ഭീമസേനന് ദ്രൗപദിയോടുള്ള പ്രണയം
Mail This Article
മലയാളത്തിലെ ഇതിഹാസോപജീവികളായ ആധുനികകൃതികളിൽ പല നിലയിലും പ്രധാനപ്പെട്ട ഒന്നാണ് എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം.’ മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊരാളായ ഭീമസേനന്റെ കാഴ്ചപ്പാടിൽ കൗരവപാണ്ഡവസംഘർഷത്തെ ആഖ്യാനം ചെയ്യുന്ന നോവലാണത്. എന്നാൽ അതിലെ ഏറ്റവും കാതലായ ഘടകം ഭീമസേനനു ദ്രൗപദിയോടുള്ള സാക്ഷാൽക്കരിക്കാനാകാതെ പോകുന്ന പ്രണയവും ആസക്തിയുമാണ്.
ഇതിഹാസാന്തർഗതമായ കഥയും കഥാപാത്രവുമാണ് ‘രണ്ടാമൂഴ’ത്തിലുള്ളതെങ്കിലും എംടിയുടെ പല നായകന്മാർക്കും പൊതുവായുള്ള ചില സ്വഭാവങ്ങൾ ഭീമനിലും കാണാനാകും. ഭീമനെ സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങളുള്ള കഥാപാത്രമാക്കി മാറ്റിയിരിക്കുന്ന ‘രണ്ടാമൂഴ’ത്തിൽ മഹാഭാരതത്തെ കുടുംബകഥയായി കാണുന്ന സമീപനമാണുള്ളത്. ഈ കാഴ്ചപ്പാടിൽ രൂപപ്പെടുത്തിയിട്ടുള്ള ഇതിവൃത്തത്തിന്റെ പ്രധാനപ്പെട്ട അന്തർധാര ഇരുപക്ഷത്തായി നിലകൊള്ളുന്ന സഹോദരരുടെ ശത്രുതയും സംഘർഷവുമാകുന്നു. വിശാലാർഥത്തിൽ സഹോദരരായ കൗരവപാണ്ഡവരുടെ സംഘർഷമാണത്. അതാണു മഹാഭാരതം എന്ന ഇതിഹാസത്തിലെ പ്രത്യക്ഷസംഘർഷം. എന്നാൽ തങ്ങൾ സഹോദരരാണ് എന്നറിയാതെയാണ് പാണ്ഡവന്മാരും കൗരവപക്ഷത്തു നിൽക്കുന്ന കർണനും ശത്രുതയിൽ കഴിയുന്നത്. അതുളവാക്കുന്ന സംഘർഷം കൂടുതൽ അഗാധവർത്തിയും വൈകാരിക പ്രാധാന്യമുള്ളതുമാണ്.
മഹാഭാരതകഥയുടെ അവസാനഭാഗത്തു വരുന്ന ഒരു പ്രധാന സംഭവമാണ് യാദവവംശത്തിന്റെ പതനവും ദ്വാരക കടലെടുക്കുന്നതും. ആ മുഹൂർത്തത്തിൽ നിന്നുകൊണ്ട് ഇനി ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തോടെ പാണ്ഡവന്മാരും ദ്രൗപദിയും മഹാപ്രസ്ഥാനത്തിനൊരുങ്ങുന്ന സന്ദർഭത്തിലാണ് ‘രണ്ടാമൂഴം’ ആരംഭിക്കുന്നത്. യുധിഷ്ഠിരൻ മുന്നിൽ നടന്നു. ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവരും ദ്രൗപദിയും അനുധാവനം ചെയ്തു. തങ്ങളുടെ കൂടെ നടന്നിരുന്ന ദ്രൗപദി പിന്നിൽ വീണപ്പോൾ അവൾക്ക് എന്തുപറ്റി എന്നു ശ്രദ്ധിക്കാതെ ഭീമനൊഴിച്ചുള്ളവർ മുന്നോട്ടു പോയി. വീണുകിടക്കുന്ന ദ്രൗപദിയുടെ അടുത്തു നിന്നുകൊണ്ട് ഭീമസേനൻ തന്റെ ജീവിതത്തിലൂടെ മനസ്സുകൊണ്ടു നടത്തുന്ന മടക്കയാത്രയുടെ രൂപഘടനയിലാണു ‘രണ്ടാമൂഴം’ എഴുതിയിട്ടുള്ളത്.
ഭീമന്റെ ബാല്യകാലം മുതൽ ജീവിതാന്ത്യം വരെയുള്ള സംഭവങ്ങൾ ‘രണ്ടാമൂഴ’ത്തിന്റെ ഇതിവൃത്തത്തിൽ കടന്നു വരുന്നുണ്ട്. മഹാഭാരതയുദ്ധമുൾപ്പെടെ പാണ്ഡവന്മാർ നേരിട്ട എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും വിജയശിൽപിയായി മാറുന്നതു ഭീമസേനനാണ്. എന്നിട്ടും വിജയമുഹൂർത്തത്തിൽ അയാൾ നിരാകൃതനാകുന്നു. അത്തരം സന്ദർഭങ്ങളിൽ ഭീമന് ഏറ്റവും അന്തഃക്ഷോഭമുണ്ടാക്കിയത് ദ്രൗപദിയുടെ പ്രതികരണങ്ങളാണ്.
ആധുനികകാലത്തിന്റെ സാഹിത്യരൂപമായ നോവലിന്റെ ഇതിവൃത്തത്തിനും ആഖ്യാനം ചെയ്യുന്ന സംഭവങ്ങൾക്കും യുക്തിപരമായ അടിസ്ഥാനം വേണം എന്നാണു കരുതിപ്പോരുന്നത്. പഴയ മട്ടിലുള്ള കെട്ടുകഥകൾ, ഇതിഹാസപുരാണകഥകൾ തുടങ്ങിയവയിൽനിന്നു നോവലിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം അതാണ്. ഇതിഹാസത്തിൽ നിന്നു കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും സ്വീകരിച്ചെഴുതിയ ‘രണ്ടാമൂഴ’ത്തിന്റെ അന്തർഘടനയിൽ വിശ്വസനീയമായ നിലയിലുള്ള യുക്തിശിൽപം രൂപപ്പെടുത്തിയിട്ടുണ്ട്. റിയലിസ്റ്റിക് നോവലിന്റെ ഇതിവൃത്തത്തിനു സംഭവ്യതാഗുണം ഉണ്ടാകണം. ആ ഘടകത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടാണ് എംടി ഇതിഹാസകഥ നോവൽശിൽപത്തിലേക്കു സന്നിവേശിപ്പിച്ചിട്ടുള്ളത്. അതിലെ കഥാപാത്രകൽപന മാനുഷികയാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നു. കുന്തീപുത്രന്മാരുടെ ഉൽപത്തികഥയുടെ ചിത്രീകരണം അതിന്റെ നല്ല ഉദാഹരണമാണ്.
Content Summary: Remembering the novel Randamoozham by M. T. Vasudevan Nair