ചേനയ്ക്ക് ഒരു മുള; കപ്പയ്ക്ക് കിളിർപ്പുള്ള ഭാഗം ഒഴിവാക്കണം: ചേനയും കപ്പയും നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

Mail This Article
ചേന
ചേന നടുന്നതിന് ഏറ്റവും യോജ്യം കുംഭമാസമാണ്. എന്നാൽ കഠിനമായി വേനൽചൂടിൽ ഭൂമി വരണ്ടു കിടക്കുന്നതിനാൽ വേനൽമഴ ലഭിച്ചശേഷം നടുന്നതാവും നല്ലത്. മുൻകൂട്ടി തയാറാക്കിയ വിത്തുചേനകൾ മുളയ്ക്കു പരുക്കേൽക്കാതെ 750 ഗ്രാം വീതം തൂക്കമുള്ള കഷണങ്ങളാക്കുക. ഒരു കഷണത്തിൽ ഒരു മുളയേ ഉണ്ടാകാവൂ. 45 സെ.മീ. വ്യാസാർധമുള്ള തടം എടുത്തതിൽ (1/3 ആഴത്തിൽ) 20 ഗ്രാം മെറ്റാറൈസിയം ചേർക്കുക. 60x60x45 സെ. മീ. അകലത്തിലാവണം തടങ്ങൾ. തടയോടു ചേർന്ന് ഇപിഎൻ ലായനി 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒഴിച്ചുകൊടുക്കുക.
മരച്ചീനി
മരച്ചീനി നടുന്നതിനു തണ്ട് മുറിക്കുമ്പോൾ ഏറ്റവും മുകളറ്റത്തുള്ള കിളിർപ്പോടുകൂടിയ 50 സെ.മീ. ഭാഗം ഒഴിവാക്കുക. ഇപ്രകാരം നടീൽവസ്തു തയാറാക്കുന്നത് വൈറസ് ബാധ കുറയ്ക്കും. വേനൽമഴ ലഭിക്കുന്നതിന് മുൻപ് എലികളെ കെണി വച്ചോ വിഷം വച്ചോ നശിപ്പിക്കുക. വേനൽമഴ ലഭിച്ചാലുടൻ നിലം ഒരുക്കുക. വെള്ളീച്ചയുടെയും പച്ചത്തുള്ളന്റെയും ആക്രമണം കൂടുതലായി കാണുന്നു. ഇവയുടെ നിയന്ത്രണത്തിന് ഇലയുടെ അടിയിൽ വേപ്പെണ്ണ സംയുക്തവും തുടർന്ന് വെർട്ടിസീലിയവും പ്രയോഗിക്കുക.