ADVERTISEMENT

കാസർകോട് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനിച്ച അംബികാസുതൻ മാങ്ങാട് (Ambikasuthan Mangad) കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ മലയാളവിഭാഗം അധ്യക്ഷസ്ഥാനത്തുനിന്ന് 2019 ൽ വിരമിച്ചു. ഇരുപതു ചെറുകഥാ സമാഹാരങ്ങൾ, നാലു നിരൂപണ ഗ്രന്ഥങ്ങൾ, മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ തുടങ്ങിയ നോവലുകൾ ഉൾപ്പെടെ ആകെ അമ്പതോളം പുസ്തകങ്ങൾ, മുപ്പതോളം അവാർഡുകൾ, കയ്യൊപ്പ് സിനിമയുടെ തിരക്കഥാകൃത്ത് ..... എന്ന മട്ടിൽ വെറും സാധാരണമായി എഴുതിപ്പോകാവുന്ന ഒരു ജീവിതമല്ല അംബികാസുതൻ മാങ്ങാടിന്റേത്. മലയാളികൾക്കു പ്രിയപ്പെട്ട ഒരുപിടി പരിസ്ഥിതി കഥകളുടെ (Environmental Literature) സ്രഷ്ടാവായ അദ്ദേഹം പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടി, ഗദ്യം കൊണ്ട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പോരാളിയാണ്. സുഗതകുമാരിയും മറ്റും കവിത കൊണ്ടു തുറന്നിട്ട പോർമുഖത്തിന്റെ ഗദ്യമുഖം. ആ യുദ്ധമുന്നണിയിൽ നിന്നുകൊണ്ട് അംബികാസുതൻ പ്രയോഗിച്ചൊരു മിസൈലാണ് ചിന്നമുണ്ടി (Chinnamundi). 2018ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്ന ഈ കഥ ഉൾപ്പെടെ 10 കഥകൾ ചേർത്ത് ചിന്നമുണ്ടി എന്ന പേരിൽ 2020 ൽ സമാഹാരം പുറത്തുവന്നു. ഈ പുസ്തകത്തിനാണ് അടുത്തിടെ ഒ.വി. വിജയൻ സ്മാരക കഥാപുരസ്‌കാരം ലഭിച്ചത്. 

 

ചിന്നമുണ്ടി ഒരു പ്രതീകമാണ്. കേരളത്തിലെ പച്ചപ്പു നഷ്ടപ്പെടുന്ന മണ്ണിന്റെ പ്രതീകം, മലിനീകരിക്കപ്പെടുകയും നിരന്തരം മാനഭംഗത്തിനിരയാവുകയും ചെയ്യുന്ന പുഴകളുടെ പ്രതീകം, ഈ നാടിന്റെ അനുദിനം ക്ഷയിക്കുന്ന തേജസ്സിന്റെ പ്രതീകം, ഇവിടത്തെ കുറഞ്ഞുകൊണ്ടിരിക്കുന്ന ശുദ്ധവായുവിന്റെ പ്രതീകം, ഈ ഭൂപ്രദേശത്തെ കളങ്കിതമായ ആകാശത്തിന്റെ പ്രതീകം, അനുനിമിഷം പരന്നുകൊണ്ടിരിക്കുന്ന ഇരുട്ടിന്റെ പ്രതീകം. അതേ, ചിന്നമുണ്ടി ഒരു ഓർമപ്പെടുത്തലാണ്. നമ്മുടെ മടിയിൽ തലചായ്ച്ച്, ചലനമറ്റുകിടക്കുന്ന ചില ഭൂതകാല നന്മകളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ.....

kadhayude-vazhi-column-by-ravivarma-thampuran-on-writer-ambikasuthan-mangad-book-chinna-mudi

 

കഥ സംഭവിക്കുന്നത് കേരളത്തിലെ അത്യുത്തരജില്ലയിലാണ്, കാഞ്ഞങ്ങാട്ടെ പൈനാടൻ ചാലിൽ. വളരെയേറെ വ്യത്യസ്തയുള്ളതും നാടിന്റെ ആരോഗ്യത്തിന്റെ സൂചികയെന്നു പറയാവുന്നതുമായ പൈനാടൻ ചാലിന്റെയും ആ പേരിലുള്ള നെൽവിത്തിന്റെയും നാശമാണ് കഥയുടെ പ്രമേയം. വിനായകൻ എന്ന പ്രകൃതിസ്‌നേഹിയായ ഫൊട്ടോഗ്രഫർ പൈനാടൻ ചാലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചുകിടക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കാഴ്ചയിൽ സ്വാഭാവികമരണം ആണെങ്കിലും അത്ര സ്വാഭാവികമെന്നു പറയാനാവില്ല. കാരണം വിനായകൻ പലരുടെയും കണ്ണിലെ കരടായിരുന്നു. പ്രത്യേകിച്ചും, പൈനാടൻ ചാൽ നികത്തി ബൈപാസ് കൊണ്ടുവരാൻ ഉൽസാഹിക്കുന്ന പഞ്ചായത്ത് മെംബറും കരാറുകാരും അടക്കമുള്ള വികസനലോബിയുടെ. വിനായകന്റെ മരണം സംഭവിച്ച പൈനാടൻ ചാൽ ഒരുപാടു ജൈവവൈവിധ്യങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമാണ്. അതിൽപെട്ട ഒരു അത്യപൂർവ സസ്യമാണ് പൈനാടൻ നെൽച്ചെടി. സാധാരണ നെല്ലിനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തം. മണ്ണിന്റെ പരിസ്ഥിതി ആരോഗ്യത്തിന്റെ അടയാളം. 

 

പൈനാടൻ നെല്ല് ഇല്ലാതാവുക എന്നാൽ അവിടത്തെ മറ്റനേകം സസ്യങ്ങളുടെ കൂടി ഇല്ലാതാവലാണ്, അവിടേക്കു വിരുന്നു വരാറുള്ള ചിന്നമുണ്ടി അടക്കമുള്ള അനേകം പക്ഷികളുടെ ഇല്ലാതാവലാണ്, ചാലിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ഇല്ലാതാവലാണ്. മനുഷ്യനു വേണ്ടി എന്നു പറഞ്ഞു നടപ്പാക്കുന്ന വികസനം തദ്ദേശീയരായ മനുഷ്യർക്കു പ്രയോജനപ്പെടുന്നില്ല എങ്കിൽ, അവരുടെ ജീവനു ഭീഷണിയാവുകയാണെങ്കിൽ പിന്നെ ആ വികസനം കൊണ്ട് ആർക്ക്, എന്ത് ഫലം?

 

തൂക്കണാംകുരുവിയുടെ ജീവിതം പകർത്താനാണ് ക്യാമറയുമായി വിനായകൻ പൈനാടൻ ചാലിലേക്കു വന്നത്. അതിനു മുമ്പ് സൈലന്റ് വാലിയിലെ ഓർക്കിഡുകളെക്കുറിച്ച് കുറെയേറെ ചിത്രങ്ങളെടുത്തിട്ടുണ്ട്. കുടജാദ്രിയുടെ താഴ്‌വാരത്തിലെ രാജവെമ്പാലയെക്കുറിച്ച് ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. കാടിന്റെ, വന്യതയിലെ ജീവിസഞ്ചാരങ്ങളുടെ ഒക്കെ എത്രയോ ചിത്രങ്ങൾ....

ഒറ്റയാന്റെ മുന്നിലും രാജവെമ്പാലയുടെ മുന്നിലുമൊക്കെ പേടിയാവില്ലേ?

ഈ ചോദ്യത്തിന് വിനായകന്റെ പുഞ്ചിരി പുരട്ടിയ മറുപടി ഇതാണ്. 

സത്യത്തിൽ എനിക്ക് മനുഷ്യരെ മാത്രമേ പേടിയുള്ളൂ. 

 

മനുഷ്യരാണ് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രു. പ്രകൃതിയെ സ്‌നേഹിക്കുന്ന മനുഷ്യൻ  എന്ന് അവകാശപ്പെടുന്ന ഒരുപാടു പേർ കാണും. പക്ഷേ, യഥാർഥത്തിൽ ആധുനികമനുഷ്യൻ പതിയിരിക്കുകയാണ്, ഇര പിടിക്കാൻ കാത്തിരിക്കുന്ന കടുവയെപ്പോലെ. കിട്ടുന്ന ഏത് ആദ്യ അവസരത്തിലും അവൻ പ്രകൃതിയുടെ മേൽ ചാടിവീഴും. ആ ആക്രമണത്തിന്റെ മൂർച്ച താങ്ങാൻ ചിന്നമുണ്ടിക്കോ പൈനാടൻ നെൽവിത്തിനോ പൈനാടൻ ചാലിനോ വിനായകൻ എന്ന മനുഷ്യനോ ഒന്നും ആവില്ല. 

 

ഹൃദയസ്പൃക്കായ ഒരു അന്ത്യമാണ് അംബികാസുതൻ കഥയ്ക്കു കൊടുത്തിരിക്കുന്നത്. പൈനാടൻ ചാലിൽ വച്ച് കഥാകൃത്തിനോടു സൗഹൃദത്തിലായ ചിന്നമുണ്ടി അയാളോടു പലതും കൊക്കരിക്കുന്നുണ്ട്. കൃത്യമായി മനസ്സിലായില്ലെങ്കിലും പലതും അയാൾ ഊഹിച്ചു. പിന്നീടുള്ള ചില സന്ദർശനങ്ങളിൽ കാണാനാഗ്രഹിച്ചിട്ടും കാണാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ചാലിന്റെ നാശം തുടങ്ങിയിരുന്നു, പൈനാടൻ വിത്തിന്റെയും. ചാലിന്റെ സർവനാശം ഉറപ്പായ ആ അവസാനയാത്രയിലാണ് പിന്നീട് ചിന്നമുണ്ടിയെ കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ച ഇങ്ങനെ.

 

നാലടി എന്ന അകലം കടന്ന് എന്നെ അമ്പരപ്പിച്ച് ചിന്നമുണ്ടി അടുത്തേക്കു വരികയാണ്. സ്‌നേഹത്തോടെ ഞാൻ കൈ നീട്ടി ചിന്നമുണ്ടിയുടെ തലയിൽ തഴുകാൻ തുടങ്ങി. അന്നേരം ചിന്നമുണ്ടി എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ചിന്നമുണ്ടിയുടെ മിഴികളിൽ വിഷാദം തുളുമ്പി നിന്നിരുന്നു.

ചിന്നമുണ്ടി എന്റെ മടിയിലേക്ക് ചാഞ്ഞുകിടന്നു. അതിന്റെ പട്ടുപോലെ മിനുത്ത ഉടലിൽ തടവിക്കൊണ്ടിരിക്കേ പക്ഷി ഉറക്കത്തിലാണ്ടു.

ഇരുട്ട് വ്യാപിക്കുകയാണ്.

നോക്കിയിരിക്കേ കാഞ്ഞിരത്തിന്റെ ഇലകളെല്ലാം കറുത്തു. പൈനാടൻ പച്ചപ്പുകളും കറുത്തിരുണ്ടു. നെൽച്ചെടിയും ചിന്നമുണ്ടിയും ഞാനും കരിക്കട്ടപോലെ കറുത്തു. 

കുലുക്കിവിളിച്ചിട്ടും ചിന്നമുണ്ടി ഉണരുന്നില്ല. എന്റെ ഒച്ച കരഞ്ഞു. 

ഉറങ്ങല്ലേ ചിന്നമുണ്ടീ...

ചിന്നമുണ്ടി വിളി കേട്ടില്ല. എനിക്കു ബോധ്യമായി, ചിന്നമുണ്ടി ഉണരാത്ത ഉറക്കത്തിലാണ്.

ചുറ്റും നോക്കി ഞാൻ. എങ്ങും ഇരുട്ടാണ്.

ഇരുട്ടു മാത്രം.

കഥയെഴുതാനുണ്ടായ പശ്ചാത്തലം അംബികാസുതൻ മാങ്ങാട് വിവരിക്കുന്നു.

 

തെയ്യം എന്നാൽ ദൈവം തന്നെ. നൂറുകണക്കിന് തെയ്യങ്ങളുണ്ട് ഞങ്ങളുടെ നാട്ടിൽ, കൺകണ്ടു നിറയാൻ. അതിൽ ഒരു തെയ്യമാണ് പൊട്ടൻ തെയ്യം. പൊട്ടൻ എന്ന വാക്കിന് മണ്ടൻ എന്നർഥം. വാക്കിന് ഊക്കു പോരെന്നു കാണുമ്പോൾ ചിലരെ വിശേഷിപ്പിക്കാൻ മരപ്പൊട്ടനും മരമണ്ടനും വേണ്ടി വരും. അരങ്ങിൽവന്ന് പൊട്ടത്തരങ്ങൾ വിളിച്ചു പറയുകയും പൊട്ടത്തരങ്ങൾ കാട്ടിക്കൂട്ടുകയും ചെയ്യുന്ന വേറിട്ട തെയ്യമാണ് പൊട്ടൻ. പക്ഷേ ആ പൊട്ടത്തരങ്ങൾക്കെല്ലാം പൊരുളെട്ടാണ്. നാനൂറിലും കുറെയധികം തെയ്യങ്ങളുണ്ടെങ്കിലും പൊട്ടൻതെയ്യത്തിന്റേതുപോലെ ഉജ്വലമായ മറ്റൊരു തോറ്റംപാട്ട് വേറെ കേട്ടിട്ടില്ല. അത്രയും മൂർച്ചയുള്ള അടിയാളവിമോചനദൈവശാസ്ത്രത്തിന്റെ പാട്ട് വേറെ ഉണ്ടായിട്ടില്ല. ജാതി വിവേചനത്തിന്റെ നൃശംസതകൾക്കെതിരെ, പുലയനായിരുന്ന ഈ പൊട്ടനെപ്പോലെ മറ്റാരും കലമ്പിയിട്ടില്ല. ഗുരുദേവനും എത്രയോ നൂറ്റാണ്ട് മുമ്പാണ് ഊ മഹാവിപ്ലവം അരങ്ങേറിയത് എന്നുകൂടി സ്മരിക്കണം. ഈ പൊട്ടന്റെ തോറ്റത്തിൽ നിന്നാണ് എനിക്ക് ചിന്നമുണ്ടി എന്ന കഥയുടെ വിത്ത് കിട്ടിയത്. പൈനാടൻ നെല്ല് കതിരിട്ട വയലുകളുടെ വരമ്പിൽ ചാളപ്പക്ഷികളെ ഓടിക്കുന്ന പണിചെയ്യുന്ന പുലപ്പൊട്ടനെതിരെ സാക്ഷാൽ ശങ്കരാചാര്യർ നടന്നുവരികയാണ്. മേലാളൻ വരുമ്പോൾ വഴിയരികിൽ പോലും കാണാൻ പാടില്ലാത്ത പുലയനെ കണ്ട് വെറുപ്പോടെ, തിരി തിരി വഴി തിരി കള്ളപ്പുലയ എന്ന് ആചാര്യൻ ആക്രോശിക്കുന്നു. വഴി മാറാതെ നിന്ന് പുലയൻ പറഞ്ഞു. 

 

ഉക്കല് കുട്ടീണ്ട് തലയില് കള്ള്ണ്ട് 

ഇപ്പുറം മുള്ള്ണ്ട് അപ്പുറം കാട്ണ്ട് 

പിന്നെപ്പുറം നാങ്കള് വഴി തിരിയണ്ട്..

kadhayude-vazhi-ambikasuthan-mangad
അംബികാസുതൻ മാങ്ങാട്

പിന്നെ തർക്കത്തോടു തർക്കമായി. ശങ്കരാചാര്യർ ഉയർത്തിയ അദ്വൈതവടി കൊണ്ടു തന്നെ പുലയൻ തിരിച്ചടിച്ചു. ജാതിവിവേചനത്തിന്റെ പൊള്ളത്തരത്തെ നിരവധി ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാണിച്ചുകൊണ്ട്, തീണ്ടിക്കൊണ്ടല്ലേ കുലമ്പിശകുന്നത് എന്നു ചോദിച്ചുകൊണ്ട് പൊട്ടൻ ഒരു ബ്രഹ്‌മാസ്ത്രം തന്നെ പ്രയോഗിക്കുന്നു. 

നാങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ

നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര...

 

നീണ്ടു പോയ സംവാദത്തിനൊടുവിൽ എന്തു സംഭവിച്ചു എന്നല്ലേ? സർവജ്ഞപീഠം കയറിയ ആ ബ്രാഹ്‌മണോത്തമൻ ചളിയിൽ പുതഞ്ഞുനിന്ന ആ പുലപ്പൊട്ടനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. ഈ സംവാദരൂപമായ തോറ്റംപാട്ടിലൊരിടത്ത്,

പയനാടോൻ പയനാടോൻ പുഞ്ചവിതച്ചു

വിത്ത് ഇടവേണ്ട, വളമിടവേണ്ട

താനേവിളയും ആ പയനാടൻ പുഞ്ച

എന്ന വരികളാണ് ഒരിക്കൽ എന്നെ ചിന്താഭ്രമക്കാരനാക്കിയത്. 

 

പൊട്ടൻ കാവലിരുന്ന നെല്ലാണ്. അന്നേരം പയനാടൻ ചാലിന്റെ കാര്യം ഓർമ്മ വന്നു. മരക്കാപ്പിലെ തെയ്യങ്ങൾ (2003) എന്ന നോവൽ എഴുതാൻ തയ്യാറെടുക്കുന്ന കാലത്താണ് ഞാൻ ആദ്യമായി നീലേശ്വരത്തെ, തൈക്കടപ്പുറത്തെ മരക്കാപ്പ് ദേശത്തത്തെത്തുന്നത്. അപ്പോഴും, പിന്നീട് നീരാളിയൻ എഴുതുമ്പോഴും ഒക്കെ എത്രയോവട്ടം പൈനാടൻ ചാലിലൂടെ നടന്നിട്ടുണ്ട്. പണ്ട് കാലത്ത് നീലേശ്വരം മുതൽ കാഞ്ഞങ്ങാട് വരെയുള്ള സ്ഥലത്തിന്റെ തീരപ്രദേശത്ത് ഉണ്ടായിരുന്ന ആവി ( ജലം കെട്ടിക്കിടക്കുന്ന സ്ഥലം) യിൽ പൈനാടൻ നെല്ല് കൃഷി ചെയ്തിരുന്നു. ആവികൾ ഇല്ലാതായതോടെ, വയലുകളും തണ്ണീർത്തടങ്ങളും നികത്തിയതോടെ, നെൽകൃഷി അന്യമായി.

പൈനാടൻ നെല്ല് അദ്ഭുതനെല്ലാണ്. സാധാരണ നെല്ലിനങ്ങൾക്ക് മൂന്നുനാലു മാസത്തെ വിളവെടുപ്പ് കാലമാണുള്ളതെങ്കിൽ പൈനാടൻ നെല്ലിന് പത്തു മാസമാണ്. ഒരു ഗർഭസ്ഥശിശുവിന്റെ കാലയളവ്. മറ്റൊരു അദ്ഭുതം, സാധാരണ നെല്ലിനങ്ങൾ വെള്ളം കയറിയാൽ ചീഞ്ഞുപോകുമെങ്കിലും ഈ നെല്ല് വെള്ളം കയറുന്നതിനനുസരിച്ച് നെഞ്ചുയർത്തി വളർന്നു നിൽക്കും. (ആചാര്യർക്കു മുമ്പിൽ നെഞ്ചുവിരിച്ചു നിന്ന ആ പുലയനെപ്പോലെ..). ചീയില്ല. ചിലപ്പോൾ 10 അടി വരെയൊക്കെ വളർന്നു കളയും. അതിജീവനത്തിന്റെ മഹാദ്ഭുതം എന്നല്ലാതെ എന്തു പറയാൻ.

അന്വേഷിച്ചപ്പോൾ പൈനാടൻ നെല്ല് ആരും കൃഷി ചെയ്യുന്നില്ല എന്ന് അറിവായി. മരക്കാപ്പിലെ എന്റെ മിത്രങ്ങളായ പ്രവീൺകുമാർ, പി.വി.സുധീർകുമാർ എന്നിവരുടെ സഹായത്തോടെ, പൈനാടൻ ചാലിന്റെ കരയിൽ താമസിക്കുന്ന കുറെ കർഷകരെ ഞാൻ ചെന്നുകണ്ടു. പൈനാടന്റെ വിത്ത് സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ. അത് വീണ്ടെടുക്കാനുള്ള മോഹം ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ, ആരും സൂക്ഷിച്ചിട്ടില്ല എന്ന ഞെട്ടിക്കുന്ന സത്യം ഞങ്ങൾ അറിഞ്ഞു. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട നെല്ലായിരുന്നു എന്ന് ഒരു കർഷകൻ പറഞ്ഞു. പൊലയുണ്ടത്രേ. ഗർഭസ്ഥശിശുവിന്റെ കാലയളവ് ആയതുകൊണ്ടാവും പുല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എനിക്ക് അന്നേരം തോന്നി അതിനേക്കാളും, പുലയൻ കാത്ത നെല്ലായതുകൊണ്ടാവും ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടത്. ആ ചിന്ത എന്റെ ഉള്ളിൽ കോറി ചോര പൊടിച്ചു.

 ഞാന്തന്ന തോണി കടന്നില്ലേ ചൊവ്വറ് 

തോണിക്കകത്ത് നീർ കണ്ടില്ലേ ചൊവ്വറ് 

ഞാന്തന്ന തേങ്ങയുടച്ചില്ലേ ചൊവ്വറ്

തേങ്ങയ്ക്കകത്ത് നീർ കണ്ടില്ലേ ചൊവ്വറ്

literature-kadhayude-vazhi-column-by-ravivarma-thampuran-on-writer-ambikasuthan-mangad
അംബികാസുതൻ മാങ്ങാട്

നാങ്കളെ കുപ്പയിൽ നട്ടൊരു തൃത്താ-

പ്പൂവല്ലേ നീങ്കളെ തേവന് മാല 

നാങ്കളെ കുപ്പയില് നട്ടൊര് വാഴ-

പ്പഴമല്ലേ നീങ്കള് തേവന് പൂജ

എന്നൊക്കെ ചോദ്യശരങ്ങൾ തൊടുത്ത പൊട്ടൻ കാവലിരുന്ന നെല്ലിനാണ് ഈ ഗതി. 

 

ഓരോ കർഷകനെയും കണ്ടിറങ്ങുമ്പോൾ നിരാശ വല്ലാതെ കൂടി. നാലഞ്ചു വർഷം മുമ്പു വരെ പൈനാടൻ കൃഷി ചെയ്ത ആ കർഷകനെയും കണ്ടുമുട്ടി. പക്ഷേ, വിത്ത് സൂക്ഷിച്ചിട്ടില്ല. ഈ ചാലിന്റെ കരയിലാണ് ദശകങ്ങളായി കാർഷിക സർവകലാശാല പ്രവർത്തിക്കുന്നത്. പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്ന അവർക്കും കണ്ടെത്താനായില്ല, എടുത്ത് സൂക്ഷിക്കാനായില്ല, ജീവിതത്തിന്റെ പാഠപുസ്തകത്തിലെ ഈ മഹാദ്ഭുതം.

 

ഒരു ദിവസം നിരാശനായി വയൽ വരമ്പിലൂടെ നടക്കുമ്പോൾ ഒരു വിസ്മയാനുഭവമുണ്ടായി. പ്രവീൺകുമാറും മകൾ സെഹ്‌റയും മറ്റൊരു വരമ്പിലായിരുന്നു. ഇരുവരും കഥയിലെ കഥാപാത്രങ്ങളാണ്. പ്രവീൺ മുമ്പ് എന്റെ വിദ്യാർഥിയായിരുന്നു, കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ. 2018 ൽ ഈ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതിനു തൊട്ടടുത്തവർഷം സെഹ്‌റയും നെഹ്‌റുവിൽവന്ന് എന്റെ വിദ്യാർഥിയായി. പിന്നിലൊരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ഒരു കൊച്ച (കൊക്ക്, ചിന്നമുണ്ടി) പറന്നിറങ്ങിയതാണ്. അത് എന്നോട് എന്തോ കൊക്കരിച്ചു. ഞാൻ നടക്കുമ്പോൾ അത് പിന്നാലെ വന്നു. ഞാൻ നിൽക്കുമ്പോൾ അതു നിന്നു. രണ്ടുമൂന്നു തവണ ആയപ്പോൾ ഞാൻ ചോദിച്ചു. നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ?

കൊക്ക് എന്തോ കൊക്കരിച്ചു. 

എനിക്കൊന്നും മനസ്സിലായില്ല. ഒരു ജീവിയുടെ പോലും ഭാഷ തിരിച്ചറിയാൻ കഴിയില്ലല്ലോ എന്ന ചിന്തയാൽ എനിക്ക് ലജ്ജ തോന്നി. എന്തായാലും ആ പക്ഷി എന്നോട് എന്തോ പറഞ്ഞു എന്തായിരിക്കാം അത്? ആ ചോദ്യം ഒരു അസ്വാസ്ഥ്യമായി എന്റെ ഉള്ളിൽ പുകഞ്ഞു.... ആ അസ്വസ്ഥതയാണ് ഒടുവിൽ ചിന്നമുണ്ടി എന്ന കഥയായി പിറന്നത്.

ആ കൊക്കനുഭവം സംഭവിച്ചില്ലായിരുന്നെങ്കിൽ ഈ കഥ എഴുതപ്പെടുമായിരുന്നില്ല. 

പരിസ്ഥിതി കഥകൾ ഞാൻ കുറേ എഴുതിയിട്ടുണ്ട്. കുന്നുകൾ, പുഴകൾ, ആനത്താര എന്നീ പരിസ്ഥിതി കഥകളുടെ സമാഹാരങ്ങൾ എന്റേതായി ഇറങ്ങിയിട്ടുണ്ട്. പ്രാണവായു എന്ന പേരിൽ എന്റെ തിരഞ്ഞെടുത്ത പരിസ്ഥിതികഥകൾ ഉടനെ പുറത്തിറങ്ങും. 

 

എന്നാൽ ചിന്നമുണ്ടി എന്ന കഥ പുതിയ ഒരു പരിസ്ഥിതി പ്രശ്‌നമാണ് മുന്നോട്ടു വച്ചത്, പൊട്ടൻ തെയ്യം കഥയിൽ നിറഞ്ഞുനിൽപുണ്ടെങ്കിലും. നമ്മുടെ സ്വാഭാവിക ജൈവ പ്രകൃതിയിലേക്ക് അധിനിവേശ സസ്യങ്ങളും ജീവിവർഗങ്ങളും കടന്നുകയറി സൃഷ്ടിക്കുന്ന വലിയ വിപത്തുകളെക്കുറിച്ചാണ് ഈ കഥ സംസാരിക്കുന്നത്. അധിനിവേശ വർഗങ്ങൾ അനേകം കോടികളുടെ നഷ്ടമുണ്ടാക്കുന്നതിന്റെ കണക്ക് ഈ അടുത്ത കാലത്ത് പത്രത്തിൽ വായിച്ചപ്പോൾ എന്റെ കഥയ്ക്ക് കൂടുതൽ പ്രസക്തി ഉണ്ടല്ലോ എന്ന് തോന്നിപ്പോയി. 

 

ഇതേ പൈനാടൻ ചാലിൽ വച്ചാണ് ചിന്നമുണ്ടി പുസ്തകത്തിന്റെ പ്രകാശനവും നടന്നത്. പൊട്ടൻ തെയ്യം കെട്ടിയാടാറുള്ള തെയ്യക്കാരനായ രാമൻ പണിക്കരാണ് പൊട്ടൻതെയ്യത്തിന്റെ തോറ്റം പാടിക്കൊണ്ട് കഥാഭൂമികയിൽ വച്ച്, കഥയിലുള്ളതുപോലെ ഒരു കുതിരിന്മേൽ വച്ച് പ്രകാശനം ചെയ്തത്. കഥാപാത്രങ്ങൾ കൂടിയായ പ്രവീണും സെഹ്‌റയും പുസ്തകം ഏറ്റുവാങ്ങി. ഇതേക്കാൾ ഭംഗിയായി ഒരു പുസ്തകം പ്രകാശനം ചെയ്യാനാവില്ലല്ലോ എന്ന് വിചാരിക്കുമ്പോൾത്തന്നെ ഞാൻ ചുറ്റും വിഷാദത്തോടെ നോക്കിക്കൊണ്ടിരുന്നു. ചിന്നമുണ്ടി പറന്നു വരുമോ ഈ പ്രകാശനം കാണാൻ? വരുമെന്നു തന്നെ ഞാൻ പ്രതീക്ഷിച്ചു. മീറ്റിങ് അവസാനിക്കുന്നതുവരെ ഞാൻ ചിന്നമുണ്ടിയെ കാത്തിരുന്നു. പക്ഷേ വന്നില്ല. ചുറ്റും സങ്കടത്തിന്റെ ഇരുട്ട് പരക്കുന്നുണ്ടായിരുന്നു.

 

Content Summary: Kadhayude Vazhi, column by Ravivarma Thampuran on writer Ambikasuthan Mangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com