ADVERTISEMENT

17-ാം വയസ്സ് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ പ്രധാനമാണെങ്കിൽ പുരുഷന് അങ്ങനെ പ്രത്യേകിച്ചൊരു പ്രായം ആരും കൽപിച്ചുകൊടുത്തിട്ടില്ല. എങ്കിലും 45-ാം വയസ്സ് പുരുഷ ജീവതത്തിലെ നാഴികക്കല്ല് തന്നെയാണ്. സാഹസികത നിറഞ്ഞുനിൽക്കുന്ന യൗവ്വനത്തിന്റെ അവസാനം. പക്വതയുടെയും തിരിച്ചറിവിന്റെയും തുടക്കം. വേഗത സാവധാനത്തിനു വഴിമാറുന്ന കാലം. അതുകൊണ്ടുകൂടിയാകണം ധീരൻമാരായ ചിലരെങ്കിലും 45-ാം വയസ്സോടെ മരിക്കാനാഗ്രഹിച്ചിട്ടുണ്ടാകുക. മരണം ആരുടെയും വിളിപ്പുറത്തല്ലാത്തതിനാൽ ആഹ്രഹം സാക്ഷാത്കരിക്കാൻ കഴിഞ്ഞത് അപൂർവം പേർക്കു മാത്രം. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്ന ഒരു വ്യക്തിത്വമുണ്ട്. പാബ്ലോ എസ്കോബാർ എന്ന മയക്കുമരുന്ന് രാജാവ്. പ്രശസ്തമെന്നതിനേക്കാൾ കുപ്രശസ്തമായ ജീവിതത്തിന്റെ ഉടമ. അമേരിക്കയെയും ലാറ്റിനമേരിക്കയെയും മൂന്നു പതിറ്റാണ്ട് തോക്കിൻമുനയിൽ വിറപ്പിച്ചുനിർത്തിയ ഡ്രഗ് ലോർഡ്. 

pablo-emilio-escobar-gaviria-book-my-father

ജീവിതം പോലെ മരണത്തിലും ധീരനായിരുന്നു എസ്കോബാർ. ജൻമനഗരത്തിൽ കൊളംബിയൻ പൊലീസിന്റെ വെടിയേറ്റ് വീഴുമ്പോഴേക്കും ഒരു ജനതയുടെ ഹൃദയത്തിൽ അദ്ദേഹം സ്ഥിര പ്രതിഷ്ഠ നേടിയിരുന്നു. കൊളംബിയയിൽനിന്ന് അമേരിക്കയിലേക്ക് കൊക്കെയ്ൻ ഉൾപ്പെടെ മയക്കുമരുന്ന് നിരന്തരമായി കടത്തി കോടീശ്വരനായതിനു പുറമെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ചെയ്ത സേവനങ്ങളാണ് എസ്കോബാറിനെ മയക്കുമരുന്ന് രാജാവ് എന്നതിനപ്പുറം റോബിൻഹുഡ് പദവിയിലേക്ക് ഉയർത്തിയത്. 

pablo-emilio-escobar-gaviria-book-man-hunters

സാഹിത്യത്തിലും അനശ്വരനാണ് പാബ്ലോ. ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹത്തെപ്പറ്റി എഴുതപ്പെട്ടു. സ്വന്തം മകൻ എഴുതിയവയുൾപ്പെടെ. പാബ്ലോയെക്കുറിച്ച് എന്തെഴുതിയാലും വിറ്റുപോകുന്നതായിരുന്നു ഒരുകാലത്തിന്റെ ട്രെൻഡ്. അതു മുതലെടുത്താണ് പുസ്തകങ്ങൾ പുറത്തിറങ്ങിയതും. എസ്കോബാർ–ദ് ഇൻസൈഡ് സ്റ്റോറി ഓഫ് പാബ്ലോ എസ്കോബാർ, ദ് വേൾഡ്സ് മോസ്റ്റ് പവർഫുൾ ക്രിമിനൽ, പാബ്ലോ എസ്കോബാർ മൈ ഫാദർ– ജുവാൻ പ്ബ്ലോ എസ്കോബാർ, പ്ബ്ലോ എസ്കോബാർ ബിയോണ്ട് നാർകോസ്, കില്ലിങ് പാബ്ലോ ദ് ട്രൂ സ്റ്റോറി ബിഹൈൻഡ് ദ് ഹിറ്റ് സിരീസ് നാർകോസ്, മാൻഹണ്ടേഴ്സ് ഹൗ വി റ്റുക് ഡൗൺ പാബ്ലോ എസ്കോബാർ തുടങ്ങിയവ ലക്ഷങ്ങളെ ശ്വാസമടക്കിപ്പിടിച്ചു വായിപ്പിച്ച പുസ്തകങ്ങളിൽ ചിലതുമാത്രം. 

pablo-emilio-escobar-gaviria-book-killing-pablo

കൊക്കെയ്ൻ രാജാവ് എന്നായിരുന്നു എക്സോബാറിന്റെ വിളിപ്പേര്. കോളജിൽ ചേർന്നെങ്കിലും ബിരുദം പൂർത്തിയാക്കാതെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പടിക്കു പുറത്തെത്തിയ എസ്കോബാർ ചെറിയ കുറ്റകൃത്യങ്ങളിലൂടെ ഇരുട്ട് നിറഞ്ഞ അധോലോകത്തേക്ക് പ്രവേശിച്ചു. പെട്ടെന്നായിരുന്നു ഉയർച്ച. നിരോധിച്ച സിഗരറ്റുകളും ലോട്ടറി ടിക്കറ്റുകളും വിറ്റു പണം സമ്പാദിച്ച അദ്ദേഹം വാഹനമോഷണ ചരിത്രത്തിലും സ്വന്തം പേര് എഴുതിച്ചേർത്തു. എഴുപതുകളുടെ തുടക്കത്തിലാണ് അദ്ദേഹം മയക്കുമരുന്നു ഗ്രൂപ്പുകളിൽ അംഗമാകുന്നത്. എതിർക്കുന്നവരെയും പൊലീസ് ഓഫിസർമാരെ വരെയും തട്ടിക്കൊണ്ടുപോകാനും മടിച്ചിട്ടില്ല. അക്കാലത്തൊന്നും എസ്കോബാറിനെ എതിർക്കാനോ അദ്ദേഹം ചോദിക്കുന്ന പണം കൊടുക്കാതിരിക്കാനോ ധൈര്യമുള്ള ഒരാൾ പോലുമുണ്ടായിരുന്നില്ല കൊളംബിയയിൽ. 

pablo-emilio-escobar-gaviria-book-drugs-money-power

1976 ൽ മെഡിലിൻ കാർടൽ എന്ന എസ്കോബാറിന്റെ സ്വന്തം സംഘടന നിലവിൽവന്നു. അമേരിക്കയിലേക്ക് കൊക്കെയ്ൻ എത്തിക്കാനുള്ള വഴി അവരുടെ കുത്തകയായിരുന്നു വർഷങ്ങളോളം. മാസം 70 മുതൽ 80 വരെ ടൺ കൊക്കെയ്ൻ ആയിരുന്നു അക്കാലത്ത് അദ്ദേഹം അമേരിക്കയിലേക്ക് കടത്തിയത്. ഇക്കാലത്ത് എതിർഗ്രൂപ്പുകളുമായുള്ള സംഘർഷങ്ങളും പതിവായിരുന്നു. എസ്കോബാറിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം കൊളംബിയ ലോകത്തിലെ മയക്കുമരുന്ന വ്യാപാരത്തിന്റെ കേന്ദ്രവുമായി. 

1982-ലെ പാർലമെന്റ് തിരഞ്ഞെടുപ്പോടെ എസ്കോബാറിന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിനു തുടക്കമായി. ചേംബർ ഓഫ് റെപ്രസെന്റേറ്റീവ്സിൽ അംഗത്വം. ഇക്കാലത്ത് നടപ്പാക്കിയ കമ്മ്യൂണിറ്റി വികസന പദ്ധതികളാണ് എസ്കോബാറിനെ ജനപ്രിയനാക്കിയത്. പാവപ്പെട്ടവർക്ക് വീട് നിർമിക്കുക, ഫുട്ബോൾ മൈതാനം നിർമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അദ്ദേഹം ഏറ്റെടുത്തു. പക്ഷേ, സമാന്തര സർക്കാരായി വളർന്നതോടെ എസ്കോബാറിന്റെ അറസ്റ്റിനുവേണ്ടിയുള്ള സമ്മർദവും അമേരിക്കൻ, കൊളംബിയൻ സർക്കാരുകൾ ശക്തമാക്കി. രാജ്യം അരിച്ചുപെറുക്കി നടത്തിയ തിരച്ചിലിനോടുവിലായിരുന്നു അപ്രതീക്ഷിതമായ കീഴടങ്ങൽ. 

പക്ഷേ, ചാരക്കണ്ണുകളെ വെട്ടിച്ച് എസ്കോബാർ കടന്നു. ഒടുവിൽ കൊളംബിയൻ ദേശീയ പൊലീസിന്റെ വെടിയുണ്ടയിൽ ആ ഐതിഹാസിക ജീവിതം അവസാനിച്ചു- 44 -ാം വയസ്സിൽ. കൃത്യമായി പറഞ്ഞാൽ 44-ാം ജൻദിനം ആഘോഷിച്ചതിന്റെ തൊട്ടടുത്ത ദിവസം. 1949 ഡിസംബർ ഒന്നിനു ജനിച്ച് 1993 ഡിംസബർ രണ്ടിനു മരിച്ചെങ്കിലും എസ്കോബാർ ഇന്നും ജീവിക്കുന്നു; കൊക്കെയ്നിന്റെ കടുത്ത ലഹരിപോലെ സിരകളെ  മത്തുപിടിപ്പിച്ചും അസാധാരണമായ മയക്കത്തിലേക്ക് ഒരു ജനതയെ തള്ളിയിട്ടും. 

English Summary: Books on Colombian Drug Lord Pablo Emilio Escobar Gaviria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com