ചരിത്ര പുസ്തകങ്ങൾ പൂരിപ്പിക്കാത്ത ഉത്തരങ്ങളുമായി വിജനവീഥി കടന്നു വരുമ്പോൾ: അശ്വതി തിരുനാൾ സംസാരിക്കുന്നു
Mail This Article
ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവൽ, വർഷങ്ങൾക്കു ശേഷം റീപ്രിന്റ് ഇറങ്ങുമ്പോൾ അത് ഒരുപാട് ചർച്ചയാകുന്നു. ഓരോ പുസ്തവും ഇറങ്ങാൻ ഓരോ കാലമുണ്ടെന്ന ഓർമപ്പെടുത്തലാണ് അശ്വതി തിരുനാൾ എഴുതിയ വിജനവീഥി എന്ന പുസ്തകം. മുപ്പതു വർഷങ്ങൾക്കിപ്പുറം ആ പുസ്തകം വായിക്കുമ്പോഴും അത്ര പഴമ തോന്നിക്കുന്നില്ല. ഹൊറർ, സൈക്കോളജി, ചരിത്രം, ക്രൈം എന്നിങ്ങനെ വ്യത്യസ്തമായ വിഭാഗങ്ങളുടെ മിശ്രിത രൂപമാണ് പുസ്തകം. പൊതുവേ മലയാള സാഹിത്യത്തിൽ ഇത്തരത്തിൽ പല ഴോണറുകൾ ചേർന്ന പുസ്തകങ്ങൾ അപൂർവമായിരിക്കുമ്പോഴാണ് ശതാബ്ദങ്ങൾക്ക് മുൻപ് പോപ്പുലർ ഫിക്‌ഷനിൽ ഇത്തരത്തിൽ ലക്ഷണയുക്തമായ ഒരു പുസ്തകം ഇറങ്ങിയത്. ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിനൊപ്പം, പറയപ്പെടാത്ത തിരുവിതാംകൂർ ചരിത്രവും മനഃശാസ്ത്രത്തിന്റെ ഏറ്റവും പുതിയ ചിന്തകളും ഡിറ്റക്റ്റീവ് അന്വേഷണവും ആത്മീയ വാസികളിലെ യാത്രകളും എല്ലാം ഈ പുസ്തകം അനുഭവാക്കി പകരുന്നു. വിജനവീഥിയുടെ എഴുത്തുകാരൻ അശ്വതി തിരുനാൾ അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിലെഴുതിയതാണ് പുസ്തകം. ഇപ്പോൾ മുപ്പതിലേറെ വർഷങ്ങൾക്കിപ്പുറം അദ്ദേഹമൊരു ആശ്രമം സൂക്ഷിപ്പുകാരനും സന്യാസിയുമാണ്. അശ്വതി തിരുനാൾ സംസാരിക്കുന്നു.
ജീവിതമൊരു യാത്രയാണ്...
മൂന്നു വയസ്സുള്ളപ്പോൾത്തന്നെ ആത്മീയതയോടു വല്ലാത്തൊരു അടുപ്പമുണ്ടായിരുന്നു. എല്ലാവരും സംസാരിച്ചിരിക്കുമ്പോഴും ഒന്നിച്ചിരിക്കുമ്പോഴും ഒറ്റയ്ക്കു പോയി മാറിയിരിക്കുകയും ധ്യാനിക്കുകയും പതിവായപ്പോൾ മാതാപിതാക്കൾ വഴക്കു പറയാൻ തുടങ്ങി. പല രീതിയിൽ അവരെന്നെ മാറ്റാനും ശ്രമിച്ചിരുന്നു. പക്ഷേ എന്തൊക്കെ ചെയ്തിട്ടും ആ സ്വഭാവം മാറിയതേയില്ല. വളരുന്തോറും അതെന്നിൽ ഉറയ്ക്കുകയാണ് ചെയ്തത്. സ്‌കൂളിൽ ഒന്നിച്ചു പഠിച്ചതാണ് സംവിധായകൻ പ്രിയദർശൻ. നടൻ മോഹൻലാൽ അന്ന് ഞങ്ങളുടെ ജൂനിയർ ആണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും കൗമാരം വിടാൻ കാത്തു നിന്നതു തന്നെ സിനിമയിലേക്കായിരുന്നു. ഞങ്ങളൊന്നിച്ചാണ് തിരനോട്ടം എന്ന സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ആ സമയത്ത് സിനിമയാണ് മനസ്സിൽ മുഴുവൻ. എന്നാൽ ആത്മീയത വിട്ടു കളയാനാകാതെ എന്നിൽ അലിഞ്ഞു ചേർന്നിരുന്നു താനും. കയ്യിൽ കുറെയധികം തിരക്കഥകളുണ്ടായിരുന്നു. അതിലൊന്ന് എനിക്ക് സ്വയം സംവിധാനം ചെയ്യാൻ തോന്നി. അതാണ് വിജനവീഥി എന്ന നോവൽ. പക്ഷേ അതു നടന്നില്ല.
ആത്മീയ വഴിയിലൂടെ നടക്കുമ്പോൾ
ഇരുപതു വയസ്സ് കഴിഞ്ഞപ്പോഴാണ് ഞാനെന്റെ ആത്മീയ ഗുരുവിനെ കണ്ടുമുട്ടിയത്. അദ്ദേഹത്തെ പിന്തുടരാനാണ് മനസ്സിന്റെ ഒരു ഭാഗം പറയുന്നത്, അപ്പുറത്ത് സിനിമയും. പക്ഷേ ഗുരു തറപ്പിച്ചു പറഞ്ഞ കാര്യം സിനിമ നമുക്ക് വേണ്ട എന്നതായിരുന്നു. ഗുരുവിന്റെ വഴിയാണ് നിത്യമായത് എന്ന തോന്നലിൽ സിനിമ ഞാനവിടെ ഉപേക്ഷിക്കുകയും ചെയ്തു. തിരനോട്ടത്തിൽപ്പോലും പൂർണമായി പങ്കു ചേരാനായിരുന്നില്ല. പകുതിയിൽ നിർത്തി പോരേണ്ടി വന്നു. അപ്പോഴും വിജനവീഥി തിരക്കഥയായി എന്റെ കയ്യിലുണ്ട്. സന്യാസം വളരെ നീണ്ടൊരു യാത്രയാണ്. ആത്മ തപസ്സ് തന്നെയാണ്, അങ്ങനെയൊരു അടയാളപ്പെടൽ ലഭിക്കാൻ തന്നെ ആണ്ടുകളെടുക്കും. ആ സമയത്ത് ഞാൻ ഭയങ്കര കൺഫ്യൂസ്ഡ് ആണ്. എന്താണ് എനിക്കു വേണ്ടത്, ഏതു വഴിയാണ് നടക്കേണ്ടത് എന്നൊക്കെ ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ. അങ്ങനെയാണ് വിജനവീഥി നോവലായി എഴുതാൻ തുടങ്ങിയത്. ആദ്യത്തെ അധ്യായം എഴുതി കുങ്കുമം മാസികയ്ക്ക് അയച്ചു കൊടുത്തു. പ്രത്യേകിച്ചൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അയച്ചു കൊടുത്തു എന്നു മാത്രം. അന്നെനിക്ക് 25 വയസ്സാണ്. പക്ഷേ വളരെ പെട്ടെന്നുതന്നെ കുങ്കുമത്തിൽനിന്നു വിളി വന്നു, അവർക്ക് ആ നോവൽ പ്രസിദ്ധീകരിക്കാൻ താൽപര്യമുണ്ട്, ഒരു പത്ത് അധ്യായം കൂടി കൊടുക്കണം. അവിടെയാണ് ഞാൻ ആ നോവൽ എഴുതണമെന്നു തീരുമാനിക്കുന്നത്. പക്ഷേ അപ്പോഴും എന്റെ ഭാവി എനിക്കുറപ്പില്ല. എഴുത്തുകാരനാകണോ സന്ന്യാസിയാകണോ എന്ന സംശയം എപ്പോഴുമുണ്ട്. അവസാനം ആത്മീയ വഴി തന്നെ വിജയിച്ചു. അത് തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഏകലവ്യ ആശ്രമം, തിരുവനന്തപുരം പിഒ
തമ്പാനൂരിനടുത്താണ് ഇപ്പോൾ ആശ്രമം. ഏകലവ്യ ആശ്രമത്തിന് അഞ്ചു ആശ്രമങ്ങളാണുള്ളത്. ഒരെണ്ണം പാലക്കാടാണ്. പല പരിപാടികളും ആശ്രമത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, ഉപേക്ഷിക്കപ്പെട്ട വയോധികരായ സ്ത്രീകളുടെ സംരക്ഷണം, അങ്ങനെ നിരവധി കാര്യങ്ങൾ. യോഗ അഭ്യസിപ്പിക്കാൻ പ്രത്യേകം വിഭാഗമുണ്ട്. ഇത്രയും കാലം എഴുതാതെ എല്ലാത്തിൽനിന്നും മാറി നടക്കുകയായിരുന്നു. എന്നാലിപ്പോൾ ജീവിതം അവസാന ലാപ്പിലെത്തി നിൽക്കുമ്പോൾ ഇനിയാരെ ഭയക്കാനാണെന്നു മനസ്സ് ചോദിക്കുന്നുണ്ട്. അതുകൊണ്ട് വീണ്ടും എഴുതണം എന്ന് മനസ്സ് പറഞ്ഞു, തുടങ്ങുകയും ചെയ്തു. പുതിയ രണ്ടു പുസ്തകങ്ങളുടെ എഴുത്തിലാണിപ്പോൾ. ഒന്ന് ഒരു ഗ്രാമത്തെക്കുറിച്ചുള്ള പുസ്തകമാണ്. മറ്റൊന്ന് കൃഷ്ണനെക്കുറിച്ചുള്ള പുസ്തകം. ആത്മീയ പുസ്തകമൊന്നുമല്ല. ഇതിഹാസങ്ങൾ പൂരിപ്പിക്കാതെ വിട്ടു പോയ പലതിനെയും ആധുനികതയുടെ ഓരം ചേർന്നു നിന്നുകൊണ്ട് എന്റേതായ കാഴ്ചയിൽ കാണുകയും മറുപടി നൽകാൻ ശ്രമിക്കുകയും ചെയ്യുന്നു. അത് പൂർണമായും ഒരു ഫിക്‌ഷൻ ആണ്.
വിജനവീഥിയുടെ തുടക്കം ആ സ്ത്രീയിൽനിന്ന്...
തിരുവനന്തപുരത്തെ വഴികൾക്ക് സുന്ദരി ചെല്ലമ്മയെ നല്ല പരിചയമാണ്. ചിത്തിര തിരുനാൾ മഹാരാജാവായിരുന്ന സമയത്ത് അദ്ദേഹത്തെ കണ്ട മാത്രയിൽ അനുരാഗത്തിലായ സ്ത്രീയാണ് ചെല്ലമ്മ. പിന്നീട് മഹാരാജാവിനെ കാണാനായി മാത്രം തെരുവുകളിൽ അവർ കാത്തിരുന്നിട്ടുണ്ട്, പിന്നീട് അവർക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു. ഇന്നും അവരുടെ കഥ എല്ലാവരും പറയുന്നും കേൾക്കുന്നുമുണ്ട്. ഞാനാദ്യമായി ചെല്ലമ്മയെ കാണുമ്പൊൾ കരുതിയത് ഒരു പുരുഷനാണെന്നാണ്. പക്ഷേ പഴയ സ്ത്രീകളെപ്പോലെ മുലക്കച്ച കെട്ടി അവർ നിലത്ത് കുത്തിയിരിക്കുകയായിരുന്നു. ദൂരക്കാഴ്ചയിൽ അവരിലെ പൗരുഷമാണ് ആദ്യം ദൃശ്യമാവുക, എന്നാൽ അടുത്തേക്കു ചെല്ലുമ്പോൾ മനസ്സിലാവും സുന്ദരിയായ ഒരു സ്ത്രീയാണവർ. ആ കാഴ്ചയിൽ നിന്നാണ് വിജനവീഥിയുടെ കഥ തുടങ്ങുന്നത്. നോവലിൽ ഉടനീളം നിഗൂഢമായി നിൽക്കുന്ന ഒരു കഥാപാത്രത്തിന്റെ തുടക്കം ആ കാഴ്ചയിൽ നിന്നായിരുന്നു. ഇത്തരത്തിൽ ഒരുപാടു കഥാപാത്രങ്ങൾ എനിക്ക് മുന്നിലൂടെ കടന്നു പോയിട്ടുണ്ട്. നോവലിന്റെ ഗവേഷണത്തിന് വേണ്ടി രണ്ടാഴ്ച തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ ഞാൻ കണ്ട കഥാപാത്രങ്ങളെല്ലാം അതേപേരിൽ നോവലിലുണ്ട്. ചിലരെ കാണുമ്പോൾ കഥാപാത്രമാണെന്നു തന്നെ തോന്നും. അത്തരത്തിൽ കുടമൺപിള്ളയെ വരെ ഞാൻ കണ്ടെത്തിയിരുന്നു. സിനിമയിൽ നമ്മൾ തിരക്കഥയ്ക്ക് പറ്റിയ നടീനടന്മാരെ കണ്ടെത്തുന്നത് പോലെയാണത്. ചിലർ മുന്നിൽ വന്നു നിന്നു ഞാൻ ഇന്നയാളാണ് എന്ന് പറയുന്നത് പോലെ തോന്നും. അതൊരു അനുഭവമാണ്.
ഗവേഷണം നിർബന്ധമാണ്...
എഴുതുന്ന വിഷയം അനുസരിച്ചാണ് എങ്ങനെയാണ് എഴുത്തു രീതിയെന്ന് നിശ്ചയിക്കേണ്ടത്. വിജനവീഥിക്കു വേണ്ടി എനിക്ക് നല്ല ഗവേഷണം വേണ്ടിയിരുന്നു. പക്ഷേ അത് നിർബന്ധിച്ചു വേണമല്ലോ എന്ന രീതിയിലല്ല. അത് അങ്ങനെയങ്ങ് ഉണ്ടായിത്തീരുകയായിരുന്നു. ഇതിലുള്ള സൈക്കോളജിയുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും ചരിത്രമാണെങ്കിലും അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും പഠിക്കുകയും അറിയുകയും ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.
സുഭദ്രയുടെ കഥ, ഗൗരിയുടേതും.
ഗൗരി എന്ന സൈക്കോളജി വിദ്യാർഥിയാണ് വിജനവീഥിയിലെ നായിക. ധൈര്യവതിയും മിടുക്കിയുമായ പെൺകുട്ടി. ഒരു രാത്രിയിൽ കവടിയാറിൽ വന്നു ബസിറങ്ങുന്നതോടെയാണ് കഥ തുടങ്ങുന്നത്. ആ രാത്രിയിൽ അവളുടെ ജീവിതം മാറിമറിയുകയാണ്. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥകളുടെ ഏടുകൾ അവിടെ തുടങ്ങുന്നു. സി.വി. രാമൻപിള്ള എഴുതിയ മാർത്താണ്ഡവർമ്മയും വിജനവീഥിയിൽ സുഭ്രദ്ര പറയുന്ന മാർത്താണ്ഡവർമ്മയും വ്യത്യാസമുള്ളവരാണ്. നോവലിൽ പറയുന്നതു പോലെ രാജഭരണകാലത്തെ ചരിത്രങ്ങൾ അന്നത്തെ ഭരണകർത്താക്കളുടെ സൗകര്യാർഥം അവർ തന്നെ നിർമിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ അതിൽ സത്യങ്ങൾ ഒരു മറയ്ക്കപ്പുറമായിരിക്കാം. അതുകൊണ്ടു ആഴത്തിൽ ചരിത്രപഠനം ആവശ്യമായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലാണ് അക്കാര്യത്തിൽ എന്നെ സഹായിച്ചത്. അത് മാത്രമല്ല പല പുസ്തകങ്ങളും ചരിത്ര സംബന്ധിയായ തിരിച്ചറിവുകളുണ്ടാക്കി. സി.വി. പറയുന്ന മാർത്താണ്ഡവർമ്മയുടെ ഒപ്പമുണ്ടായിരുന്ന അനന്തപദ്മനാഭൻ എന്ന കഥാപാത്രം ഒരു മിത്താണെന്നാണ് അദ്ദേഹം തന്നെ എഴുതി വച്ചത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ മാർത്താണ്ഡവർമ്മയ്‌ക്കൊപ്പമുള്ള ഒരു അനന്തപദ്മനാഭനെക്കുറിച്ച് പലയിടത്തും സൂചനകളുണ്ട്. സിവിയുടെ എട്ടു വീട്ടിൽ പിള്ളമാർ ചരിത്രത്തിൽ മാടമ്പിമാരായി മാറിയിട്ടുണ്ട്. അവർ നായന്മാർ പോലുമില്ലായിരുന്നു എന്നാണു സൂചനകൾ പറയുന്നത്. അങ്ങനെയാണ് അതിൽ സുഭദ്ര എന്നൊരു സ്ത്രീയുടെ സാന്നിധ്യവും ഉണ്ടായിരുന്നു എന്ന് മനസ്സിലായത്. ഒരുപാട് വ്യത്യാസമുണ്ട് അങ്ങനെ എഴുതപ്പെട്ട ചരിത്രവും സിവിയുടെ ഫിക്‌ഷനും തമ്മിൽ. ആ കണ്ടെത്തലാണ് വിജനവീഥിയുടെ നട്ടെല്ല്. ഗൗരിയിലൂടെയാണ് സുഭദ്രയെ വായനക്കാർ കണ്ടെത്തുന്നത്.
ഷോക്ക് ചികിത്സ ആവശ്യമായിരുന്നു...
നോവിലെ കഥാപാത്രമായ പ്രഫസർ വിജയാനന്ദ് ഇത്തരം ചികിൽസാ സമ്പ്രദായങ്ങളെ പാടെ നിരാകരിക്കുന്ന ഒരാളാണ്. നോവലിന്റെ ഭാഗമായി റിസേർച്ചിനു പോയപ്പോൾ ഷോക്ക് ചികിൽസ നൽകുന്ന രോഗികളുടെ അവസ്ഥ നേരിൽ കണ്ടിട്ടുണ്ട്. അതിക്രൂരമാണത്. അന്നത്തെ ചികിത്സാ രീതി കാടൻ ശൈലിയിലാണ് എന്നതായിരുന്നു സത്യം. അതിനെ കൃത്യമായി പ്രഫസർ നിർവചിച്ചിട്ടുണ്ട്. പക്ഷേ യാഥാർഥ്യം എന്തെന്നാൽ ഇത്തരം ചികിത്സ കൊണ്ട് ഗുണമുണ്ടായ ഒരുപാടു രോഗികളെയും ഞാൻ കണ്ടിട്ടുണ്ട്. പലർക്കും ഇതുകൊണ്ട് അസുഖം മാറിയതായും അറിഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം ചികിത്സകൾ ഇല്ലെന്നു പറയാനാകില്ല, ഉണ്ട്, പക്ഷേ പഴയ കാടത്തം ഇന്നില്ല, ഒരുപാട് മാറ്റങ്ങൾ വന്നു കഴിഞ്ഞു.
വഴി തെളിച്ച വായന
പണ്ടു മുതലേ നന്നായി വായനയുണ്ടായിരുന്നു. പൊതുവെ മലയാള പുസ്തകങ്ങൾ വായന കുറവാണ്. ഇംഗ്ലീഷാണ് പ്രിയം. അതുകൊണ്ടാകാം അതിന്റെ സ്വാധീനം വിജനവീഥിയുടെ എഴുത്ത് ശൈലിയിൽ വന്നിട്ടുണ്ടാവുക. പക്ഷേ അതൊന്നും മനഃപൂർവ്വം വരുന്നതല്ല. നോവലിന്റെ ക്ലൈമാക്സ് വായിച്ച പലരും പല അഭിപ്രായം പറഞ്ഞു, അതങ്ങനെ വേണ്ടിയിരുന്നു എന്നൊരുപാട് പേര് ചോദിച്ചിരുന്നു. പക്ഷേ എനിക്ക് ആ സമയത്ത് ആശങ്കകൾ ഒന്നുമുണ്ടായിരുന്നില്ല, മറ്റേതോ ശക്തി എന്നെക്കൊണ്ട് എഴുതിക്കുന്നതു പോലെയായിരുന്നു അത്. അതുകൊണ്ടു തന്നെ ക്ലൈമാക്സ് പോലും സ്വാഭാവികമായി എഴുതിപ്പോയതാണ്. ഞാൻ ഏറ്റവും കൂടുതൽ എഴുത്തിൽ ശ്രദ്ധിച്ചത് ലോജിക് ആണ്, അത് എല്ലായിടത്തും വേണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഒരു അധ്യായത്തിൽ സ്വല്പം വിടവ് വന്നാൽ മറ്റൊരു കഥാപാത്രത്തെക്കൊണ്ട് അതിനു ലോജിക്കൽ ആയുള്ള ഒരുത്തരം അടുത്തതിൽ കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു.
വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു വായന
ഇരുപത്തിയഞ്ചു വയസ്സിൽ എഴുതിയതാണ് വിജനവീഥി. ഇപ്പോൾ പ്രായമായിരിക്കുന്നു. ചിന്തകളും അനുഭവങ്ങളും കൂടിയിട്ടുണ്ട്. ഒരിക്കൽ വിജനവീഥി വായിച്ച ഒരാൾ ആശ്രമത്തിനു മുന്നിലെഴുതിയ പേര് കണ്ടെത്തി അന്വേഷിച്ചു വന്നു. പുസ്തകം വായിച്ചതിനെക്കുറിച്ച് പറഞ്ഞു. അതിനു ശേഷമാണ് പുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ തന്നെ ആലോചിക്കുന്നത്. മൂന്നു ദശാബ്ദങ്ങൾക്കു ശേഷം ഇപ്പോൾ മലയാളത്തിൽ പോപ്പുലർ ഫിക്‌ഷന് അനുകൂലമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാകണം പലയിടങ്ങളിലും പ്രസംഗിക്കാൻ പോകുമ്പോൾ വായനക്കാർ വന്നു സംസാരിക്കാറുണ്ട്.
എൻവിയുടെ മുന്നിൽ ...
ഒരിക്കൽ കുങ്കുമത്തിന്റെ എഡിറ്റർ ആയിരുന്ന എൻ.വി. കൃഷ്ണവാര്യർ സാർ വിളിപ്പിച്ചു. നോവലിനെക്കുറിച്ച് സംസാരിക്കാനാണ്. ചെന്നപ്പോൾ നോവൽ നന്നായിട്ടുണ്ട്, അദ്ദേഹത്തിന് എന്നെക്കുറിച്ച് വിവരങ്ങൾ എടുക്കണം. എന്തിനാണെന്നു ചോദിച്ചപ്പോൾ നോവലിനെ അടിസ്ഥാനപ്പെടുത്തി ഇനങ്ങനെയൊരു എഴുത്തുകാരനെ വായനക്കാർക്ക് പരിചയപ്പെടുത്താനാണ്. പക്ഷേ അന്നത്തെ എന്റെ തീരുമാനം അത് വേണ്ട എന്നായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരാളോട് എന്റെ താൽപര്യക്കുറവ് അറിയിച്ചപ്പോൾ നീരസത്തോടെ അദ്ദേഹം എന്നാൽ വേണ്ട എന്നും മറുപടി പറഞ്ഞു. ഒരുപക്ഷേ അന്ന് അത് ഞാൻ സ്വീകരിച്ചിരുന്നെങ്കിൽ എന്റെ എഴുത്തുകാരൻ എന്ന നിലയിലുള്ള ജാതകം മാറി മറിഞ്ഞേനെ എന്ന് തോന്നുന്നു. പക്ഷേ അതിൽ നിരാശയില്ല.
മണിച്ചിത്രത്താഴും വിജനവീഥിയും
ഒരിക്കൽ മോഹൻലാൽ സംവിധായകൻ ഫാസിലിനെ പരിചയപ്പെടുത്തുമ്പോൾ പറഞ്ഞതാണ്, അവർ പുതിയതായി എടുക്കാൻ പോകുന്ന ചിത്രത്തിന് വിജനവീഥിയുമായി സാമ്യമുണ്ടെന്നുള്ളത്. പക്ഷേ അദ്ദേഹം അന്നു പറഞ്ഞത് അത് മധു മുട്ടത്തിന്റെ കഥയാണെന്നും അത് ഡവലപ്പ് ചെയ്തത് അദ്ദേഹമാണെന്നുമാണ്. പക്ഷേ പിന്നീട് സിനിമ കണ്ട പലരും പറഞ്ഞു അതും നോവലുമായുള്ള സാമ്യത്തെക്കുറിച്ച്. സിനിമ കണ്ടപ്പോൾ എനിക്കും മനസ്സിലായി രണ്ടു കഥകളുടെയും അകക്കാമ്പ് ഒന്നാണ്. ഇവിടെ സുഭദ്രയും അവിടെ നാഗവല്ലിയും ആണെന്ന് മാത്രം. സിനിമയുടെ പേര് പോലും നോവലിൽ കടന്നു വരുന്നുണ്ട്. ഒപ്പം നായികയെ മുറിയിൽ അടച്ചിടുന്ന രംഗമുൾപ്പെടെ പലതും സാമ്യമായി പറയാനുണ്ട്. പക്ഷേ സംവിധായകനും എഴുത്തുകാരനും ഇതുവരെ അത് സമ്മതിച്ചു തന്നിട്ടുമില്ല, അതിന്റേതായ അംഗീകാരം തന്നിട്ടുമില്ല. ഇപ്പോഴും ഈ കഥയ്ക്ക് സിനിമയുടെ അംശമുണ്ട്, കാരണം അതിന്റെ ആദ്യ രൂപം തിരക്കഥയിൽ നിന്നായിരുന്നല്ലോ. അതുകൊണ്ടു തന്നെ വായനയിൽ കാഴ്ചയുടെ അനുഭവവും നോവൽ നൽകുന്നുണ്ടെന്ന് വായനക്കാർ സ്ഥിരമായി പറയുന്നുണ്ട്.
Content Summary: Talk with writer Aswathy Thirunnal