രതിയുടെ നിത്യവിസ്മയങ്ങളെ അക്ഷരങ്ങളില്‍ ആഘോഷിച്ച ‘സദാചാര വിരുദ്ധന്‍’; ടി ഷര്‍ട്ടുമായി മുറകാമി

Mail This Article
സ്വയം സൃഷ്ടിച്ച രഹസ്യത്തിന്റെയും ദുരൂഹതയുടെയും ദ്വീപില്‍നിന്ന് ഫാഷന്‍ റാംപുകളിലേക്ക് ഒരു എഴുത്തുകാരന്‍. നൊബേല്‍ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍ പലതവണ മുന്നിലെത്തുകയും പുരസ്കാരം ഇതുവരെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്ത ഹാരുകി മുറകാമി. നിരുപാധിക പ്രണയത്തിന്റെ കഥകളിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ജാപ്പനീസ് എഴുത്തുകാരന്‍. നിസ്സീമമായ രതിയുടെ നിത്യവിസ്മയങ്ങളെ അക്ഷരങ്ങളില്‍ ആഘോഷിച്ച ‘സദാചാര വിരുദ്ധന്‍’. സ്വതന്ത്രജീവിതത്തിന്റെ സ്വപ്നലാവണ്യത്തെ ഹൃദയാക്ഷരങ്ങളില്‍ പകര്‍ന്ന അരാജകവാദി. പുസ്തകങ്ങളിലൂടെ പരിചിതനെങ്കിലും സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാതെപോലും ഒന്നും വെളിപ്പെടുത്താതെ ദുരൂഹതയില്‍ ജീവിച്ച അതേ മുറകാമിയാണ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനവുമായി സഹകരിച്ച് തന്റെ ട്രേഡ്മാര്‍ക്കായ ടി ഷര്‍ട്ടുകളുടെ വില്‍പനയ്ക്കിറങ്ങുന്നത്. പുസ്തകങ്ങളെക്കുറിച്ച് മനഃപൂര്‍വം മൗനം പാലിച്ചിട്ടുള്ള അദ്ദേഹം ഇതാദ്യമായി വിശദമായ അഭിമുഖത്തിലൂടെ മനസ്സു തുറക്കുക കൂടിയാണ്; ടി ഷര്‍ട്ടുകളുടെ വില്‍പനയ്ക്കുവേണ്ടി.
ഈ മാസം പകുതിയോടെ മുറകാമി ടി ഷര്‍ട്ടുകള്‍ 8 ഡിസൈനുകളില്‍ പുറത്തിറങ്ങും. എഴുത്തുകാരന് ഏറ്റവും പ്രിയപ്പെട്ട ജീവിതസന്ദര്‍ഭങ്ങളാണ് ഷര്‍ട്ടുകളില്‍ പ്രിന്റ് ചെയ്യുക. പൂച്ച, പക്ഷി, സംഗീത റെക്കോര്‍ഡുകള്‍, മദ്യശാലയില്‍ കാത്തിരിക്കുന്ന ഏകാകികളായ പുരുഷന്‍മാര്‍... ബ്രാന്‍ഡിന്റെ പ്രചാരണത്തിനുവേണ്ടി സംസാരിക്കവെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ‘ആര്‍ഭാടമില്ലാത്ത, ലളിതമായ വസ്ത്രങ്ങളാണ് എനിക്കിഷ്ടം. എത്രമാത്രം ലാളിത്യം നിറഞ്ഞതാണോ അത്രമാത്രം പ്രിയങ്കരം. ജീന്‍സും ടി ഷര്‍ട്ടുമാണ് സ്ഥിരം വേഷം. ഷര്‍ട്ടിനു മുകളില്‍ സ്വെറ്ററും. ഓഫിസ് ജോലി ചെയ്യുന്ന വ്യക്തിയല്ലാത്തതിനാല്‍ ഇഷ്ടപ്പെട്ട ഏതു വേഷവും എപ്പോള്‍ വേണമെങ്കിലും എനിക്കു ധരിക്കാം. എന്നാല്‍ സ്ഥിരം വേഷങ്ങള്‍ തന്നെ എപ്പോഴും തിരഞ്ഞെടുക്കുന്നു. എനിക്കറിയില്ല എന്തുകൊണ്ടെന്ന്’- മുറകാമി പറയുന്നു.

എവിടെപ്പോയാലും എഴുത്തുകാരൻ ഒരു ജോഡി ട്രൗസറുകള്‍ പ്രത്യേകമായി കയ്യില്‍ കരുതാറുണ്ട്. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ഒരിക്കല്‍ ഇറ്റലിയിലെ ഒരു പുരാതന റസ്റ്ററന്റില്‍ എന്നെ പരിചാരിക തടഞ്ഞു. ഷോര്‍ട്സ് അനുവദനീയമല്ലെന്നായിരുന്നു കാരണം. പെട്ടെന്നുതന്നെ കയ്യില്‍ കരുതിയ ട്രൗസറുകള്‍ ഞാന്‍ ഷോര്‍ട്സിനു മുകളില്‍ ധരിച്ചു. റസ്റ്ററന്റില്‍ തടയാനാരുമില്ലാതെ കയറുകയും ചെയ്തു. ഞാന്‍ വസ്ത്രം മാറുന്നതും മറ്റും പരിചാരിക അദ്ഭുതത്തോടെ കണ്ടുനിന്നതല്ലാതെ ഒരു വാക്കു പോലും പറഞ്ഞില്ല.

സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്താത്ത വ്യക്തി എന്ന നിലയില്‍നിന്ന് മാറിയോ എന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ട്. ‘എന്റെ ജീവിതം ഒരുപാട് മാറി. ലോകം അറിയുന്ന ജപ്പാനിലെ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടതുണ്ട്’- മുറകാമി പറയുന്നു.
English Summary : Japanese novelist Haruki Murakami designs new T-shirt line