ADVERTISEMENT

ഏറെ നാളായിട്ടില്ല. തിരുവനന്തപുരത്തു വിജെടി ഹാളിൽ (ഇപ്പോൾ അയ്യങ്കാളി ഹാൾ) ഒരു സാംസ്കാരിക പരിപാടി നടക്കുന്നു. ഞങ്ങൾ പത്രപ്രവർത്തക സുഹൃത്തുക്കൾക്കിടയിൽ നിന്നു സരസമായി സംസാരിക്കുകയാണ് കവി ഏഴാച്ചേരി രാമചന്ദ്രൻ. കവിതയും കവിതയിലെ രാഷ്ട്രീയവുമൊക്കെയാണു വിഷയം. അപ്പോൾ മൈക്കിൽനിന്ന് ഒരു പാട്ടു പതിയെ കേട്ടുതുട‌ങ്ങി: ‘മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ പുള്ളിമാനേ.. ആരോടും പോയ് പറയരുതീക്കഥ മാനേ.. പുള്ളിമാനേ..’

വയലാറിന്റെ പാട്ട്. ജി. ദേവരാജൻ മാഷിന്റെ സംഗീതം. യേശുദാസിന്റെ സ്വരം. 

പെട്ടെന്ന്, ഇപ്പോൾ വരാമെന്നു പറഞ്ഞ് ഏഴാച്ചേരി അവിടെനിന്നു മാറി. ഞാൻ നോക്കുമ്പോൾ ഹാളിനു പുറത്തുള്ള സ്പീക്കറിന്റെ അടുത്തു ചെന്ന് ചെവി വട്ടംപിടിച്ച് ഈ പാട്ടുകേൾക്കുയാണ് ഏഴാച്ചേരി. എത്രയോ പഴയ പാട്ട്. എന്നിട്ടും ആദ്യമായി കേൾക്കുന്ന കൗതുകത്തോടെയും ഇഷ്ടത്തോടെയും അദ്ദേഹം ആ സ്പീക്കറിനടുത്ത് നിന്ന് താളം പിടിച്ച് പാട്ട് ആസ്വദിക്കുന്നു.

അത് എന്തുകൊണ്ടാവണം? അന്നു ചോദിക്കാൻ കഴിഞ്ഞില്ല. 

ഈ വർഷത്തെ വയലാർ പുരസ്കാരം അദ്ദേഹത്തിനാണെന്നറിഞ്ഞപ്പോൾ വിളിച്ചു. പലതും പറഞ്ഞ കൂട്ടത്തിൽ വിജെടി ഹാളിൽ കണ്ട ഈ കാഴ്ചയെപ്പറ്റിയും ചോദിച്ചു.

‘നിന്നെപ്പോലുള്ള പത്രലേഖകർ സംശയനിവൃത്തി വരുത്താൻ ഇത്രയും കാലം എടുക്കാൻ പാടില്ല.’–അദ്ദേഹം പറഞ്ഞു.

‘അതിനെക്കുറിച്ച് ഇപ്പോഴാണ് എഴുതാൻ പോകുന്നത്’ ഞാൻ പറഞ്ഞു.

‘അതു ശരി തന്നെ. എങ്കിലും എന്തെങ്കിലും കാര്യത്തെക്കുറിച്ച് സംശയം തോന്നിയാൽ അതു പരിഹരിച്ച് നോട്ടുബുക്കിൽ കുറിച്ചു വച്ചേക്കണം.’ ഏഴാച്ചേരിയിൽ മിടുക്കനായ ഒരു പത്രാധിപരുമുണ്ട്. 

Ezhacherry-Ramachandran-2

‘എന്റെ ഇതുവരെയുള്ള ജീവിതത്തിൽ എന്നെ സ്വാധീനിച്ച പത്തു പാട്ടുകളിൽ ഒന്നാണിത്. ആദ്യം കേട്ടപ്പോഴുണ്ടായ അതേ വികാര പാരവശ്യത്തോടു കൂടിയാണ് ഞാനിന്നും ഈ പാട്ടു കേൾക്കുന്നത്. ഗൃഹാതുരതയുടെ ഏതോ വമ്പൻ കൊടുമുടിയിൽ ഞാൻ നിന്നാണ് ഇപ്പോളും ഇത് ആസ്വദിക്കാൻ കഴിയുക. തിരുവനന്തപുരം തിരക്കേറിയ പട്ടണമാണ്. പക്ഷേ ഈ വഴികളിലൂടെയൊക്കെ നടന്നുപോകുമ്പോൾ എപ്പോഴെങ്കിലും ഈ പാട്ട് കേട്ടാൽ ഞാൻ സഡൻ ബ്രേക്കിട്ടതു പോലെ നിന്നുപോകും. ഒന്ന്, വയലാർ– ദേവരാജൻ ടീമിനോടുള്ള ആരാധന. രണ്ട്, യേശുദാസിനോടുള്ള കടപ്പാട്. ഇതു പാടിയതിന്. എത്ര കാലം കഴിഞ്ഞാലും ഈ പാട്ടൊരുക്കിയ പ്രതിഭകളെ നമ്മൾ മറക്കില്ല. അവരോടു നമുക്കുള്ള സ്നേഹം അവസാനിക്കില്ല. എന്റെ ഹൃദയത്തിൽ സംഗീതം നിറച്ചവർ ഇവരാണ്.’

ആ വയലാറിന്റെ പേരിലുള്ള പുരസ്കാരമാണ് ഇപ്പോൾ തേടി വന്നിരിക്കുന്നത്? വൈകിപ്പോയെന്ന തോന്നലുണ്ടോ..?

‘വയലാർ അവാർഡ് കേരളത്തിലെ എല്ലാ എഴുത്തുകാരും മോഹിക്കുന്ന പുരസ്കാരമാണ്. പക്ഷേ ആഗ്രഹമുണ്ടെന്ന് ആരും തുറന്നുപറയണമെന്നില്ല. എനിക്ക് മോഹമുണ്ടായിരുന്നു. എന്നാലത് അതിമോഹമാകുമോ എന്ന സംശയവുമുണ്ടായിരുന്നു. ഒരുപാടു വർഷം കാത്തിരുന്ന ശേഷമാണ് വയലാറിന്റെ പേരിലുള്ള ഈ പുരസ്കാരം എനിക്കു ലഭിക്കുന്നത്. മലയാളത്തിന്റെ ജ്ഞാനപീഠം ആയാണ് ഞാനിതു കാണുന്നത്. പുരസ്കാരം ലഭിച്ചതിൽ ഒട്ടും അഹങ്കാരമില്ലാത്ത ഒരു സന്തോഷമാണ് ഉള്ളത്. ഏഴാച്ചേരി എന്ന ഗ്രാമത്തിനും എന്നെ പഠിപ്പിച്ച അധ്യാപകർക്കും എന്റെ മൂത്ത ചേട്ടൻ ഗോപിക്കും മറ്റു കുടുംബാംഗങ്ങൾക്കുമാണ് ഇതു സമർപ്പിക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ ഗോപിച്ചേട്ടനാണ് എന്നെ ശ്ലോകങ്ങൾ പഠിപ്പിച്ചതും പഴയ കാല കവികളെയും അവരുടെ കവിതകളും പരിചയപ്പെടുത്തുന്നത്. 

ഏഴാച്ചേരി രാമചന്ദ്രനെ രൂപപ്പെടുത്തിയതിൽ ഗ്രന്ഥശാലാ പ്രവർത്തവും നാട്ടിലെ വായനശാലകളും പങ്കുവഹിച്ചിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്?

‘അതെ. ഏഴാച്ചേരിയിലെ നാഷനൽ ലൈബ്രറിയോട് വൈകാരികമായ അടുപ്പമാണ് ഉള്ളത്. മറ്റത്തിൽ പുരുഷോത്തമൻ എന്ന വ്യക്തിയായിരുന്നു അന്നവിടെ ലൈബ്രേറിയൻ. നിഷ്കാമ കർമയോഗി എന്നു പറയണം. പത്തുപൈസ പ്രതിഫലമില്ല. ദിവസവും വൈകുന്നേരം വന്നു ലൈബ്രറി തുറന്ന് പുസ്തകങ്ങൾ വിതരണംചെയ്യും. അവിടെ പോയും അതു കണ്ടും പഠിച്ചാണ് ഞാനും ഗ്രന്ഥശാലാ പ്രവർത്തകനായി മാറിയത്. 

കോളജിൽ പോകുന്ന കാലത്ത് അവിടെ ഞാൻ ലൈബ്രേറിയനായി പ്രവർത്തിച്ചു. അതു വലിയ നേട്ടമായി. ലോകക്ലാസിക്കുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായി. പിന്നെ ധാരാളം വായിക്കാനും സൗകര്യം കിട്ടി. നാഷനൽ ലൈബ്രറി ഇല്ലായിരുന്നുവെങ്കിൽ എന്റെ കാവ്യവഴി ഇത്രയും തെളിയുമായിരുന്നോ എന്നു സംശയിക്കണം. 

‌അവിടെ നടന്ന ഒരു ഓണക്കാല സാഹിത്യ മത്സരത്തിലാണ് എനിക്ക് കവിതയ്ക്ക് ആദ്യമായി സമ്മാനം കിട്ടുന്നത്. അത് ജനയുഗം വാരികയുടെ ബാലപംക്തിയിൽ അച്ചടിച്ചു. അച്ചടിമഷി പുരണ്ട എന്റെ ആദ്യത്തെ കവിത. കാമ്പിശ്ശേരി കരുണാകരനായിരുന്നു അന്നു പത്രാധിപർ.

കവിതയാണ് വഴിയെന്നു തിരിച്ചറിയുന്നതെന്നാണ്?

എഴുത്തിനിരുത്താത്ത കുട്ടിയാണ് ഞാൻ. എന്തോ വീട്ടിലാരും അന്ന് അങ്ങനെ ചെയ്തിട്ടില്ല. പിന്നീട് ഞാൻ എത്രയോ കുട്ടികളെ എഴുത്തിനിരുത്തി. അപ്പോഴൊക്കെയും ഇത് ആലോചിച്ചിട്ടുണ്ട്. എൽപി ക്ലാസിൽ ‘അ’ എഴുതിയാണ് തുടക്കം. ‘ഓം’ കുറിച്ചിട്ടില്ല. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ചങ്ങമ്പുഴയുടെ ‘രമണനി’ലെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു. വീട്ടിലെത്തിയാൽ ക്ലാസിൽ അധ്യാപകൻ ചൊല്ലിയതുപോലെ ഈണത്തിൽ നീട്ടി ചൊല്ലും: ‘മലരണിക്കാടുകൾ തിങ്ങിവിങ്ങി.. മരതകകാന്തിയിൽ മുങ്ങിമുങ്ങി.. കരളും മിഴിയും കവർന്നുമിന്നി കറയറ്റൊരാലസൽ ഗ്രാമഭംഗി’ 

ആദ്യം ഹൃദിസ്ഥമാക്കിയത് ചങ്ങമ്പുഴയുടെ ഈ വരികളാണ്. കുറച്ചുകൂടി മുതിർന്നപ്പോഴാണ് കുമാരനാശാനെയും മറ്റു വലിയ കവികളെയും വായിക്കുന്നത്. യുപി ക്ലാസിൽ പഠിക്കുമ്പോഴാണ് വയലാർ തീവ്രാനുരാഗമായി മാറുന്നത്. സ്കൂളിൽ പഠിപ്പിച്ച വേലായുധൻ എന്ന മാഷാണ് എന്നെ കവിതകളുമായി ഏറെ അടുപ്പിക്കുന്നത്. ഒരിക്കൽ നാഷനൽ ലൈബ്രറിയുടെ വാർഷികം നടന്നു. എം.പി. മന്മഥൻ അടക്കം ഒട്ടേറെ പ്രമുഖർ പ്രസംഗിക്കുന്നുണ്ട്. യോഗത്തിൽ എന്റെയൊരു പാട്ടുണ്ട്. പൊതുവേദിയിൽ വച്ച് ഞാൻ ആദ്യമായി പാടുകയാണ്. പറഞ്ഞില്ലല്ലോ.. അന്നു ഞാനൊരു പാട്ടുകാരൻ കുട്ടിയാണ്. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്നൊക്കെ പറയുംപോലെ. 

‘ഗാനം– രാമചന്ദ്രൻ’ എന്നൊക്കെ നോട്ടിസിലുണ്ട്. ‘ആ മഞ്ഞണി മാമലയിൽ നീർമുത്തണി വാടികളിൽ...’ എന്നു തുടങ്ങുന്ന ഗാനമാണു പാടിയത്.. 

Ezhacherry-Ramachandran-1

ഈ പാട്ടിന് ഒരു പ്രത്യേകതയുണ്ട്. ചെറുകാടിന്റെ ‘നമ്മളൊന്ന്’എന്ന നാടകത്തിൽ നിന്നുള്ള പാട്ടാണിത്. വയലാർ എഴുതി എം.എസ്. ബാബുരാജ് സംഗീതം കൊടുത്തത്. വയലാർ ഗാനരചയിതാവായി ആദ്യം രംഗപ്രവേശം ചെയ്യുന്നത് ഈ നാടകത്തിലൂടെയാണ്. അതിലെ ‘വേദന വിങ്ങും കിളിയേ..’ എന്ന പാട്ടാണ് നാടകത്തിനായി ആദ്യം എഴുതുന്നത്. വയലാർ എന്റെ ഗ്രാമത്തിൽ വന്നു പ്രസംഗിച്ചതിന്റെയും ഓർമയുണ്ട്. ‘ആ പ്രസംഗിക്കുന്നത് ആരാണെന്ന് അറിയാമോ?’ മുതിർന്ന ഒരാൾ എന്നോടു ചോദിച്ചു. ഞാൻ ഇല്ലെന്നു പറഞ്ഞു. ‘അതാണ് വയലാർ രാമവർമ !’ പെൻസിൽ പോലെയുള്ള ഒരു മനുഷ്യൻ! അതായിരുന്നു ആദ്യത്തെ കാഴ്ച. 

ലോകത്ത് എവിടെ പോയാലും എനിക്ക് എന്റെ ജന്മനാടാണ് പ്രിയപ്പെട്ടത് എന്നു കവികൾ പറഞ്ഞുകേട്ടിട്ടുണ്ട്. ഏഴാച്ചേരിക്കും അങ്ങിനെ തന്നെയാണോ?

ജനിച്ചുവളർന്ന ഗ്രാമമെന്ന നിലയിൽ ഏഴാച്ചേരിയോട് എല്ലാ കാലത്തും മമതയുണ്ട്. പ്രത്യേകിച്ച് മീനച്ചിൽ താലൂക്കിനോടും ഏഴാച്ചേരി ഉൾപ്പെടുന്ന രാമപുരം പഞ്ചായത്തിനോടും. എന്റെ കുടുംബത്തിൽ കവിതയെഴുത്തിന്റെ പാരമ്പര്യമില്ല. പക്ഷേ നോക്കൂ.. രാമപുരത്തു വാര്യർ ജനിച്ചുവളർന്ന പ്രദേശമാണ് ഏഴാച്ചേരി ഉള്‍പ്പെടുന്ന രാമപുരം. പട്ടിണിയാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നു പരസ്യമായി മലയാള കവിതയിൽ പറഞ്ഞതു രാമപുരത്തു വാര്യർ ആണ്. ജനകീയ കവിതയിൽ കുഞ്ചൻ നമ്പ്യാർക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. പക്ഷേ വിഷയ സ്വീകരണത്തിലും താളാത്മക കവിതയുടെ കാര്യത്തിലും രാമപുരത്തുവാര്യർ കുഞ്ചൻ നമ്പ്യാർക്ക് ഒപ്പമാണ്. രാമപുരത്തു വാര്യരുടെ ആ വഴിയിലൂടെത്തന്നെയാണ് ഞാനും കവിതയിൽ സഞ്ചാരം തുടങ്ങിയത്. ദാരിദ്യ്രം, അസമത്വം എന്നിവയിൽ അസ്വസ്ഥത പൂണ്ട് എഴുതിയ കവിതകളായിരുന്നു ആദ്യകാലത്തേത്. എന്റെ രചനാവഴികളിൽ രാമുപുരത്തു വാര്യരെ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

രാമചന്ദ്രൻ എന്ന പേരിനൊപ്പം ‘ഏഴാച്ചേരി’ വന്നതെങ്ങിനെയാണ്? 

നാടിന്റെ പേര് ഒരു പക്ഷേ ആദ്യമായി പേരിനൊപ്പം ചേർ‍ത്തത് ഞാനായിരിക്കണം. അങ്ങനെ രാമചന്ദ്രൻ ‘ഏഴാച്ചേരി രാമചന്ദ്ര’നായി. ഞാനങ്ങനെ ചെയ്തതുകൊണ്ട് പിൽക്കാലത്ത് തങ്ങൾക്കതിനു സാധിച്ചില്ലല്ലോ എന്നു മറ്റു ചില രാമചന്ദ്രന്മാർ എന്നോടു പറഞ്ഞിട്ടുണ്ട്. ഏഴാച്ചേരി എന്നത് ‘ഏഴകളുടെ ചേരി’യാണ്– ‘പാവങ്ങളുടെ ചേരി’. എന്റെ മുൻഗാമിയും കവിയും ഗാനരചയിതാവുമായ പി. ഭാസ്കരൻ മാഷാണ് ഈ പ്രയോഗം ആദ്യമായി നടത്തിക്കണ്ടത്. ആലപ്പുഴയിൽ ഒരു യോഗത്തിനിടെ ഭാസ്കരൻ മാഷ് എന്നെ പരിചയപ്പെടുത്തിയത് ‘ഏഴകളുടെ ചേരിയായ ഏഴാച്ചേരിയിൽനിന്നു വന്നയാൾ’ എന്നു പറഞ്ഞായിരുന്നു. പിന്നീട് ഇത് ഒ.എൻ.വി കുറുപ്പുസാറും ആവർത്തിച്ചു. 

Ezhacherry-Ramachandran-3

ചരിത്രപ്രാധാന്യമുള്ള ഇടം കൂടിയാണ്..? 

അതെ. ‘ഏഴ് അര ചേരികൾ’ എന്നാണു പറഞ്ഞുകേട്ടിരിക്കുന്നത്. ഏറ്റുമാനൂർ ദേവരുടെ നേരിട്ടുള്ള ഭരണ പ്രദേശമായിരുന്നു ഏഴാച്ചേരി. ഏറ്റുമാനൂർ ദേവർ നേരിട്ടു ഭരിക്കുന്ന ‘ഏഴ് അര ചേരികൾ’ അതാണു പിൽക്കാലത്ത് ഏഴാച്ചേരിയായത്. 

ഞാൻ പഠിച്ച ഗോവിന്ദവിലാസം അപ്പർ പ്രൈമറി സ്കൂളിലേക്ക് വീട്ടിൽനിന്നു നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. പോകുന്ന വഴിയിൽ ഒരിടത്ത് റോഡരികിലായി തേക്കുതടിയിൽ പണിതീർത്ത ഒരു മാളിക കാണാം. അവിടെ വച്ച് കൂട്ടുകാരെല്ലാം ഒത്തുകൂടിയാണ് സ്കൂളിലേക്കു പോയിരുന്നത്. 

മാളിക തുറന്നുകിടക്കുകയാണ്. അകത്തു കയറിനോക്കാം. അതിനകത്ത് ഒരു പീഠത്തിൽ വാളും ചിലമ്പും സൂക്ഷിച്ചിട്ടുണ്ട്. അതിൽ തൊടരുത് എന്നാണ് മുതിർന്നവർ പറഞ്ഞുതന്നിരിക്കുന്നത്. ഏറ്റുമാനൂർ ദേവരുടെ അധീശാവകാശങ്ങളുടെ പ്രതീകമായിട്ടാണ് വാളും ചിലമ്പും വച്ചിരിക്കുന്നത്. 

ഏറ്റുമാനൂരമ്പലത്തിലെ ഉത്സവം പത്തുദിവസമാണ്. ഉത്സവം കൊടിയേറിയാൽ പിന്നെ തീരുന്നതുവരെ ഏഴാച്ചേരിയിൽ ഒരു തരത്തിലുമുള്ള കൃഷിപ്പണികളും നടക്കില്ല. കർഷകർ മണ്ണിൽ ആയുധം തൊടില്ല. ഉത്സവ ആറാട്ട് കഴിഞ്ഞ േശഷമായിരിക്കും പിന്നീട് കാർഷിക വേലകൾ പുനരാരംഭിക്കുന്നത്. 

ക്ഷേത്രത്തിലെ ഉത്സവത്തിൽ കഴിയുന്നതും എല്ലാ ദിവസവും പങ്കെടുക്കുക എന്ന വിശ്വാസവുമുണ്ടായിരുന്നു. രാത്രികളിൽ ഉത്സവം കൂടി ഇരുട്ടിലൂടെ വീട്ടിലേക്കു മടങ്ങുന്ന ഓർമകൾ ഇന്നുമുണ്ട്. ശൈവ സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് ഏഴാച്ചേരിയെന്ന് ഏറ്റുമാനൂർ ക്ഷേത്രവുമായുള്ള ബന്ധത്തിൽനിന്നു മനസ്സിലാക്കാം. ദ്രാവിഡത്തനിമയുടെ പൂർ‍വരൂപമുള്ള പ്രദേശം. തമിഴ്നാട്ടിൽ നിന്നുള്ള ധാരാളം പേർ ഇവിടെ പണ്ടു കച്ചവടത്തിനായി എത്തിയിരുന്നു. അതിനാൽ തമിഴ് സംസ്കാരത്തിന്റെ സ്വാധീനം നാടിനുണ്ടെന്നു ചരിത്രകാരന്മാർ പറഞ്ഞറിയാം. എന്റെ കവിതയിൽ ദ്രാവിഡ ബിംബങ്ങൾ, ദ്രാവിഡ വൃത്തം, ദ്രാവിഡ പദപ്രയോഗങ്ങൾ എന്നിവയുടെ സ്വാധീനം കാണാം. ദ്രാവിഡരുടെ സഞ്ചാരവഴികളിൽ ജനിച്ചതു കൊണ്ടായിരിക്കും ദ്രാവിഡതാളത്തോടുള്ള ഈ താൽപര്യമെന്ന് ഒഎൻവി കുറുപ്പു സാർ പറഞ്ഞിട്ടുണ്ട്. രാമപുരത്തുനിന്ന് ഇടുക്കി വഴി മധുരയിലേക്കു പോകാൻ അക്കാലത്ത് എളുപ്പവഴികളുണ്ടായിരുന്നു. മതപരമായ സൗഹാർദത്തിന്റെ ഭൂമിയായിരുന്നു മീനച്ചിൽ താലൂക്കും ഏഴാച്ചേരി മേഖലയും. അത്തരം സൗഹൃദങ്ങളുടെ ശീതളച്ഛായയിലാണ് വളർന്നത് എന്നതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യം. 

English Summary : Ezhuthuvarthamanangal Column written by T.B. Lal- Talk with Ezhacherry Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com