ചവറ്റുകൂടയിൽ എബിയുടെ മൃതദേഹം, കാണാമറയത്ത് കൊലയാളി
Mail This Article
തൃപ്പൂണിത്തുറയിൽ ചവറ്റുകൂടയിൽ മൃതദേഹം .
നാൽപ്പതു വയസ്സോളം തോന്നിക്കുന്ന പുരുഷന്റെ നഗ്ന ശരീരത്തിൽ നിറയെ മുറിവുകളും ചതവുകളും-
അലെർട്ടുകൾ സ്റ്റേഷനുകളിലേയ്ക്ക് വയർലെസ്സ് വഴി സഞ്ചരിച്ചു.
വിശദ വിവരങ്ങളോടെയാണ് മഹേഷ് അനിൽ മാർക്കോസിനെ കാണാനെത്തിയത്.
‘‘ലാസർ സാറ് പറഞ്ഞ പോലെത്തന്നെ സംഭവിച്ചു സർ. എബി ഒളിച്ചോടിയതായിരുന്നില്ല, അയാളെ കൊലയാളി തട്ടിക്കൊണ്ടു പോയതാണ്’’
‘‘അത് എബിയുടെ തന്നെയെന്ന് തിരിച്ചറിഞ്ഞോ മഹേഷ്?’’
‘‘യെസ് സർ, അയാളുടെ ഭാര്യ തന്നെ ബോഡി തിരിച്ചറിഞ്ഞു. ഓട്ടോപ്സി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞാൽ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഡോക്ടർ മനോഹർ പറഞ്ഞിട്ടുണ്ട്.’’
‘‘എന്താണ് ബോഡി കണ്ടതിൽ മഹേഷിന്റെ അനുമാനം?’’
‘‘തെരുവ് നായ്ക്കൾ കടിച്ചെടുത്ത പോലെയായിരുന്നു സാർ. ശരീരത്തൊക്കെ ക്രൂരമായി ആക്രമിച്ച മുറിവുകൾ, നായ്ക്കളുപദ്രവിച്ചാൽ എങ്ങനെയാണോ അതുപോലെ’’
‘‘അയാൾ കിടന്നിടത്ത് നായ്ക്കളുള്ള സ്ഥലമാണോ?’’
‘‘അവിടെ അത്തരത്തിൽ തെരുവ് നായ്ക്കളെ കണ്ടിട്ടില്ല സർ. അടുത്തെങ്ങും തെരുവ് നായ്ക്കളെ അധികമായി കണ്ടിട്ടില്ല. വൈറ്റിലയിലാണ് പിന്നെയും കൂടുതലുള്ളത്’’
‘‘സൊ ആ വഴിയിലൊക്കെ ഒന്ന് അന്വേഷിക്കണം. പ്രത്യേകിച്ച് ഇപ്പോൾ മഹേഷ് പറഞ്ഞ ഏരിയയിൽ. നായ്ക്കൾ കൂടുതലുള്ള സ്ഥലത്ത്. സർജന്റെ റിസൾട്ട് വരട്ടെ. അത് നായ്ക്കളുടെ കടി തന്നെയാണോ എന്നുമറിയണം. ഞാനിത് പ്രതീക്ഷിച്ചിരുന്നു’’
‘‘സർ...’’
‘‘എമ്മയെ വാക്കുകൾകൊണ്ടുപദ്രവിച്ചവരെയൊക്കെ ആ കൊലപാതകി എങ്ങനെയാണ് ഡീൽ ചെയ്തതെന്ന് നമ്മൾ കണ്ടതല്ലേ മഹേഷ്. അങ്ങനെ വരുമ്പോൾ അവളെ കൊല്ലാൻ പോലും പ്ലാൻ ചെയ്ത എബിയോട് അയാളെങ്ങനെ പെരുമാറുമെന്നു നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ.’’
‘‘സാറിനു വിശാഖിനെ സംശയമുണ്ടോ?’’
‘‘വരട്ടെ പറയാം. അയാളെ ഫോളോ ചെയ്യുന്നില്ലേ? എപ്പോഴത്തേയ്ക്ക് എത്തും?’’
‘‘എത്താനുള്ള സമയം കഴിഞ്ഞു. ഞാൻ ഫോൺ ട്രെയിസ് ചെയ്യുന്നുണ്ട്. ഇവിടെ വൈറ്റില എവിടെയോ സ്റ്റക്കാണ് അയാൾ. ട്രാഫിക് ബ്ളോക് ഓർ സംതിങ്. അയാളെ ഞാൻ വിളിച്ചിരുന്നു. ഇവിടേയ്ക്ക് തന്നെ ആദ്യമെത്തും എന്നാണു പറഞ്ഞത്. എബിയുടെ മരണം അറിയാത്ത പോലെയാണ് അയാൾ സംസാരിച്ചത്. ’’
‘‘മഹേഷ് കാര്യങ്ങളെ ഒന്ന് ക്രോഡീകരിച്ച് ഓർത്തെടുക്ക്, താൻ എമ്മയുടെ അഭിനയം കണ്ടിട്ടുണ്ടോ?’’
:ഇല്ല സർ
‘‘ഞാനും കണ്ടിട്ടില്ല, പക്ഷേ അവളയച്ചു തന്ന ക്ലിപ്പിങ്‌സോക്കെ കണ്ടു, ടാലെന്റൊക്കെയുണ്ട്, പക്ഷേ പുതിയ പ്ളേയിൽ അവൾ തന്നെ മതിയെന്ന് വയ്ക്കുക, അവളല്ലാതെ മറ്റാരും പറ്റില്ലെന്ന് പറയുക, എബിയാണ് അങ്ങനെ പറഞ്ഞതെന്നാണ് അവൾ ആദ്യം പറഞ്ഞിരുന്നത്. പിന്നെയാണ് അതിൽ വൈശാഖിന്റെ പങ്കു തെളിഞ്ഞത്. അവളെ ആ ഡ്രാമയിലേയ്ക്ക് സജസ്റ്റ് ചെയ്തത് വിശാഖ് ആണെന്നല്ലേ ആര്യൻ പറഞ്ഞത്.’’
‘‘അതെ സർ’’
അകത്തേയ്ക്ക് അനുവാദം ചോദിച്ചു കൊണ്ട് ഒരു കോൺസ്റ്റബിൾ കയറി വന്നു സല്യൂട്ട് ചെയ്തു.
‘‘സർ ഒരു വിശാഖ് എന്നൊരാൾ വന്നിട്ടുണ്ട്.’’
‘‘കയറി വരാൻ പറയൂ’’
അനിൽ മാർക്കോസ് ഒന്ന് ജാഗരൂകനായി. വിശാഖിനോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം. അയാളുടെ വാചകങ്ങൾ കരുതൽ കൊടുത്ത് കേൾക്കണം.
വിശാഖ് അകത്തേയ്ക്ക് കയറി വന്നു ചിരിച്ചു. അനിൽ മുന്നിലത്തെ സീറ്റിലേക്ക് കൈചൂണ്ടി. വിശാഖ് കസേരയിലേയ്ക്കിരുന്നു.
‘‘കോട്ടയത്താണല്ലേ വിശാഖിന്റെ വീട്?’’
‘‘അതെ സർ.’’
‘‘എമ്മയുടെ വീടിന്റെ?’’
‘‘ഞാൻ പള്ളത്താണ്. അവൾ നാട്ടകം. അടുത്ത സ്ഥലങ്ങളാണ്’’
‘‘അപ്പോൾ നിങ്ങൾ തമ്മിൽ അറിയുമായിരുന്നോ?’’
‘‘ഫെയ്‌സ്ബുക്കിൽ സുഹൃത്തുക്കളായിരുന്നു. ഞാൻ ഡ്രാമ ലാബിന്റെ പുതിയ കോഴ്സ് തുടങ്ങിയ പരസ്യം ഇട്ടത് കണ്ടിട്ടാണ് എമ്മ അപേക്ഷിച്ചത്.’’
‘‘എമ്മയുടെ അഭിനയത്തെക്കുറിച്ച് വിശാഖിന്റെ അഭിപ്രായമെന്താണ്?’’
‘‘അവൾ മിടുക്കിയാണ് സർ. എക്സ്ട്രാ കാലിബർ ഉള്ള പെൺകുട്ടി. സിനിമയിലൊക്കെ അഭിനയിച്ചിരുന്നെങ്കിൽ സ്റ്റാർ ആവേണ്ടവളാണ്’’
‘‘മണികർണിക, അങ്ങനെയല്ലേ അവളുടെ നാടകത്തിന്റെ പേര്... അതിലെ മുഖ്യ വേഷം എമ്മയോടു ദേഷ്യമുണ്ടായിട്ടും അവൾക്ക് തന്നെ നല്കാൻ എബി തീരുമാനിക്കാൻ കാരണമെന്താണ്?’’
‘‘അത് സർ...’’
വിശാഖിനു ഇതുവരെയില്ലാത്ത പരുങ്ങൽ പ്രകടമായി. എന്താണ് മറുപടി പറയേണ്ടതെന്ന് ഒരു അജ്ഞത അയാളെ പിടികൂടിയെന്നു അനിൽ മാർക്കോസിന് തോന്നി.
‘‘പറയൂ വിശാഖ്.’’
‘‘അത് അയാളല്ല, ഞാനാണ്’’
‘‘നിങ്ങളാണോ എമ്മയെ തന്നെ ആ വേഷത്തിലേക്ക് മതിയെന്ന് അഭിപ്രായപ്പെട്ടത്?’’
‘‘അതെ സർ’’
അത് പറയാൻ വിശാഖ് ബുദ്ധിമുട്ടനുഭവിച്ചതായി അനിൽ മാർക്കോസിന് തോന്നി. എന്തിനാണ് അത് പറയാൻ ഇയാൾ മടിക്കുന്നത്?
‘‘എബി ജോസ് കൊല്ലപ്പെട്ടത് വിശാഖ് അറിഞ്ഞോ?’’
അയാളിൽ പ്രത്യേകിച്ച് ഒരു വികാരവും അനിൽ കണ്ടില്ല, നിസംഗമായിരുന്നു വിശാഖിന്റെ മറുവടി.
‘‘അറിഞ്ഞു സർ. ഞാനിവിടെ എത്തിയപ്പോഴാണ് ലാബിൽ നിന്നും അരുൺ വിളിച്ചു. അയാൾക്ക് അർഹിച്ചത് കിട്ടി എന്ന് ഞാൻ വിചാരിക്കുന്നു.’’
‘‘അപ്പോൾ അയാൾ അത് അർഹിച്ചിരുന്നു, അത് ആര് കൊടുത്തു?’’
‘‘ആര് കൊടുത്തു എന്നെനിക്കറിയില്ല സർ. എമ്മയോടു അയാൾ ചെയ്ത ചതിക്ക് അയാൾക്കത് കിട്ടണമായിരുന്നു.’’
‘‘നിങ്ങൾക്ക് എമ്മയോടു പ്രേമമുണ്ടോ?’’
വിശാഖിന്റെ ഉടലാകെ ഒന്ന് പ്രകമ്പനം കൊണ്ട പോലെ തോന്നി.
‘‘അത് സർ... ഇല്ല... അവളെന്റെ നല്ല സൃഹുത്താണ്. അത് മാത്രം’’
അത്രയും പറയാൻ അയാൾ മിനിറ്റുകളെടുത്തു. വാക്കുകളിൽ പതർച്ച അനിൽ മാർക്കോസ് അറിഞ്ഞു.
‘‘അപ്പോൾ ഇന്നലെ രാത്രി വിശാഖ് എപ്പോഴാണ് എബിയെ കണ്ടത്?’’
‘‘ഞാൻ കണ്ടില്ല സർ’’
ആ ചോദ്യം അനിലിന്റെ ഒരു തന്ത്രമായിരുന്നു. മറ്റു പലതും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആവശ്യമുള്ളത് ചോദിച്ചാൽ പലപ്പോഴും സത്യം വെളിച്ചത്തു വരും. അറിയാതെ പറഞ്ഞു പോകുന്നവരാണ് കൂടുതലും, എന്നാൽ വിശാഖിന്റെ മറുപടി വിശ്വാസത്തിലെടുക്കാൻ അനിലിനായില്ല. തല്ക്കാലം തെളിവുകൾ ലഭ്യമല്ലാത്തതിനാൽ വിശാഖിനെ വെറുതെ വിടാനായിരുന്നു അനിലിന്റെ തീരുമാനം.
വിശാഖ് മുറി വിട്ടിറങ്ങിപ്പോകുമ്പോൾ അനിൽ മഹേഷിനെ നോക്കി. കാര്യങ്ങൾ മനസ്സിലായതു പോലെ മഹേഷ് ഒന്നു ചിരിച്ചു. പിന്നെ മുറി വിട്ടിറങ്ങിപ്പോയി.
കമ്മീഷണർ അശോക് മാത്യുവിന്റെ മുറി.
കാര്യങ്ങളൊക്കെ വിശദീകരിക്കുകയായിരുന്നു അനിൽ മാർക്കോസ്.
എബി ജോസ് പുള്ളാടന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ച് അശോക് മാത്യുവിന് അറപ്പു തോന്നി.
‘‘എത്ര ക്രൂരമായിട്ടാടോ അയാളെ കൊലപ്പെടുത്തിയത്. താനിത് വായിച്ചോ?’’
‘‘യെസ് സർ. ശരീരത്തുണ്ടായ മുറിവുകളിൽ നിന്ന് രക്തം വാർന്നാണ് അയാൾ മരണപ്പെട്ടത്. ശരീരത്തിലുണ്ടായിരുന്ന മൃഗത്തിന്റെ നഖത്തിൽ നിന്നേറ്റ പാടുകൾ സർ കണ്ടില്ലേ?‘‘
‘‘അതെ, നായ്ക്കളാണ് എന്നുറപ്പാണോ?’’
‘‘അതെ സർ. കൊല നടന്നിരിക്കുന്നത് വൈറ്റില ഭാഗത്ത് വച്ചാണ്. ഹൈവേയിൽ അല്ല, ഇടവഴിയിൽ ഒന്നിൽ. അയാളെ തുണിയുരിച്ച് നായ്ക്കൾക്ക് ഇട്ടു കൊടുത്ത പോലെയാണ് തോന്നുന്നത്’’
‘‘how cruel !’’
‘‘സർ, കൊലപാതകിയുടെ ലിസ്റ്റിലെ ഏറ്റവും ക്രൂരനായ മനുഷ്യനായിരുന്നു ഇയാൾ. എമ്മയെ കൊല്ലാൻ ശ്രമിച്ചവൻ, അപ്പോൾ അതുപോലെയൊരു ശിക്ഷ തന്നെ അയാൾ അർഹിക്കുന്നുവെന്നു അയാൾ കരുതിയിട്ടുണ്ടാവണം’’
‘‘വിശാഖിനെ സംശയിക്കാൻ കാരണങ്ങൾ?’’
‘‘ഉണ്ട് സർ, പക്ഷേ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. അയാളുടെ വീട് സെർച്ച് ചെയ്യാനുള്ള ഓർഡർ സർ തന്നല്ലോ. ഉടനെ അറസ്റ്റ് ഉണ്ടാവും സർ, അത് അയാളല്ല ആരാണെങ്കിലും’’
‘‘എത്രയും പെട്ടെന്നായാൽ അത്രയും നല്ലത്. മീഡിയ ഭ്രാന്ത് പിടിച്ച പോലെ നടക്കുന്നു. എമ്മയുടെ അവസ്ഥയെന്താണ്?’’
അനിൽ മാർക്കോസ് മറുപടി പറയും മുൻപ് അയാളുടെ ഫോൺ ബെല്ലടിച്ചു.
-എമ്മ കാളിംഗ്-
അനിൽ ഫോണെടുത്തു.
‘‘സർ, ഒന്ന് വേഗം വിശാഖ് മാഷിന്റെ വീട്ടിലേയ്ക്ക് വരൂ പ്ലീസ്’’
‘‘എന്താ എമ്മാ... എന്താ?’’
‘‘സർ വരൂ. വേഗം വരൂ, ഞാൻ അങ്ങോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്‘‘
അനിൽ മാർക്കോസിന് പെട്ടെന്ന് ഹൃദയത്തിൽ ഒരു പിടച്ചിലുണ്ടായി. വിശാഖ് എന്താണ് ചെയ്തത്? അയാൾ എമ്മയോട് എല്ലാം തുറന്നു സമ്മതിച്ചുവോ? എന്താണ് സംഭവിച്ചത്.?
അയാൾക്കൊന്നും മനസ്സിലായില്ല.
English Summary: ‘Njan Emma John’ e-novel written by Sreeparvathy, Chapter- 24