ADVERTISEMENT

‘‘ബ്ലഡ് സാമ്പിൾ എബിയുടേതുമായി മാച്ച് ചെയ്യുന്നുണ്ട് സർ’’

 

മഹേഷ് വിശാഖിന്റെ വീട്ടിൽ നിന്നു കിട്ടിയ സന്ദേശത്തിലെ രക്തത്തിന്റെ ഉത്തരവുമായി എത്തിയിരിക്കുന്നു. അനിൽ മാർക്കോസ് പക്ഷേ അപ്പോൾ ആലോചിച്ചത് ആദ്യം വിശാഖിന്റെ വീട്ടിൽ ചെന്നപ്പോൾ അയാളുടെ സ്വീകരണ മുറിയിൽ തൂങ്ങിക്കിടന്ന മാസ്കിനെക്കുറിച്ചായിരുന്നു. 

അമ്മയ്ക്ക് വന്ന സമ്മാനം എന്തെന്ന് കാണാൻ വേണ്ടിയാണ് മഹേഷിനോപ്പം വിശാഖിന്റെ വീട്ടിലേയ്ക്ക് പോയത്. അയാളുടെ വീടിനുള്ളിലേക്ക് കയറിയപ്പോൾ ആദ്യം കണ്ട കാഴ്ച അക്ഷരാർഥത്തിൽ ഞെട്ടിച്ച് കളഞ്ഞു. 

 

അയാളുടെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന വസ്തുക്കൾ... അത് താനുദ്ദേശിച്ചതു തന്നെയാണോ എന്നറിയാൻ അനിലിന് വീണ്ടും നോക്കേണ്ടി വന്നു. നിലവിളിയും അട്ടഹാസവും തൂങ്ങിക്കിടക്കുന്ന ചുമരുകൾ. അയാളുടെ നാടകങ്ങളിൽ ഉപയോഗിച്ചിരുന്ന മാസ്കുകൾ ആണോ അതോ അമ്മയുടെ അജ്ഞാതന്റെ മുഖത്ത് രണ്ടു തവണയും സിസി ടിവി കാണിച്ചു തന്ന മാസ്‌കുകളാണോ അതെന്നു അനിൽ ആശ്ചര്യപ്പെട്ടു. കോഴിക്കോട് എമ്മ മണികർണികയായി അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ വെളിച്ചത്തിലേക്ക് പുറം തിരിഞ്ഞു കയറി വന്ന അജ്ഞാതന്റെ അവ്യക്തമായ മുഖത്തുണ്ടായിരുന്നു അതെ മാസ്ക്... തടി കൊണ്ടുണ്ടാക്കിയത്.

 

ഋഷിയുടെ കൊലപാതക ശേഷം ഇറങ്ങിപ്പോയപ്പോൾ അയാളുടെ മുഖത്തുണ്ടായിരുന്നതും അതെ പോലെ ഒരെണ്ണമായിരുന്നു. ആദ്യമായി അത് കണ്ടപോലെ അയാളപ്പോൾ അത് തൊട്ടു നോക്കി, തിരിഞ്ഞപ്പോൾ പരുങ്ങിയ മുഖവുമായി വിശാഖ് പിന്നിലുണ്ടായിരുന്നു. 

 

‘‘സർ എന്താ?’’

‘‘ഇതെവിടുന്ന് വാങ്ങിയതാണ് വിശാഖ്?’’

‘‘ഇത് ഗ്രീക്ക് ആണ് സർ. ഇവിടെയും വാങ്ങാൻ കിട്ടും, പക്ഷെ എന്റെയൊരു സുഹൃത്ത് ഗ്രീസിൽ നിന്ന് വന്നപ്പോൾ കൊണ്ട് തന്നതാണ്. ഞങ്ങൾ നാടകങ്ങളിൽ ഇത് പലവട്ടം ഉപയോഗിച്ചിട്ടുമുണ്ട്. ഒറിജിനൽ ഉപയോഗിക്കുന്നതിന്റെയൊരു സുഖമുണ്ടല്ലോ, അത് മറ്റൊന്നും തരില്ല’’

 

‘‘ശരിയാണ്’’

 

ആദ്യത്തെ പരുങ്ങൽ അപ്പോൾ അയാളുടെ മുഖത്തുണ്ടായിരുന്നില്ല എന്ന് അനിലിന് തോന്നി. അതിസമർഥമായി അയാൾ മാസ്കില്ലാതെ മുഖമൊളിപ്പിക്കുന്നുണ്ട്. 

 

ആ സമ്മാനം അയാളുടെ വീട്ടിൽ തന്നെ വയ്ക്കാൻ തോന്നിയതു കൊണ്ട് അനൗദ്യോഗികമായി വിശാഖിന്റെ വീട് സെർച്ച് ചെയ്യാൻ അവസരം കിട്ടിയ സന്തോഷം അനിൽ മാർക്കോസിന് തോന്നി. 

ആ മാസ്കുകൾ മാത്രം മതി വിശാഖിനെ സംശയിക്കാൻ. പക്ഷേ എന്തിന്?

എമ്മയെ പോലെ ഒരാൾക്ക് വേണ്ടി അയാളെന്തിനാണ് ഇത്ര ഭ്രാന്തെടുക്കുന്നത്? അതായിരുന്നു അയാൾക്ക് മനസിലാകാത്തത്.

 

‘‘സർ എന്താ ആലോചിക്കുന്നേ?’’

 

‘‘മഹേഷ് നമുക്ക് കോട്ടയത്തിനൊന്ന് പോണം. വിശാഖിന്റെ വീട്ടിൽ. കഴിഞ്ഞ ദിവസം അയാൾ പോയെന്നല്ലേ പറഞ്ഞത്. അയാൾക്ക് പിന്നിൽ ഒന്ന് നടന്നാൽ പലതിന്റെയും ഉത്തരം കിട്ടുമെന്നാണ് എനിക്ക് തോന്നുന്നത്’’

 

‘‘sure sir. നമുക്ക് പോകാം.’’

 

ഇനിയും ഒരുപാട് കാത്തിരിക്കാൻ വയ്യ. കുറച്ചു നാളായി അയാൾ, ആ അജ്ഞാതൻ കളി തുടങ്ങിയിട്ട്, ഇനിയും അയാളെ വെറുതെ വിടാൻ വയ്യ. സഞ്ചരിച്ച് ഒടുവിൽ വിശാഖിന്റെ വീട്ടിലെ ചുവരുകളിൽ എത്തി നിൽക്കുകയാണ്. അവിടെ ആ മാസ്കിനുള്ളിൽ എന്തൊക്കെയോ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. അയാളോട് അതേക്കുറിച്ച് സംസാരിക്കും മുപ് തെളിവുകളാണ് കണ്ടെത്തേണ്ടത്. അതിന് അയാൾ സഞ്ചരിച്ച വഴിയിലൂടെ നടക്കുക തന്നെ വേണം. ഡ്രൈവർ ഇസഹാക്കും അനിൽ മാർക്കോസും മഹേഷും ലാസറും കൂടിയാണ് കോട്ടയം പോയത്..

വിശാഖ് പോയ വഴിയിലൂടെ അവർ സഞ്ചരിച്ചു. ആ വഴി തന്നെയാണോ കൊലപാതകിയുടേതും?

 

വിശാഖിന്റെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. മഹേഷ് കതകിൽ മുട്ടി. പ്രായമായ ഒരു സ്ത്രീയാണ് കതക് തുറന്നത്.

 

‘‘വിശാഖിന്റെ വീടല്ലേ?’’

 

‘‘അതെ, നിങ്ങൾ?’’

 

ചോദിച്ചു കഴിഞ്ഞാണ് പൊലീസിന്റെ വണ്ടി അവർ പുറത്ത് കണ്ടത്. സിവിൽ വസ്ത്രങ്ങളിൽ അല്ലാതിരുന്നത് കൊണ്ട് ഒറ്റ നോട്ടത്തിൽ അവർ പോലീസുകാരാണെന്ന് ആരും പറയില്ലായിരുന്നു. 

 

‘‘പോലീസ്...?’’

 

‘‘അതെ, എറണാകുളത്ത് നിന്നാണ്. നിങ്ങളാരാണ്?’’

 

‘‘എന്റെ മകനാണ് അവൻ. അകത്തേയ്ക്ക് വരൂ സർ’’

 

അറുപത് വയസ്സിന്റെ നര തലയിലെങ്ങും കാണാത്ത പ്രൗഢയായ ഒരു സ്ത്രീ. മാന്യമായ പെരുമാറ്റം ആയിരുന്നെങ്കിലും പോലീസിനെ കണ്ടപ്പോൾ അവർ ഭയന്നത് പോലെ തോന്നി. കണ്ണടയ്ക്കുള്ളിലെ അവരുടെ കണ്ണുകൾ വിറച്ചു കൊണ്ടിരുന്നു. 

 

‘‘വീട്ടിൽ മറ്റാരുമില്ലേ?’’

‘‘ഇല്ല, ഞാനും വിശാഖും മാത്രമേയുള്ളൂ, വൈകുന്നേരമാവുമ്പോ ഇവിടെ അടുത്ത് ചിറ്റ താമസമുണ്ട്, അവർ വരും. ഇടയ്ക്ക് അവൻ വരും.’’

 

‘‘ഇന്നലെ വിശാഖ് ഇവിടെയുണ്ടായിരുന്നോ?’’

 

‘‘ഉണ്ടായിരുന്നു സാറേ. ഇന്നലെ രാവിലെ ഇവിടെ നിന്നിറങ്ങി. അങ്ങെത്തിയില്ലേ?’’

മകനെക്കുറിച്ചുള്ള ഉത്കണ്ഠയിൽ ഇത്തവണ അവർ അസ്വസ്ഥപ്പെട്ടു.

 

‘‘വിശാഖ് അങ്ങെത്തി. എന്നാണ് അയാൾ വന്നത്?’’

 

‘‘അതിന്റെ തലേ ദിവസം’’

 

‘‘എത്ര മണിക്ക്?’’

 

‘‘രാത്രിയായി, ഒരു പന്ത്രണ്ടൊക്കെ ആയിക്കാണും’’

 

‘‘എറണാകുളത്തു നിന്നു കോട്ടയത്തേയ്ക്ക് എഴുപത് കിലോമീറ്ററുകളോളമുണ്ട്, രാത്രിയിൽ സ്‌പീഡിൽ പോയാൽ ഒന്നര മണിക്കൂർ കഷ്ടി മതിയാവും. തൃപ്പൂണിത്തുറയിൽ നിർത്തി ഉദ്ദേശിച്ച പോലെ സമയം ചിലവഴിച്ച് വീട്ടിലെത്താനുള്ള സമയം കൃത്യമാണ്. ഉച്ച കഴിഞ്ഞു എറണാകുളത്ത് നിന്നും ഇറങ്ങിയ വിശാഖ് രാത്രി പന്ത്രണ്ടു മണി വരെ എവിടെയായിരുന്നു? എബിയുടെ മരണം ഫോറൻസിക് റിപോർട്ട് പ്രകാരം കൃത്യമായി വിശാഖ് പുറത്തുണ്ടായിരുന്ന സമയത്ത് തന്നെയാണ്.. ആളൊഴിഞ്ഞ ഇടം... കടിപിടി കൂടുന്ന തെരുവ് നായ്ക്കൾ... അതിനു ശേഷം അയാളുടെ ജീവന് വേണ്ടി കേഴുന്ന ശരീരമെടുത്ത് ചവറ്റുകുട്ടയിൽ കൊണ്ടിടുക... 

 

കാര്യങ്ങൾ ശരിയായി വരുന്നുണ്ട്.

 

‘‘വിശാഖ് എന്തെങ്കിലും മരുന്ന് കഴിച്ചിരുന്നോ?’’

 

‘‘ഇല്ല സാറേ, അവൻ മരുന്നൊന്നും കഴിച്ച് ഞാൻ കണ്ടിട്ടില്ല.’’

 

അനിൽ മാർക്കോസിന്റെ നോട്ടത്തിൽ തലയാട്ടി മഹേഷ് അകത്തേയ്ക്ക് കയറി. 

‘‘അമ്മെ പേടിക്കണ്ട, ഒരു അന്വേഷണവുമായി ബന്ധപ്പെട്ടു വന്നുവെന്നെ ഉള്ളൂ. ബുദ്ധിമുട്ടിക്കില്ല. വിശാഖിന്റെ മുറിയെവിടെയാ?’’

 

അവർ കൈ ചൂടിയ മുറിയിലേയ്ക്ക് മഹേഷ് നടന്നു.

അവിടെ മുഴുവൻ അരിച്ചു പെറുക്കിയിട്ടും പ്രത്യേകിച്ചൊന്നും മഹേഷിനു കിട്ടിയില്ല. എന്നാൽ ഇറങ്ങിപ്പോരും മുൻപ് വിശാഖിന്റെ മുറിയിലെ ഒരു ചിത്രത്തിലെ മഹേഷിന്റെ ദൃഷ്ടി പെട്ടു.

ഇത്... അയാൾ അമ്പരന്നു.

 

ആ ചിത്രം മഹേഷ് ഇളക്കിയെടുത്ത് അനിൽ മാർക്കോസിന്റെ കയ്യിൽ കൊടുത്തു. ഒന്നേ നോക്കിയുള്ളൂ. ഇനിയൊന്നും ചോദിക്കാനും പറയാനുമില്ലാത്ത പോലെ അനിൽ ശരത്തിന്റെ വേഗതയിൽ പുറത്തേക്കിറങ്ങിപ്പോയി. വിശാഖിന്റെ അമ്മ എന്താണ് സംഭവിച്ചതെന്നറിയാതെ അവരുടെ വരവോർത്ത് അദ്‌ഭുതപ്പെട്ടു. 

 

‘‘മഹേഷ് നമ്മളെത്തിയ ഉടനെ, എനിക്കവനെ വേണം. പെട്ടെന്ന്... പെട്ടെന്ന് ക്വിക്ക്...’’

ഏതോ ഭൂതം ആവേശിച്ചത് പോലെ അയാളിൽ ജ്വരം കണ്ടു. അനിലിന് ശരീരം മുഴുവൻ വിറക്കുന്നുണ്ടായിരുന്നു. 

 

മഹേഷ് സ്റ്റേഷനിൽ വിളിച്ചു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് അലേർട്ട് നൽകി.

സ്റ്റേഷന്റെ മുറ്റത്തേയ്ക്ക് ജീപ്പ് സഡൻ ബ്രെക്കിട്ടു നിന്നതും അനിൽ മാർക്കോസ് വണ്ടിയിൽ നിന്നു ചാടിയിറങ്ങി. കാര്യമെന്താന്നെനു മനസ്സിലാകാതെ വിശാഖ് സ്റ്റേഷനിലെ മൂലയിൽ കസേരയിൽ മൊബൈൽ നോക്കിയിരിക്കുന്നുണ്ടായിരുന്നു. അനിലിന്റെ നിർദ്ദേശപ്രകാരം വിശാഖിനെ പൊലീസുകാർ തന്നെയാണ് അയാളുടെ വീട്ടിൽ പോയി കൊണ്ട് വന്നത്. ഒറ്റ ദിവസം കൊണ്ട് തനിക്കെതിരെ എന്ത് ഭൂകമ്പമാണ് ഉണ്ടായതെന്നു മനസ്സിലാകാത്തതു പോലെ അയാളിരുന്നു. പാഞ്ഞു വരുന്ന അനിൽ മാർക്കോസിനെ കണ്ട് അയാൾ ചാടിയെഴുന്നേറ്റു. അനിലിന്റെ മുഖത്തെ അഗ്നി കൊണ്ട് താൻ ഭസ്മമായിപ്പോകുമെന്നു വിശാഖിനു തോന്നി. ആദ്യം തന്നെ കവിളടച്ച്‌ ഒരടിയായിരുന്നു. വിശാഖ് അടി പതറി താഴേയ്ക്ക് വീണു പോയി. നാളുകളേറെയായി മനസ്സിൽ സൂക്ഷിച്ചിരുന്ന ശക്തിയെല്ലാം അപ്പാടെ എടുത്താണ് അനിൽ ആ സമയത്ത് വിശാഖിനെ അടിച്ചത്. 

 

‘‘സർ...’’ വിശാഖിന്റെ വായിൽ നിന്നു ചോര പൊടിഞ്ഞു. 

 

‘‘ഇനി നീ പറയെടാ. നിനക്ക് മാനസിക രോഗമായിരുന്നോ അതോ അവളോട് പ്രേമം മൂത്ത് ഭ്രാന്തായതാണോ?’’

 

‘‘ആരോട് .. സർ.. എന്തായീ...’’

 

ഒരടി കൂടി വിശാഖിന്റെ കവിളിൽ പതിഞ്ഞു. 

‘‘ആരോടാണെന്നു നിനക്കറിയില്ല അല്ലെ. എത്ര നാളായി ഞാൻ നിന്നെ തേടി നടക്കുന്നു. നീയെന്റെ മൂക്കിന്റെ കീഴിൽ കാണുമെന്നു എനിക്കറിയാരുന്നു, പക്ഷെ ഇരയിടാൻ കുറച്ചു വൈകിപ്പോയി.’’

 

‘‘സാറേ... ഞാൻ...’’

 

‘‘മഹേഷേ ഇവനെ ആ സെല്ലിലോട്ട് കേറ്റിയേരെ, എന്ത് കാണിക്കുന്നു എന്നൊന്നും എനിക്കറിയണ്ട. വിവരങ്ങളെനിക്ക് കിട്ടണം’’

സാധാരണ അനിൽ മാർക്കോസ് സർ അങ്ങനെ പറയാറില്ല. പരമാവധി കുറ്റവാളികളെപ്പോലും മർദ്ദിക്കാതെ ജനകീയ പോലീസ് സ്റ്റേഷൻ എങ്ങനെ കൊണ്ട് പോകാമെന്നു ഉപദേശിക്കുന്ന ആളാണ്. എന്നാൽ ദേഷ്യം വന്നാൽ കിട്ടുന്ന മർദ്ദനം ഒട്ടും കുറവായിരിക്കില്ല താനും. 

 

‘‘സാറേ ഞാനെന്തു ചെയ്തിട്ടാണ്?’’

 

അനിലിന് ദേഷ്യം വന്നു വിറച്ചു. അയാൾ മേശപ്പുറത്തിരുന്ന ചിത്രമെടുത്ത് വിശാഖിന്റെ നേരെ വലിച്ചെറിഞ്ഞു.

 

‘‘ഇനി പറയെടാ... നീയും ഇവരും തമ്മിലെന്താ? എന്തായിരുന്നു നിന്റെ ലക്‌ഷ്യം? എമ്മയോടു നിനക്കെന്താ?’’

 

നിലത്ത് തനിക്കഭിമുഖമായിക്കിടക്കുന്ന ചിത്രം കണ്ടു വിശാഖിന്റെ കാലുകളുടെ ബലം നഷ്ട്ടപ്പെട്ടു. ഒടുവിൽ ഇതാ....

എല്ലാം നിലത്ത് ചിതറിക്കിടക്കുന്നു. 

ആർക്ക് വേണ്ടിയാണ് എല്ലാം രഹസ്യമായി സൂക്ഷിച്ചത്?

എന്തിനു വേണ്ടിയാണ്?

എല്ലാം ഇവിടെ അവസാനിക്കുകയാണ്...

ഈ കളി ഇവിടെ ഒടുങ്ങുകയാണ്...

 

വിശാഖ് തലയിൽ കൈ ചുറ്റി നിലത്തേക്ക് കുനിഞ്ഞിരുന്നു.

 

English Summary: ‘Njan Emma John’ e-novel written by Sreeparvathy, Chapter 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com