ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇനി അടുത്ത പനിയോ എന്ന് നിങ്ങൾ ആശങ്കപ്പെടാതിരിക്കാൻ ആദ്യമെ തന്നെ പറയട്ടെ, ഇതു മനുഷ്യനെ ബാധിക്കുന്ന രോഗമല്ല. ലോകമെമ്പാടുമുള്ള പന്നിക്കർഷകരുടെ പേടിസ്വപ്നമായ ആഫ്രിക്കൻ പന്നിപ്പനി (African Swine Fever) ആദ്യമായി ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കർഷകർക്ക് കനത്ത ഉൽപാദന, സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്ന ഈ അസുഖം ഇന്ത്യയിൽ ആദ്യമായി അസമിലാണ്  സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ ആദ്യം

ഈ വർഷം ഫെബ്രുവരി മുതൽ ഇന്നുവരെ 2900ലധികം പന്നികൾ അസമിൽ മാത്രം ചത്തു പോയിരുന്നു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലബോറട്ടറിയിൽ ഇത് ആഫ്രിക്കൻ പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മനുഷ്യരിലേക്കു പകരാത്ത, എന്നാൽ പന്നികൾക്ക് ദുരന്തം വിതയ്ക്കുന്ന ഈ രോഗം ആദ്യമായാണ് ഇന്ത്യയിൽ, കിഴക്കൻ അസമിലെ ആറു ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

ചൈനയിൽനിന്നു തുടക്കം

ലോകത്തിന്റെ പലഭാഗങ്ങളിലും സ്ഥിരമായി  ആഫ്രിക്കൻ സ്വൈൻ ഫീവർ (AFS) റിപ്പോർട്ട് ചെയ്യപ്പെടാ റുണ്ടെങ്കിലും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈനയിൽ വലിയ തോതിലുള്ള രോഗബാധ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പന്നിയിറച്ചി ഉൽപാദകരും ഉപഭോക്താവുമാണ് ചൈന. ചൈനയ്ക്കു പുറമേ  മംഗോളിയ, വിയറ്റ്നാം, കംബോഡിയ, മ്യാൻമർ, ഫിലിപ്പൈൻസ്, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധയുണ്ടായി. 

ചൈനയിൽ 2018 ഓഗസ്റ്റിലാണ് രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് രോഗവ്യാപനം തടയാനായി ഏകദേശം 10 ലക്ഷത്തോളം പന്നികളെ കൊന്നുകളയുകയായിരുന്നു. 2019 ഫെബ്രുവരിയിൽ രോഗബാധ നേരിട്ട വിയറ്റ്നാമിൽ രോഗപ്പകർച്ച തടയാൻ കൊല്ലേണ്ടി വന്നതും ലക്ഷക്കണക്കിന് പന്നികളെയാണ്. ടിബറ്റ് വഴി അരുണാചൽ പ്രദേശ് കടന്നാണ് രോഗം അസമിലെത്തിയതെന്ന് സംശയിക്കുന്നു. 

ഇന്ത്യയിൽ ഏറ്റവുമധികം പന്നികളുള്ള സംസ്ഥാനമാണ് അസം. കാട്ടുപന്നികളിലും ഈ രോഗം വരാമെന്നതിനാൽ അസമിലെ രോഗബാധയുടെ ഉറവിടം കൃത്യമായി മനസിലാക്കിയിട്ടില്ല. പന്നികൾ ചത്തു തുടങ്ങിയ സമയത്തു തന്നെ പന്നികളെ അറക്കുന്നതും പോർക്ക് വിൽക്കുന്നതും അസം സർക്കാർ നിരോധിച്ചിരുന്നു. പിന്നീടാണ് രോഗബാധ സ്ഥിരീകരണം വന്നത്. 

അരുണാചൽ പ്രദേശിലെ രണ്ടു ജില്ലകളിലും ASF രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരത്തോളം പന്നികളാണ് ഇവിടെ ചത്തതെന്ന് ഔദ്യോഗിക വിവരം. ലോക ജന്തുരോഗ സംഘടനയുടെ കണക്കനുസരിച്ച് 2018, 2019 വർഷങ്ങളിൽ യൂറോപ്പിലെ 3 രാജ്യങ്ങളിലും ആഫ്രിക്കയിലെ 23 രാജ്യങ്ങളിലും രോഗബാധയുണ്ടായിട്ടുണ്ട്.

എന്താണ് ആഫ്രിക്കൻ സ്വൈൻ ഫീവർ (ASF)

വളർത്തു പന്നികളിലും കാട്ടുപന്നികളിലും കണ്ടുവരുന്ന അതിതീവ്രമായ വൈറൽ പനിയാണിത്. നൂറു ശതമാനവും മരണമുറപ്പാക്കാവുന്ന ഈ രോഗം നേരിട്ടോ അല്ലാതെയോ ഉള്ള വഴികളിലൂടെ പകരുന്നു. പന്നികളുടെ പെട്ടെന്നുള്ള മരണമാണ് പ്രധാന ലക്ഷണം. കഠിനമായ പനി, തീറ്റയെടുക്കാതിരിക്കൽ, തൊലിപ്പുറത്ത് രക്തസ്രാവം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. മരണ നിരക്കിൽ മുന്നിലാണെങ്കിലും കുളമ്പുരോഗം പോലുള്ള അസുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പകർച്ചാ നിരക്ക് കുറവാണ്. 

നിലവിൽ അംഗീകരിക്കപ്പെട്ട വാക്സിനുകൾ ഇല്ലാത്തതിനാൽ രോഗബാധയുള്ളവയെ കൊന്നുകളയുന്നതാണ് രോഗപ്രതിരോധ രീതി. വ്യാപകമായി പന്നിവളർത്തലുള്ള രാജ്യങ്ങളിൽ കപ്പലുകൾ, വിമാനം, വ്യക്തികൾ എന്നിവ വഴി കൊണ്ടുവരുന്ന മാംസമാണ് രോഗബാധയുടെ പ്രധാന ഉറവിടം. 1957ൽ പശ്ചിമ ആഫ്രിക്കയിൽനിന്ന് പോർച്ചുഗലിൽ എത്തിപ്പെട്ടതോടെയാണ് AFS വൈറസ് യൂറോപ്പിലുമെത്തുന്നത്.

ആഫ്രിക്കൻ പന്നിപ്പനിയും ക്ലാസിക്കൽ പന്നിപ്പനിയും

സമാനമായ ലക്ഷണങ്ങളുള്ള എന്നാൽ വ്യത്യസ്തരായ  വൈറസുകൾ ഉണ്ടാക്കുന്ന പന്നികളിലെ രണ്ടു രോഗങ്ങളാണിവ. ലാബോറട്ടറി പരിശോധന വഴിയാണ് ഏതു വൈറസെന്ന് സ്ഥിരീകരിക്കാനാവുക. ഇന്ത്യയിൽ കേരളത്തിലും പന്നിപ്പനിയെന്നു പറഞ്ഞു വിളിച്ചിരുന്ന പന്നികളുടെ അസുഖം 'ക്ലാസിക്കൽ സ്വൈൻ ഫീവർ ( Classical Swine Fever) ആയിരുന്നു. ഇതിനെതിരെയുള്ള പ്രതിരോധ വാക്സിനുകൾ ലഭ്യമാണ്. നമ്മുടെ കർഷകർ ഇത് പന്നികൾക്ക് നൽകുകയും ചെയ്യാറുണ്ട്. ക്ലാസിക്കൽ പന്നിപ്പനിക്കെതിരെയുള്ള വാക്സിൻ തിരുവനന്തപുരം പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ ഉൽപാദിപ്പിച്ച് സർക്കാർ മൃഗാശുപത്രികൾ വഴി നൽകിവരുന്നു.

അപ്പോൾ മനുഷ്യനിലെ പന്നിപ്പനിയോ?

H1N1 വൈറസ് മൂലം മനുഷ്യരിലുണ്ടാകുന്ന ഇൻഫ്ലുവൻസയെ നമ്മൾ പന്നിപ്പനിയെന്നാണ് വിളിക്കുന്നത്. ഈ ജന്തുജന്യ രോഗമുണ്ടാക്കുന്ന വൈറസ്  തുടക്കത്തിൽ പന്നിയിൽനിന്നാണ് വന്നതെന്ന കാരണത്താലാണിത്. ഇത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. മനുഷ്യരിലെ H1N1ന് മേൽ പറഞ്ഞ പന്നിപ്പനികളുമായി ബന്ധമില്ലായെന്നും ഓർക്കുക

കരുതൽ നല്ലത്

ഏകദേശം ഒരു ലക്ഷത്തോളം വളർത്തുപന്നികൾ കേരളത്തിലുണ്ട്. ഇന്ത്യയിൽ ASF രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കേരളത്തിലെ പന്നിഫാമുകളും കർഷകരും അൽപം ശ്രദ്ധിക്കുന്നത് നന്നായിരികും. അശ്രദ്ധയിൽനിന്നാണ് അപകടങ്ങൾ വരാൻ സാധ്യതയുള്ളത്. പ്രതിരോധ വാക്സിനില്ലാത്ത ഈ രോഗത്തിന്റെ വൈറസിന് അന്തരീക്ഷത്തിലും രോഗം ബാധിച്ച പന്നിയുടെ മാംസത്തിലും ഉൽപന്നങ്ങളിലും ദീർഘസമയം നിലനിൽക്കാൻ കഴിയും. മൃഗസംരക്ഷണ വകുപ്പിന്റെ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസ്, എല്ലാ ജില്ലാതല മൃഗസംരക്ഷണ വകുപ്പ് മേധാവികൾക്കും മുൻകരുതൽ എടുക്കാനുള്ള ഉപദേശം നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് നന്മുടെ ചെക്ക് പോസ്റ്റുകൾ ജാഗ്രതയിലായതിനാൽ പന്നികൾ, പോർക്ക് എന്നിവയുടെ കൊണ്ടുവരൽ തടയപ്പെടുന്നത് ഉപകാരമാകും. ചെക്ക് പോസ്റ്റുകൾക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കർഷകർ ചെയ്യേണ്ടത്

നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഫാമിൽ നടക്കുന്ന ജൈവ സുരക്ഷാ മാർഗങ്ങൾ കർശനമായി പിൻതുടരുക മാത്രം ചെയ്താൽ മതി. ഭയമല്ല ജാഗ്രത മാത്രം ആവശ്യം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് പന്നി, പന്നിക്കുഞ്ഞുങ്ങൾ, ഇറച്ചി, തീറ്റ, വാഹനങ്ങൾ, മറ്റുള്ള സാധനസാമഗ്രികൾ എന്നിവ ഫാമിലേക്ക് എത്തിക്കുന്നത് ഒഴിവാക്കണം. ഭക്ഷണ, ഹോട്ടൽ, ചിക്കൻ അവശിഷ്ടങ്ങൾ തീറ്റയായി നൽകുന്നത് വേവിച്ചാവുന്നതാവും നല്ലത്. രോഗത്തേക്കുറിച്ച് അറിയുക, കരുതൽ നടപടികൾ മനസിലാക്കി നടപ്പിലാക്കുക എന്നതാണ് മുഖ്യം. വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം ആരോഗ്യ കാര്യങ്ങൾ ക്രമപ്പെടുത്തുന്നതാണ് നല്ലത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com