അധ്യാപകൻ – സുരേഷ് നൂറനാട് എഴുതിയ കവിത

Mail This Article
സ്കൂള്‍ മുറ്റത്തൊരു മരമുണ്ട്.
കടുകട്ടി മരം. കാറ്റുപിടിക്കാത്ത
മഴ പൊഴിക്കാത്ത
വേരും വളവും വേണ്ടാത്ത കടുകട്ടി മരം.
വാർപ്പിട്ട മോന്തായവും
ടാറിട്ട തറയുമുള്ള
സ്കൂളിന് ചേരും
മുറ്റത്തെ ആ കട്ടമരം
തളിരില്ല
പൂക്കില്ല
കായ്ക്കില്ല
ഇലകൊഴിയില്ല
വളരില്ല
കരിയില്ല
ആ മരത്തിന് ഒന്നും വയ്യ.
ഒന്നും വേണ്ട.
ഒരേ നിൽപ്പാണ്.
കുട്ടീ,
നീ കരയേണ്ട......
ആ മരത്തേക്കുറിച്ച് ഓർക്കേണ്ട
അതിനെ എഴുതേണ്ട പറയേണ്ട
വല്ലപ്പോഴുമൊരിക്കൽ
കളിച്ചു ക്ഷീണിക്കുമ്പോൾ

നീയതിന്റെ തണലത്തൊന്നു
വന്നിരുന്നാൽ മതി.
തനിയെ അങ്ങിനെയിരിക്കുമ്പോൾ
എനിക്ക് നിന്നെ കാണാം.
ഹായ്!
കുട്ടീ,
ഞാനീ മരത്തിനുള്ളിലാണിരിക്കുന്നത്!
Content Summary: Adhyapakan, Malayalam poem written by Suresh Nooranad