കാശെറിഞ്ഞു കാശുവാരി ബിഗ് ബിയും അഭിഷേകും; റിയൽ എസ്റ്റേറ്റ് ആസ്തി 200 കോടിയിലധികം!
Mail This Article
ബിഗ് സ്ക്രീൻ പ്രകടനങ്ങളിൽ മാത്രമല്ല ബോളിവുഡ് താരങ്ങൾക്കിടയിലെ റിയൽ എസ്റ്റേറ്റ് ആസ്തിയുടെ കാര്യത്തിലും അമിതാഭ് ബച്ചനും കുടുംബവും മുൻനിരക്കാരാണ്. മുംബൈയിലെ പ്രധാന മേഖലകളിൽ ഒന്നിലധികം ബംഗ്ലാവുകൾ കുടുംബത്തിന് സ്വന്തമായുണ്ട്. ഇപ്പോഴിതാ ഒറ്റയടിക്ക് മുംബൈയിൽ 10 അപ്പാർട്ട്മെന്റുകൾ ബച്ചൻ കുടുംബം വാങ്ങിയതായാണ് റിപ്പോർട്ടുകൾ. മുലുന്ദ് മേഖലയിലാണ് ഈ അപ്പാർട്ട്മെന്റുകൾ സ്ഥിതിചെയ്യുന്നത്.
രജിസ്ട്രേഷൻ രേഖകൾ പ്രകാരം 24.95 കോടി രൂപയാണ് 10 അപ്പാർട്ട്മെന്റുകൾ വാങ്ങുന്നതിനായി അമിതാഭ് ബച്ചനും അഭിഷേകും ചെലവഴിച്ചിരിക്കുന്നത്. ഇതോടെ ഇവരുടെ റിയൽ എസ്റ്റേറ്റ് ആസ്തി 200 കോടി കടന്നതായും റിപ്പോർട്ടുകളുണ്ട്. ഒബ്‌റോയ് റിയൽറ്റിയുടെ ഒബ്‌റോയ് എറ്റേർണിയ എന്ന പദ്ധതിയിലെ അപ്പാർട്ട്മെന്റുകളാണ് കുടുംബം വാങ്ങിയത്. 3BHK-4BHK അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന പദ്ധതിയാണിത്. ബച്ചൻ കുടുംബം സ്വന്തമാക്കിയ അപ്പാർട്ട്മെന്റുകൾ എല്ലാം ചേർത്ത് 10,216 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ടെന്നും രേഖകൾ സൂചിപ്പിക്കുന്നു.
ഫ്ലാറ്റുകളിൽ ആറെണ്ണം അഭിഷേക് ബച്ചനും ശേഷിക്കുന്ന നാലെണ്ണം അമിതാഭ് ബച്ചനും വേണ്ടിയാണ് എന്നാണ് റിപ്പോർട്ടുകൾ. 14. 77 കോടി രൂപയാണ് അഭിഷേക് ബച്ചന്റെ അപ്പാർട്ട്മെന്റുകളുടെ ആകെ വില.
എട്ട് അപ്പാർട്ട്മെന്റുകൾക്ക് 1049 ചതുരശ്ര അടി വീതമാണ് കാർപെറ്റ് ഏരിയ ഉള്ളത്. മറ്റ് രണ്ട് അപ്പാർട്ട്മെന്റുകൾക്കാവട്ടെ 912 ചതുരശ്ര അടി വിസ്തീർണമുള്ള കാർപെറ്റ് ഏരിയയും ഉണ്ട്. 1.5 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചു. മൂന്നുലക്ഷം രൂപയാണ് 10 അപ്പാർട്ട്മെന്റുകൾക്കും ചേർത്ത് രജിസ്ട്രേഷൻ ഫീയായി അടച്ചത്. ഒക്ടോബർ ഒൻപതിന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായും രേഖകൾ പറയുന്നു.
2020 നും 2024 നും ഇടയിലുള്ള കാലയളവിലാണ് ബച്ചൻ കുടുംബം റിയൽ എസ്റ്റേറ്റിൽ ഏറ്റവും അധികം നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്. 2024 ൽ മാത്രം കുടുംബം പ്രോപ്പർട്ടികൾ വാങ്ങുന്നതിനായി 100 കോടിക്ക് മുകളിൽ ചെലവിട്ടു. ഓഷിവാര, മഗാതാനേ എന്നിവിടങ്ങളിലായി റസിഡൻഷ്യൽ പ്രോപ്പർട്ടികളും വാണിജ്യ പ്രോപ്പർട്ടികളും കുടുംബം വാങ്ങിയിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മുംബൈയിലെ മുലുന്ദ് വെസ്റ്റ് മേഖല ആധുനിക സൗകര്യങ്ങൾ നിറഞ്ഞ, എന്നാൽ നഗര തിരക്ക് അനുഭവപ്പെടാത്ത വിധത്തിൽ പച്ചപ്പ് ഉൾക്കൊള്ളുന്ന പ്രദേശമാണ്. ഇക്കാരണം കൊണ്ടുതന്നെ ഈ മേഖലയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്താൻ കൂടുതൽ ആളുകൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. അടുത്തകാലങ്ങളിലായി സെലിബ്രിറ്റികൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ കൂടുതൽ താൽപര്യം കാണിക്കുന്നതാണ് ട്രെൻഡ്. വാടക വരുമാനം ലക്ഷ്യമാക്കി മൈക്രോമാർക്കറ്റുകളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രോപ്പർട്ടികളും സെലിബ്രിറ്റികൾ സ്വന്തമാക്കുന്നുണ്ട്.