ADVERTISEMENT

-നീയിത്ര പൈങ്കിളിയാവല്ലേ എമ്മാ -

ഋഷിയുടെ വാക്കുകൾ തലച്ചോറിലേക്ക് കുത്തിയിറങ്ങുന്നു. അതെ, ഞാനെന്നും പൈങ്കിളിയായിരുന്നു. അവനും ആദ്യം അങ്ങനെ തന്നെയായിരുന്നു. പ്രണയത്തിൽ പുരുഷൻ എന്നും ആദ്യം പൈങ്കിളിയാണ്. പെണ്ണ് അപ്പോൾ ഗൗരവത്തിൽ അവനിൽ പ്രണയമുണ്ടോ എന്ന് തിരയുകയാവും. എന്നാൽ അവളിലേക്ക് ആ പൈങ്കിളിയുടെ രസങ്ങൾ പൊഴിഞ്ഞു വീഴുമ്പോൾ അവൾ പ്രണയത്തിൽ അലിഞ്ഞു തുടങ്ങും. അപ്പോഴേക്കും പുരുഷൻ അവന്റെ പൈങ്കിളിയിൽ നിന്നടർന്ന് ജീവിതത്തിന്റെ പരുക്കൻ തറയിലൂടെ നടന്നു തുടങ്ങിയിരിക്കും. അവനു പിന്നെ സമയമേയുണ്ടാകില്ല. 

ഋഷിയെക്കുറിച്ച് ആലോചിച്ചപ്പോൾ കണ്ണുനീർ ധാരയായി പെയ്തു. 

 

എബിയുടെ മരണത്തിനു ശേഷം ഫോണിന് വിശ്രമം ഉണ്ടായിട്ടില്ല. മീഡിയയും വീട്ടിൽ നിന്നുമൊക്കെ വിളികൾ. ബഹളങ്ങൾ... വയ്യ ആകെ മടുപ്പാണ്. എങ്ങോട്ടെങ്കിലും ഒളിച്ചോടണം. പക്ഷെ അപ്പോഴും അയാളെന്റെ പിന്നാലെയുണ്ടാവും.

 

‘‘അഭി നാ ജാവോ...’’ ഫോൺ ബെല്ലടി കേട്ട് നോക്കിയപ്പോൾ 

പ്രൈവറ്റ് നമ്പർ കാളിങ്-

വീണ്ടും അയാൾ...

അയാളാണ്... വീണ്ടും എന്നെ വിളിക്കുന്നു... ഇത്തവണ എന്തിനാവും...

എടുക്കണോ അതോ...?

ബെൽ അടിച്ചു തീരുന്നതിനു മുൻപ് ഞാൻ എടുത്തു.

 

എമ്മാ....-

അയാളുടെ വിളി ആത്മാവിൽ നിന്നു വരുന്നതെന്ന് തോന്നുമായിരുന്നു.

എനിക്കൊന്നും മിണ്ടാൻ പോലുമാകുമായിരുന്നില്ല.

 

‘‘നീയവിടെ ഇല്ലേ എമ്മാ? എനിക്ക് നിന്നെ കാണണം. ഈ ഫൗൾ പ്ളേ നമുക്ക് അവസാനിപ്പിക്കാം’’

 

അയാളെന്താണ് പറഞ്ഞത്... കാണാമെന്നോ? അതെ, കാണണം. എന്തിനാണ് എന്നെ ഇത്തരത്തിൽ ദ്രോഹിച്ചതെന്നറിയണം. 

 

‘‘കാണണ്ടേ എമ്മാ?’’ അയാൾ വീണ്ടും ചോദിക്കുന്നു.

 

‘‘കാണണം’’

എന്റെ ആത്മാവിൽ നിന്നാണ് ആ ശബ്ദം പുറപ്പെട്ടത്, ഒരുപക്ഷേ ഞാൻ പോലുമറിയാതെ.

 

അയാളപ്പോൾ ഉറക്കെ ചിരിച്ചു. ആ ചിരി നിലക്കുന്നതേയില്ലെന്നു തോന്നി. 

 

‘‘ശരി കാണാം.’’

 

‘‘എവിടെ?’’

 

‘‘ഋഷിയുടെ ഫ്‌ളാറ്റിൽ’’

 

‘‘ഋഷിയുടെ.... അവിടെ ചാവി...’’

 

‘‘നീ ഇപ്പോൾ തന്നെ വരൂ. ചാവി ഡോറിന്റെ താഴെയുള്ള ചവിട്ടിയ്ക്കടിയിലുണ്ടാവും. നീ ഒറ്റയ്ക്കാണെങ്കിൽ ഞാൻ വന്നാ മതിയല്ലോ’’

 

‘‘ഞാൻ ഒറ്റയ്ക്കാണ്... ഒറ്റയ്‌ക്കെ വരൂ.. I want to see you ’’

 

‘‘എന്നാൽ ഞാൻ കാത്തിരിക്കുന്നു.’’

ഫോണിൽ നിന്നു ബീപ്പ് ശബ്ദം. അയാൾ ഫോൺ കട്ട് ചെയ്തിരിക്കുന്നു. അനിൽ സാറിനെ അറിയിക്കണോ? മീരയെ ഒപ്പം കൊണ്ട് പോണോ? പക്ഷേ അയാൾ വരില്ല... ഞാൻ ഒറ്റയ്ക്ക് ചെന്നാലേ അയാൾ വരൂ. എല്ലാം അയാൾ കാണുന്നുണ്ട്, അറിയുന്നുണ്ട്, ഞാൻ ഒറ്റയ്ക്ക് തന്നെ പോണം.

 

വീട്ടിൽ എന്ത് പറയുമെന്നൊന്നും എന്നെ അലട്ടിയില്ല. എന്റെ ഏറ്റവും വലിയ ആഗ്രഹം അജ്ഞാതനെ കാണുക എന്നത് മാത്രമായിരുന്നു. മീരയോടും നടാഷയോടും എന്തോ ഒരു നുണ പറഞ്ഞു. അതെന്താണെന്നു ഒരിക്കൽ കൂടി ചോദിച്ചാൽ ഞാൻ ഓർത്തു എന്ന് വരില്ല. അവർക്കങ്ങനെ സംശയം തോന്നിക്കാണുമോ? എനിക്കറിയില്ല. അതൊന്നും എനിക്ക് പ്രശ്നമല്ല. ഋഷിയുടെ ഫ്ലാറ്റ് മാത്രമാണ് എന്റെ ലക്‌ഷ്യം.

 

ഓട്ടോയെടുത്ത് ഋഷിയുടെ ഫ്‌ളാറ്റിലെത്തി ചവിട്ടിക്കടിയിൽ നിന്നും താക്കോലെടുത്ത് അകത്തു കയറുമ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല. എത്ര തവണ ഇതിനു മുൻപ് ഇവിടെ വന്നിരിക്കുന്നു. അന്നൊക്കെ ഇവിടെ ഋഷിയുണ്ടായിരുന്നു. അവന്റെ ചിരിയും പ്രണയവുമുണ്ടായിരുന്നു. മുൻപുണ്ടായിരുന്ന പോലെയല്ലാതെ ആ ഫ്‌ലാറ്റ് മറ്റാരുടെയോ പോലെ തോന്നിപ്പിച്ചു. അവന്റെ ഗന്ധമില്ലാത്ത മുറി. പക്ഷേ,

അവനുമായി ചിലവഴിച്ച നിമിഷങ്ങൾ...

ശരീരത്തിന്റെ കൊതി...

ആത്മാവിന്റെ ദാഹം...

 

ഋഷിയുടെ ചോരയുടെ മണമാണ് ഇപ്പോഴീ മുറിയ്ക്ക്. അവൻ മരണപ്പെട്ടു കിടന്നത് ഇവിടെയാണ്.

എനിക്ക് ശ്വാസം മുട്ടി. ശരീരത്തിൽ തണുപ്പ് പടരാൻ തുടങ്ങി. അയാൾ കതക് മുട്ടുമ്പോൾ ഞാനിത് ഉറപ്പായും ചെയ്യണം. ബാഗിൽ കത്തിയുണ്ട്, അതെടുത്ത് വീശുന്നതല്ലേ നല്ലത്? അയാളൊന്നും പറയണ്ട...

പക്ഷെ എനിക്കറിയണം അയാളെന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ ചെയ്തതെന്ന്... എല്ലാം കേട്ടിട്ട് മാത്രം കത്തി പ്രയോഗിച്ചാൽ മതിയാവും. ഞാൻ ബാഗ് തോളിൽ നിന്നു താഴെ വയ്ക്കാതെ അയാളെ കാത്ത് മുൻവശത്തെ വാതിലിലേക്ക് നോക്കിയിരുന്നു. ഇടയ്ക്കിടയ്ക്ക് കൈ ബാഗിനുള്ളിലേയ്ക്ക് ഞാനറിയാതെ നീളുന്നുണ്ടായിരുന്നു. കയ്യിൽ തണുപ്പ് തടയുമ്പോൾ മാത്രമാണ് ആ കത്തിയിൽ ഞാൻ തൊട്ടിരുന്നെന്നു മനസ്സിലാവുക, അയാളെ ഞാൻ ഉറപ്പായും കൊണ്ടിരിക്കും, എത്ര കരുത്താനാണെങ്കിലും എന്റെ ഋഷിയെ ഇല്ലാതാക്കിയേ പലരെയും കൊലപ്പെടുത്തിയ അയാളെ കൊന്നിരിക്കും

 

പിന്നിലൊരു ശബ്ദം കേൾക്കുന്നുണ്ടോ?

എന്താണത്?

ഋഷിയുടെ കിടപ്പു മുറിയിൽ ചെറിയ വെളിച്ചം...

അപ്പോൾ അയാൾ അകത്തു തന്നെയുണ്ടായിരുന്നോ?ഈശ്വരാ...

ഞാൻ ബാഗിലെ കത്തിയിൽ കൈ അമർത്തിപ്പിടിച്ചു എഴുന്നേറ്റു ഋഷിയുടെ കിടപ്പു മുറിയിലേയ്ക്ക് നടന്നു. അവിടെ ആരെയും കണ്ടില്ല, പക്ഷെ മുറിയിലെ ഇരുട്ടിനെ തുളച്ച് ടേബിൾ ലാമ്പ് പ്രകാശിച്ചു കിടന്നു. 

 

അകത്തു കയറിയതും പെട്ടെന്ന് കതകടഞ്ഞു. 

 

‘‘നിങ്ങള്.... ആരാ.... ആരാ....’’

എന്റെ ചിലമ്പിയ ശബ്ദം പുറത്തേയ്ക്ക് വീണു.

 

-അയാളുറക്കെ ചിരിക്കുന്നു. ആ ശബ്ദം ചുവരിൽ തട്ടി വലിയൊരു മുഴക്കം പോലെ തോന്നി.

 

‘‘ഞാനാണ് നീയന്വേഷിക്കുന്ന ആൾ... നിനക്ക് എന്നെ കാണണ്ടേ ... അറിയണ്ടേ ...?’’ എവിടെയോ കേട്ട് മറന്നെന്ന് തോന്നിപ്പിച്ച ആ ശബ്ദം...

എന്താണ് ആ സമയത്ത് തോന്നേണ്ടതെന്ന് പോലും എനിക്ക് മനസ്സിലായില്ല. ഉറക്കെ നിലവിളിക്കണമെന്നും കരയണമെന്നുമുണ്ട്, ഒച്ച പൊന്തുന്നില്ല. കൈപ്പാട് അകലെ ഒരു കത്തി ഉണ്ട് എന്നാൽ അതെടുക്കാനാവുന്നില്ല. അയാളെന്താണ് ചെയ്യാൻ പോകുന്നത്? ദൈവമേ...

 

ആരുമില്ലേ എനിക്ക്...വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തൊട്ടടുത്ത് അയാൾ നിൽക്കുമ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയില്ല..

എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാവുന്നില്ല...

ഓർമ്മയിലെവിടെയോ മയങ്ങിക്കിടക്കുന്ന ആ ശബ്ദം...

അത് ആരുടേതാണ്?

 

English Summary: ‘Njan Emma John’ e-novel written by Sreeparvathy, Chapter 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com