അക്ഷരങ്ങളുടെ കൈപിടിച്ച് വായനയുടെ ആഴംതേടിയ സഞ്ചാരി
Mail This Article
‘ഹൈമവതഭൂവിൽ’ എന്ന പുസ്‌തകത്തിലൂടെയാണ് വീരേന്ദ്രകുമാറിനെ തേടി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വന്നത്. മലയാളത്തിലെ ഒരു സഞ്ചാരസാഹിത്യത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നത് ആദ്യമായിട്ടാണ്. ‘‘യാത്രാവിവരണങ്ങൾ ഒരാൾ കണ്ട കാഴ്‌ചകളുടെ വിവരണം മാത്രമല്ല. അതൊരു വിജ്‌ഞാനശാഖയാണ്. അതിൽ ഒരു ദേശത്തിന്റെ ചരിത്രമുണ്ട്, കഥകളുണ്ട്, പരിസ്‌ഥിതിയുണ്ട്, സാഹിത്യമുണ്ട്. ഹൈമവതഭൂവിൽ ഞാൻ കണ്ട കാഴ്‌ചകൾ എന്നതിനപ്പുറം ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ സംസ്‌കാരത്തോട് ആ പ്രദേശം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കണ്ടെത്തലുകൾ കൂടിയായിരുന്നു’’ – അവാർഡിനെക്കുറിച്ച് വീരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഒരു പുസ്‌തകം എഴുതുന്നതിനു പിന്നിലുള്ള തയാറെടുപ്പുകളെക്കുറിച്ചും വീരേന്ദ്രകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം വായനയുടെ ആഴവും പരപ്പുമുണ്ടാകണം. ഒരു വിഷയവുമായി ബന്ധപ്പെട്ടു വായന തുടങ്ങിയാൽ അതു പുസ്‌തകങ്ങളിൽനിന്നു പുസ്‌തകങ്ങളിലേക്കു പോകും. അവസാനിപ്പിക്കുക പ്രയാസം. പ്രസക്‌തഭാഗങ്ങളുടെ കുറിപ്പെടുക്കുകയും പലപ്പോഴും ഡിക്‌ടേറ്റ് ചെയ്‌തു കൊടുക്കുകയുമാണ്. അതു കഴിയുമ്പോൾ വിവരങ്ങളുടെ ഒരു കടലാണു മുന്നിലുണ്ടാവുക. അതിനെ പരസ്‌പരം ബന്ധിപ്പിച്ചു വരികളിലേക്ക് ഒതുക്കുമ്പോഴാണ് എഴുത്തുകാരന്റെ ക്രാഫ്‌റ്റ് വ്യക്‌തമാകേണ്ടത്–അദ്ദേഹം പറഞ്ഞു.
തന്റെ ഓരോ കൃതിയും വ്യത്യസ്‌തമായ തലത്തിലുള്ളതാണെങ്കിലും വ്യക്തിപരമായി ഏറ്റവും പ്രിയതരം സഞ്ചാരസാഹിത്യം ആയിരുന്നു. ചുറ്റും നോക്കുമ്പോൾ എഴുതാനുള്ള വിഷയങ്ങൾ പരന്നുകിടക്കുന്നുണ്ട്. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവർക്ക് ഓരോ വിഷയവും ഒരോ ക്ഷണമാണ്. അവ നിരസിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്.
സാഹിത്യവും രാഷ്‌ട്രീയവും
സാഹിത്യവും രാഷ്‌ട്രീയവും യഥാർഥത്തിൽ രണ്ടല്ലെന്നും രണ്ടിലും സർഗാത്മകത ഉണ്ടെന്നുമാണ് വീരേന്ദ്രകുമാർ വിശ്വസിച്ചിരുന്നത്. രാഷ്‌ട്രീയം ഒരു മുഖം മാത്രമാണ്. തന്റെ എഴുത്തിൽ രാഷ്‌ട്രീയമില്ലെന്നും അതു തികച്ചും വസ്‌തുനിഷ്‌ഠമാകാൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. യാത്രകളിലാണ് അദ്ദേഹം എഴുത്തിനു സഹായിക്കുന്ന പുസ്‌തകങ്ങൾ വായിച്ചിരുന്നത്.
English Summary : MP Veerendra Kumar - The legendary writer, philosopher and journalist