ചില ധനികർ
Mail This Article
ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യവസതികളിലൊന്നാണ് അംബാനിയുടെ ആന്റിലിയ. 15,000 കോടി വിലമതിപ്പിൽ 27 നിലകളിലായി തലയുയർത്തി നിൽക്കുന്ന ആന്റിലിയ ലോകപ്രശസ്തമായതിൽ അദ്‌ഭുതപ്പെടാനുമില്ല. അതിതീവ്രമായ ഭൂചലനത്തെ പോലും നേരിടാനുള്ള സാങ്കേതികവിദ്യ, എല്ലാവിധ അത്യാധുനിക സൗകര്യങ്ങൾക്കും പുറമേ 160 കാറുകൾ പാർക്ക് ചെയ്യാവുന്ന ഗാരിജ്, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആഡംബരസൗകര്യങ്ങൾ ഇവിടെയുണ്ട്. മുംബൈ കമ്പാല ഹില്ലിലെ അൽതമൗണ്ട് റോഡിലാണ് ആന്റിലിയ സ്ഥിതിചെയ്യുന്നത്. എന്നാൽ ഈ പ്രദേശത്തെ കോടികൾ വിലമതിക്കുന്ന ഏക വീട് ആന്റിലിയ അല്ല. സമ്പന്നരും പ്രശസ്തരുമായ ധാരാളം അയൽക്കാർ മുകേഷ് അംബാനിക്കുണ്ട്.
ജെ.കെ ഹൗസ്
ആന്റിലിയ കഴിഞ്ഞാൽ അൽതമൗണ്ട് റോഡിലെ ഏറ്റവും വിലമതിപ്പേറിയ വീട് റെയ്മണ്ട് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ ഗൗതം സിംഘാനിയയുടേതാണ്. 6000 കോടിയാണ് ജെ.കെ ഹൗസ് എന്ന വീടിന്റെ വിലമതിപ്പ്. ഹെലിപ്പാഡ്, സ്വിമ്മിങ് പൂളുകൾ, അഞ്ചു നിലകളിലായി ഒരുക്കിയിരിക്കുന്ന കാർ ഗാരിജ് തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ബംഗ്ലാവിൽ ഒരു സ്വകാര്യ മ്യൂസിയം പോലുമുണ്ട്.
മോട്ടിലാല്‍ ഓസ്വാൾ
മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ സ്ഥാപകൻ മോട്ടിലാൽ ഓസ്‌വാളാണ് അംബാനിയുടെ മറ്റൊരു സമ്പന്ന അയൽക്കാരൻ. കമ്പാല ഹില്ലിലെ 33 സൗത്ത് എന്ന ലക്ഷ്വറി അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ 13, 17 നിലകളിലുള്ള ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകളാണ് അദ്ദേഹത്തിനുള്ളത്. ഈ അപ്പാർട്ട്മെന്റുകളിലെ ഓരോ ചതുരശ്ര അടിക്കും 1.48 ലക്ഷം രൂപയാണ് മോട്ടിലാൽ ഓസ്‌വാൾ വിലയായി നൽകിയത്.
എൻ. ചന്ദ്രശേഖരൻ
ടാറ്റ സൺസിന്റെ ചെയർമാനായ എൻ. ചന്ദ്രശേഖരനും ആന്റിലിയുടെ സമീപ പ്രദേശത്തുള്ള പെഡാർ റോഡിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് വീട് സ്വന്തമാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ 11, 12 നിലകളിലായി സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്സ് അപ്പാർട്ട്മെൻ്റാണിത്. 98 കോടി രൂപയാണ് അപ്പാർട്ട്മെന്റിന്റെ വില.
റാണ കപൂർ
യെസ് ബാങ്കിന്റെ സ്ഥാപകൻ റാണ കപൂർ അൽതമൗണ്ട് റോഡിലെ താമസക്കാരനാണ്. 128 കോടി രൂപ വിലയുള്ള ആഡംബര ഭവനം 2013ലാണ് അദ്ദേഹം സ്വന്തമാക്കിയത്.
രചന ജെയ്ൻ
ഡ്രീം ഇലവണിന്റെ സഹസ്ഥാപകൻ ഹർഷ് ജെയ്നിൻ്റെ ഭാര്യ രചന ജെയ്നും ആന്റിലിയയുടെ സമീപപ്രദേശത്ത് കോടികൾ വിലമതിക്കുന്ന വീട് സ്വന്തമാക്കിയിട്ടുണ്ട്. 2021 ലാണ് 72 കോടി വില നൽകി ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് ഇവർ സ്വന്തമാക്കിയത്. പെഡാർ റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
ജെ എസ് ഡബ്ലിയു എനർജിയുടെ സിഇഒ പ്രശാന്ത് ജെയ്ൻ, ഗായിക ആശാ ഭോസ്ലെ എന്നിവരും മുകേഷ് അംബാനിയുടെ അയൽക്കാരാണ്. അഭിനേതാവും സംവിധായകനുമായിരുന്ന ഗുരു ദത്ത്, ലതാ മങ്കേഷ്കർ എന്നിവരും ഈ മേഖലയിൽ വീടുകൾ സ്വന്തമാക്കിയിരുന്നു.