ADVERTISEMENT

പറഞ്ഞുകേട്ടതു വച്ചു കണക്കുകൂട്ടി നോക്കിയാൽ ഏറെക്കുറെ ഒരു അറുപത് കൊല്ലം മുൻപാണ്. മാമിക്കുട്ടിയുടെ ഒൻപത് മക്കളിൽ എത്രപേർ അന്നുണ്ടായിട്ടുണ്ടെന്ന് അറിയില്ല. കേട്ടകഥയിലെ ഒരു കഥാപാത്രമായി എന്റെ അപ്പനുണ്ടായിരുന്നതിനാൽ ഒന്നുറപ്പിക്കാം, അപ്പനു മുൻപുള്ള രണ്ടും അതിനു ശേഷമുള്ള ഒന്നും അങ്ങനെ നാലു പേരുണ്ടായിരുന്നിരിക്കണം. തമ്മിൽ തമ്മിൽ അത്രയ്ക്കൊന്നും പ്രായ വ്യത്യാസമില്ലാത്ത ചിരട്ടയും നാഴിയും പോലെ നാലു പിള്ളേര്. അതിലേറ്റവും ‘കുരുത്തക്കേടി’നെ കട്ടിലിന്റെ കാലിൽ ചേർത്ത് കെട്ടിയിട്ട് ബാക്കിയുള്ളവരെ നോക്കാനുമേൽപ്പിച്ച് മാമി നടന്നു... നത്തുകല്ലുമുതൽ കട്ടപ്പന വരെ... കുടിയേറ്റനാളുകളിലെ പട്ടിണിക്കാലത്തിൽ, അതിജീവനത്തിനുള്ള ഒരു കുടുംബസ്ഥയുടെ സാഹിസിക യാത്രയാണു പറഞ്ഞുവരുന്നതെന്ന് തോന്നിയെങ്കിൽ തെറ്റി... നമ്മുടെ കഥനായിക പോയത് കട്ടപ്പന തിയറ്ററിലേയ്ക്കായിരുന്നു... സിനിമ കാണാൻ...

 

മുകൾ പറഞ്ഞ കഥയിലെത്ര സത്യമുണ്ടന്ന് അറിയില്ല. പക്ഷേ മക്കളെ കെട്ടിയിട്ട് സിനിമ കാണാൻ പോയ കഥാനായിക മാമി എന്റെ വല്ല്യമ്മയായിരുന്നു. ‘താഴെയമ്മ’ എന്നു ഞാൻ വിളിച്ചിരുന്ന അപ്പന്റെ അമ്മ. കളിയായി പറഞ്ഞുകേട്ട കഥയിലെ സത്യമെത്ര, കഥപറഞ്ഞവർ കൂട്ടിച്ചേർത്തതെത്ര എന്നു ചികയാൻ എനിക്കു തോന്നിയിട്ടേയില്ല. കാരണം ആ കഥ എനിക്ക് ഇഷ്ടമായിരുന്നു. ആ മാമിയേയും. 

 

അങ്ങനെയൊക്കെ ചെയ്യുമോ എന്നു സംശയിക്കാന്‍ പാകത്തിലുള്ള ഒരു സ്വഭാവ സവിശേഷതയും അവരിൽ ഇല്ലായിരുന്നു. എന്തിനും ഇറങ്ങിപ്പുറപ്പെടാൻ തന്റേടമുള്ള ഒരു സ്ത്രീയായിരുന്നു അവർ. പിന്നീട് ഒരുപാട് സിനിമകൾ ഞങ്ങളൊന്നിച്ചു കണ്ടിട്ടുണ്ട്. ഞായറാഴ്ച, നാലുമണിക്കു മുൻപേ കുളിച്ചൊരുങ്ങി ചൈനീസ് വിശറിയുടെ ഞൊറിപോലെ അടുക്കിട്ട മുണ്ടുടുത്ത് അടുത്തവീട്ടിലെ ടിവിയ്ക്കു മുൻപിലിരിക്കുന്ന മാമിക്കുട്ടിയുടെ അടുത്ത കസേരയിൽ ഞാനുമുണ്ടായിരുന്നു. അവധി ദിവസങ്ങളിൽ 11 മണിയുടെയും നാലുമണിയുടെയും സിനിമകൾ ഞങ്ങൾ കണ്ടു. ഇന്ത്യയുടെ ക്രിക്കറ്റ് മാച്ചുള്ള ദിവസങ്ങളിൽ ഞങ്ങൾ രണ്ടു പേരുടെയും മുഖം കറുത്തു. 

 

താഴെയമ്മയുടെ വെള്ളച്ചട്ടയിലോ നഖത്തിനിടയിലോ ഒരിക്കലും കരിപുരണ്ട് ഞാൻ കണ്ടിട്ടില്ല. വീട്ടിൽ പോലും ഏറ്റവും ഭംഗിയിൽ അണിഞ്ഞൊരുങ്ങി നടന്ന, തന്റേടിയും തന്നിഷ്ടക്കാരിയുമായിരുന്ന സ്ത്രീ. ജീവിതത്തിൽ ഞാൻ ഏറ്റവും ആദ്യം അടുത്തുകണ്ട മരണവും താഴെയമ്മയുടേതായിരുന്നു. മരണത്തിന്റെ തീവ്രതയെന്തെന്നു ഞാൻ തിരിച്ചറിഞ്ഞു തുടങ്ങുന്നതിനു മുൻപേ അവർ തിരിച്ചുപോയി. ‘ച്ചേടത്തിയെ’ യാത്രയാക്കാൻ നാട്ടുകാർ വീടുനുമുൻപിൽ തടിച്ചുകൂടിയപ്പോൾ ചവിട്ടിമറിഞ്ഞുപോയ ചെടികളെ കുറിച്ചു മാത്രം അന്നു ഞാൻ ആകുലപ്പെട്ടു... 

 

********    ********    *********

 

തേഞ്ഞുതീർന്ന നഖങ്ങൾക്കിടയില്‍ ചന്ദ്രക്കലപോലെ കരിക്കലത്തിന്റെ അടയാളമുള്ളവളാണ് അടുത്ത സ്ത്രീ. ഏഴു വർഷം അവരെന്നെ സ്വപ്നങ്ങളിലെ ഗർഭത്തിൽ പേറി. പിന്നെ ഒൻപതു മാസം ഉദരത്തിലെ ഗർഭത്തിൽ. ശേഷം ഇന്നുവരെയും അവരുടെ നെഞ്ചിലെ ഗർഭമാണു ഞാൻ. അവരൊരു സാധാരണ സ്ത്രീയായിരുന്നു. തനിക്കായി മുറിച്ചു കിട്ടിയതൊക്കെയും മക്കൾക്കായി പൊതിഞ്ഞു സൂക്ഷിച്ച അമ്മ. എന്നിട്ടും കഴുകാതെ കിടക്കുന്ന പാത്രങ്ങളെക്കുറിച്ച്, അലക്കാനായി കുന്നുകൂടിയ തുണികളെക്കുറിച്ച്, സ്ഥാനം തെറ്റി നിരന്നു തുടങ്ങിയ വീട്ടുസാധനങ്ങളെക്കുറിച്ച് അവര് അധികമൊന്നും ആകുലപ്പെട്ടു ഞാൻ കണ്ടിട്ടില്ല. 

 

ഒരു കിലോ മാവ് പൊടി വാങ്ങാൻ 12 രൂപ മേശവലിപ്പിലില്ലെന്നുറപ്പുള്ള രാത്രികളിലല്ലാതെ പിറ്റേന്ന് രാവിലെ എന്തുണ്ടാക്കണമെന്ന് ചിന്തിച്ച് ഉറക്കവും കളഞ്ഞിട്ടില്ല (മൈദമാവിൽ തേങ്ങ ചുരണ്ടിയിട്ട് വെള്ളമൊഴിച്ച് കുഴച്ച് ദോശക്കല്ലിൽ പരത്തി ചുട്ടെടുക്കുന്ന അടയായിരുന്നു അന്നത്തെ ഏറ്റവും സ്വാധിഷ്ഠമായ പ്രഭാതഭക്ഷണം) അടുക്കളപ്പണികളെയൊക്കെയും അവിടെ വിട്ട് അമ്മ പറമ്പിലേക്ക് ഇറങ്ങി. പശുവിനെയും ആടിനെയും കോഴിയേയും വളർത്തി കിട്ടുന്ന കാശ് സ്വരുക്കൂട്ടി. 

 

പൊക്കിൾകൊടി മുറിയുന്നതിനും മുന്‍പെന്നപോലെ ഞങ്ങള്‍ ചില നേരങ്ങളിൽ ഒന്നാവുകയും മറ്റുചിലപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഉള്ളുപോറും വിധം നോവിക്കുകയും ചെയ്തു. അടുക്കളയിൽ കയാറാത്ത, സന്ധ്യയ്ക്കു മുൻപ് വീട്ടിലെത്താത്ത, പലനാട്ടിലേയ്ക്ക് ഒറ്റയ്ക്കു പോകേണ്ടി വന്ന മകളെ ഓർത്ത്, സ്വന്തം തീരുമാനങ്ങളിൽനിന്ന് അണുകവിട മാറാൻ തയാറാകാത്ത, ദുർവാശിക്കാരിയായ മകളെ ഓർത്ത് അമ്മ നീറി... ഒരായിരം ഓർമകളിൽനിന്ന് ഒരു രാത്രി മാത്രം എഴുതാം...

 

​അന്ന് എന്റെ കല്യാണത്തിന്റെ തലേദിവസമായിരുന്നു. അമ്മ എന്നെ കെട്ടിപ്പിടിച്ചു കിടക്കുവായിരുന്നു. സാധാരണ രീതിയിൽ അമ്മ കരയേണ്ടതായിരുന്നു. പക്ഷേ അന്ന് അമ്മ കരഞ്ഞില്ല. വിവാഹം കഴിഞ്ഞ അന്നുമുതൽ ആ രാത്രി വരെയുമുള്ള സ്വന്തം ജീവിതത്തെ മുഴവൻ ദീർഘനിശ്വാസത്തിലൊതുക്കി അമ്മ പറഞ്ഞു:

 

‘നിന്നെ കെട്ടിച്ചുവിടാൻ എനിക്കൊരു ടെൻഷനുമില്ലെടീ...’ 

 

ഞാൻ ഞെട്ടി, വീട്ടുകാര്യങ്ങളൊക്കെ പോട്ടെ... സ്വന്തം കാര്യം പോലും നോക്കാത്ത എന്നെക്കുറിച്ചു തന്നെയോ...!

 

‘എനിക്കറിയാം ഞാനുഭവിച്ച പോലെ, പല പെണ്ണുങ്ങളും അനുഭവിച്ച പോലെ നീയൊന്നും അനുഭവിക്കേണ്ടി വരില്ലെന്ന്, അതിനൊക്കെ മുൻപേ നീ ഇറങ്ങിപ്പോരുമെന്ന്....’

 

വീണ്ടും ഞാൻ ഞെട്ടി... ബന്ധങ്ങൾ ബന്ധനമാകാൻ തുടങ്ങുന്നിടത്തുനിന്നും ഇറങ്ങി നടക്കുന്നതാണ് നല്ലതെന്നും, എല്ലാത്തിനോടും സമരസപ്പെട്ടു പോകേണ്ടതല്ല പെണ്ണിന്റെ ജീവിതമെന്നും, കലഹിക്കേണ്ടിടത്തു കലഹിച്ചു തന്നെ മുന്നോട്ട് പോകണമെന്നും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോൾ മാത്രമായിരുന്നു.

 

********    ********    *********

 

ഓർമ ശരിയാണെങ്കിൽ അന്നെന്റെ പതിമൂന്നാം (അതോ, പതിനാലോ...) പിറന്നാളായിരുന്നു. അന്നു രാവിലെയാണ് കാലിലൂടൊലിച്ചിറങ്ങിയ രണ്ടു ചോരത്തുള്ളികളെ ഉള്ളം കൈകൊണ്ടു തൂത്ത് പടർത്തി അമ്മേയെന്ന് വിളിച്ച് അടുക്കളയിലേക്ക് ഓടിയത്. പിന്നെ അമ്മ പറഞ്ഞതൊന്നും കേൾക്കാനെനിക്ക് തീരെ താൽപര്യമില്ലായിരുന്നു. ‘അതുവരെയുള്ള എന്റെ സ്വാതന്ത്ര്യങ്ങൾക്ക് തടസ്സം നിൽക്കുന്നതെന്തായാലും എനിക്കു വേണ്ട... അത്രതന്നെ, അതിനി ലോകം മുഴുവനുള്ള എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതാണെങ്കിലും.’ അതായിരുന്നു എന്റെ നിലപാട്

 

‘ആദ്യമായി പെൺകുട്ടിയാവുന്ന ദിവസം എല്ലാവരും ആഘോഷിക്കുന്നതാണ്...’ അമ്മ പറഞ്ഞു..

 

ഞാൻ അമ്മയെ രൂക്ഷമായൊന്നു നോക്കി... നിങ്ങളീ പറഞ്ഞ ‘പെൺകുട്ടിയാകൽ’ തന്നെ എനിക്കത്ര ഇഷ്ടപ്പെട്ടിട്ടില്ല. പിന്നെയല്ലേ ആഘോഷം. മനസ്സിൽ ഞാൻ പറഞ്ഞത് അമ്മ കേട്ടിട്ടോ എന്തോ, അമ്മയത് ആരോടും പറഞ്ഞില്ല (ഇനി പറഞ്ഞെങ്കിൽ തന്നെ അറിഞ്ഞതായി ആരും ഭാവിച്ചില്ല). സന്ധ്യയ്ക്ക് പുറത്തിറങ്ങരുത്, അച്ചാറുഭരണി തൊടരുത്, ചെടികളുടെ ഇലകൾ നുള്ളരുത്, ഒന്നും നട്ടു വയ്ക്കരുത്... വിലക്കുകളോരോന്ന് വന്നു തുടങ്ങി. പുഴുങ്ങിയലക്കിയുണക്കിയ പഴംതുണിമണത്തോടെ ആ ദിവസങ്ങൾ കടന്നു പോയി. പിന്നെ കുറച്ചു മാസത്തേക്ക് ശല്യമായി ആ ദിവസങ്ങളെത്തിയുമില്ല (ആദ്യ ആർത്തവങ്ങൾ ക്രമമായി എത്തണമെന്നില്ല.) 

 

പിന്നീട് ആ ചുവന്ന ദിനങ്ങളെത്തിയപ്പോഴൊക്കെ അമ്മ പോലുമറിയാതെ അതീവ രഹസ്യമായി ഞാൻ സൂക്ഷിച്ചു. തുണിയലക്കി ഉണങ്ങുന്നത് അമ്മ കണ്ടു പിടിച്ചാലോയെന്നു കരുതി തുണിതന്നെ വേണ്ടെന്നു വെച്ചു. പഴയ സ്വാതന്ത്ര്യത്തോടെ തന്നെ ആ ദിനങ്ങളിലും പേരയിലും ചാമ്പയിലും കയറിയിറങ്ങി. തൂമ്പയെടുത്ത് തടമെടുത്ത് പയർ വിത്തു നട്ടു, വെള്ളമൊഴിച്ച് മുളയ്ക്കുന്നതും നോക്കി കാത്തിരുന്നു. ആറേഴു ദിവസമായിട്ടും വിത്തിന് മുളപൊട്ടിയില്ല... വിത്തിന്റെ ഗുണമേന്മക്കുറവോ, മണ്ണിൽ വീണ വിത്ത് ഉറുമ്പ് തിന്നതോ, അതോ ഇനി അമ്മ പറഞ്ഞതുപോലെ ആർത്തവമായിട്ടോ..! ഇപ്പോഴും ഞാൻ ഓർക്കാറുണ്ട് ആ വിത്തുകളന്താ കിളിർക്കാതെ പോയതെന്ന്...

 

ആദ്യ ആർത്തവം കഴിഞ്ഞു വർഷങ്ങൾ ഒന്നുരണ്ടു കഴിഞ്ഞിട്ടും അടുത്ത ‘ചുവന്ന ദിനങ്ങൾ’ എത്താത്തത് കുടുംബത്തിലെ ആബാലവൃന്ദം സ്ത്രീജനങ്ങളെയും ‌ടെൻഷനാക്കി. ഇനിയും വൈകിയാൽ പിടിച്ചപിടിയാലെ ഡോക്ടറെ കാണാൻ കൊണ്ടു പോകുമെന്ന് ഉറപ്പായതിന് അടുത്ത തവണ മുതൽ എന്റെ ആർത്തവ ദിനങ്ങളും കൃത്യമായി. അങ്ങനെയാണ് ഞാനൊരു പെൺകുട്ടിയായത്.

Content Summary: Stories of three women - women's day special

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com