മഹാദുരന്തം മുൻകൂട്ടിയറിയാനുള്ള സെൻസുണ്ട് സെൻസിറ്റിവിറ്റിയുണ്ട്, രക്ഷപ്പെടാൻ ബയോലോഗിങ് രീതിയും
Mail This Article
വയനാട് മുണ്ടക്കൈയിയും ചൂരൽമലയിലും ഉരുൾപൊട്ടി വൻദുരന്തം ഉണ്ടാവുന്നതിന് മണിക്കൂറുകൾ മുൻപ് ആനകൾ കൂട്ടമായി മലയിറങ്ങി ഉൾക്കാട്ടിലേക്ക് പോവുന്നത് കണ്ട അനുഭവം ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട പ്രദേശവാസികളായ ചിലർ പങ്കുവച്ചതായി വാർത്തയുണ്ട്. മാത്രമല്ല, വന്യമൃഗങ്ങൾ കാണപ്പെടുന്ന പ്രദേശമായിട്ടും രണ്ടോ മൂന്നോ മ്ലാവുകളുടെതല്ലാതെ കൂടുതൽ വന്യമൃഗങ്ങളുടെ ജഡങ്ങൾ ദുരന്തഭൂമിയിൽനിന്ന് കണ്ടെടുക്കാനും സാധിച്ചിട്ടില്ല.
ഒരു നാടിനെ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുനീക്കാൻ തക്ക ആഘാതശേഷിയുള്ള മഹാദുരന്തത്തിന്റെ വരവിനെപ്പറ്റിയുള്ള ദുഃസ്സൂചനകൾ മൃഗങ്ങൾക്കു നേരത്തെ കിട്ടിയതായി ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ നിരീക്ഷണമുണ്ട്.
ഇതിൽ ശാസ്ത്രീയമായി നേരുണ്ടോ?
ഈ സംഭവത്തെ ശാസ്ത്രീയമായി പരിശോധിച്ചാൽ വസ്തുതകൾ ഉണ്ടെന്നു തന്നെ കണ്ടെത്താൻ സാധിക്കും. ലോകത്തിന്റെ പലയിടങ്ങളിലും മുൻപുണ്ടായിട്ടുള്ള ദുരന്തങ്ങളെ പഠിച്ച പല ശാസ്ത്രപഠനങ്ങളും സമാനസ്വഭാവമുള്ള നിരീക്ഷണങ്ങൾ പങ്കിട്ടിട്ടുണ്ട്.
ദുരന്തം സംഭവിക്കാൻ ഇടയുള്ള മേഖലകളിൽനിന്നും മുൻകൂട്ടി മൃഗങ്ങൾ കൂട്ടമായി മറ്റൊരു സുരക്ഷിതസ്ഥലത്തേക്കു പോകുന്നതിനെ ബയോലോഗിങ് എന്നാണ് ശാസ്ത്രം വിളിക്കുന്നത്. വയനാട്ടിൽ ഉരുൾപ്പൊട്ടലിനു മുൻപേ ആനകളുടെ കാര്യത്തിൽ സംഭവിച്ചതും ഈ രീതിയിലുള്ള ബയോലോഗിങ് തന്നെയായിരിക്കും. ഭൂമികുലുക്കം പോലുള്ള ദുരന്തങ്ങൾ സംഭവിക്കുന്നതിന് 20 മണിക്കൂറുകൾ മുൻപേ വരെ മൃഗങ്ങൾ ഈ രീതിയിൽ സ്വഭാവ വ്യതിയാനങ്ങൾ പ്രകടിപ്പിക്കുമെന്ന് നിരീക്ഷിച്ച പഠനങ്ങളുണ്ട്.
ദുരന്തനിവാരണരംഗത്ത് മുന്നറിയിപ്പുകൾ നൽകാൻ വളരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താവുന്ന ഉപയോഗപ്രദമായ മാർഗം കൂടിയാണ് ബയോലോഗിങ്. 2004 ഡിസംബറിലെ സുനാമി ദുരന്തത്തിനു മുൻപായി ആനകൾ കൂട്ടമായി ശ്രീലങ്കയിലെ യാല ദേശീയ പാർക്കിന്റെ തീരമേഖലയോടു ചേർന്ന ഭാഗങ്ങളിൽനിന്ന് പലായനം ചെയ്ത ശാസ്ത്ര റിപ്പോർട്ടുകളുണ്ട്.
പസഫിക് സമുദ്രം കടക്കുന്ന ദേശാടന പക്ഷികൾക്ക് കൊടുങ്കാറ്റിനെയും മറ്റ് അപകടങ്ങളെയും മറികടക്കാൻ കഴിയുന്നത് ദുരന്തങ്ങളെ നേരത്തെ തിരിച്ചറിയാൻ കഴിയുന്നതു കൊണ്ടാണെന്ന് നിരീക്ഷണങ്ങളുണ്ട്. ഇറ്റലിയിലെ സിസിലിയിലെ എറ്റ്ന പർവതത്തിന്റെ അഗ്നിപർവത ചരിവുകളിൽ ടാഗ് ചെയ്ത ആടുകളുടെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ടു നടത്തിയ പഠനത്തിൽ, എറ്റ്ന എപ്പോൾ പൊട്ടിത്തെറിക്കാൻ പോകുന്നുവെന്ന് മൃഗങ്ങൾക്ക് മുൻകൂട്ടി ധാരണയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ രീതിയിൽ ദുരന്തങ്ങളോടുള്ള മൃഗങ്ങളുടെ പ്രതികരണങ്ങൾ നിരീക്ഷിച്ച ശാസ്ത്ര പഠനങ്ങളെല്ലാം ദുരന്തങ്ങൾ മുൻകൂട്ടിയറിയാനുള്ള ശേഷി അവയ്ക്കുണ്ടെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്.
വന്യമൃഗങ്ങളും പക്ഷികളും മാത്രമല്ല, ഫാമുകളിൽ പരിപാലിക്കുന്ന മൃഗങ്ങളും ഇത്തരം സ്വഭാവവ്യതിയാനങ്ങൾ കാണിക്കും.
അടുത്തിടെ കണ്ണൂർ ജില്ലയിലെ പരിയാരത്തിന് സമീപമുണ്ടായ മലവെള്ളപ്പാച്ചിൽ ദുരന്തത്തിനു മുൻപേ പുലർച്ച സമയത്ത് ഫാമിലെ പശുക്കൾ അലറിക്കരഞ്ഞതു കേട്ട് വീടിനു പുറത്തിറങ്ങിയ കർഷകദമ്പതികൾ ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം മലയാള മനോരമ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഇങ്ങനെ ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട്.
വെപ്രാളം, കരച്ചിലുള്ള വൃതിയാനങ്ങൾ, അസാധാരണമായ രീതിയിൽ സംഘം ചേരൽ, കെട്ടിയിട്ട മൃഗങ്ങളിൽ രക്ഷപ്പെടാനുള്ള പരവേശം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. നായ, പൂച്ച, ആനകൾ, ഉറുമ്പുകൾ, കോഴി, തത്ത തുടങ്ങിയ പക്ഷികൾ തുടങ്ങിയ ജീവികൾ കൂടുതലായി ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിക്കും. പ്രകൃതിയിൽ സംഭവിക്കുന്ന സൂക്ഷ്മവ്യതിയാനങ്ങളെയും മണ്ണിൽനിന്നുള്ള, മനുഷ്യന് അറിയാൻ അപ്രാപ്യമായ അതിസൂക്ഷ്മ ആവൃത്തിയുള്ള ശബ്ദങ്ങളെയും സീസ്മിക് തരംഗങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടാവുന്ന മാറ്റങ്ങളെയും ദുരന്തത്തിനു മുന്നോടിയായി ഭൂമിക്കടിയിൽ പുറത്തു വരുന്ന വാതകങ്ങളെയുമെല്ലാം തിരിച്ചറിയാൻ കഴിയുന്ന മൃഗങ്ങളുടെ സവിശേഷമായ ആറാം ഇന്ദ്രിയമാണ് ഇതിന്റെ കാരണം. കാലാവസ്ഥാവ്യതിയാനത്തിന്റെ ഈ കാലത്ത് എത്ര സാങ്കേതികസംവിധാനങ്ങളുണ്ടായാലും ദുരന്തസാധ്യതാമേഖലകളിൽ തിരിച്ചറിയാൻ കഴിയാൻ പോവുന്ന ദുരന്തസൂചനകൾ കൃത്യമായി നിരീക്ഷിക്കാൻ ബയോലോഗിങ് തുണയ്ക്കും. ദുരന്തങ്ങളുടെ വരവ് സംബന്ധിച്ച് നമുക്കു മുന്നറിയിപ്പ് നൽകി സംസാരിക്കാൻ മിണ്ടാപ്രാണികൾക്കു കഴിഞ്ഞേക്കില്ലെങ്കിലും, അവ നൽകുന്ന മുന്നറിയിപ്പ് സൂചനകളിൽ നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
മനുഷ്യവികാരങ്ങളറിയും ആനകൾ
ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട് കാട്ടിൽ അഭയം തേടിയ കുടുംബത്തിനു കാവൽ എന്നപോലെ കാട്ടാനക്കൂട്ടം മണിക്കൂറുകൾ ശാന്തരായി നിലയുറപ്പിച്ച വാർത്തയും പുറത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങളിലൊന്നും അതിശയോക്തിക്കു സ്ഥാനമില്ല, കാരണം മനുഷ്യന്റെ വികാരങ്ങൾ തിരിച്ചറിഞ്ഞ് പെരുമാറാനുള്ള സവിശേഷഗുണം ആനയെ പോലുള്ള സാമൂഹികസ്വഭാവം പ്രകടിപ്പിക്കുന്ന ജീവികൾക്കുണ്ട്. എന്നാൽ ദുരന്തമുഖത്ത് കണ്ണീർവാർക്കാൻ ആനകൾക്കാവില്ല, കാരണം മനുഷ്യരിലേതുപോലെ കണ്ണീർ ഗ്രന്ഥികൾ ആനയ്ക്കില്ല. കണ്ണിലെ നനവ് നിലനിർത്താൻ കണ്ണീർ ഗ്രന്ഥികൾക്കു പകരം ഹാർഡേറിയൻ ഗ്രന്ഥികൾ എന്ന പ്രത്യേക ഗ്രന്ഥികൾ ആനകൾക്കുണ്ട്.